ബാലരാമപുരം: ബാലരാമപുരത്ത് കൊട്ടിക്കലാശത്തിനിടെ കല്ലേറിലും വാക്കേറ്റത്തിലും രണ്ട് പേർക്ക് പരിക്ക്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ ഐത്തിയൂർ വാറുവിളാകത്ത് വീട്ടിൽ ആനന്ദകുമാർ (47), എൽ.ഡി.എഫ് പ്രവർത്തകൻ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. നാമജപയാത്രയ്ക്കിടെ പൊലീസുമായി നടന്ന ഉന്തിലും തള്ളിലും ബി.ജെ.പി പ്രവർത്തകർക്കെതിരെ ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നതിനാൽ കൊട്ടിക്കലാശത്തിൽ നിന്നു ബി.ജെ.പി വിട്ടുനിന്നു. ഇടറോഡുകളിൽ ബൈക്ക് റാലികൾ നടത്തിയായിരുന്നു പ്രവർത്തകർ പ്രചാരണം ആവേശകരമാക്കിയത്. വൈകിട്ട് 5 മണിയോടെ കോൺഗ്രസ് –സി.പി.എം പ്രവർത്തകർ ബാലരാമപുരം ജംഗ്ഷനിൽ കൊടികൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും കൊട്ടിക്കലാശം ആവേശഭരിതമാക്കി. ആറ് മണിയോടെ ഇരുകൂട്ടരും പിരിഞ്ഞ് പോകുന്നതിനിടെയാണ് വിഴിഞ്ഞം റോഡിലേക്ക് കല്ലേറുണ്ടായത്. സംഘർഷത്തിലേക്ക് നീങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിൻതിരിപ്പിച്ചു. ഇരുകൂട്ടരെയും പൊലീസ് ലാത്തിവീശി ഓടിച്ചു. പരിക്കേറ്റ ആനന്ദകുമാർ നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി. ആറ് മണിയോടെ പ്രചാരണം നിറുത്തി പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കൊടിതോരണങ്ങളും കമ്പുകളും വലിച്ചെറിഞ്ഞ് പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.