ദോഹ : ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം ഇന്ത്യയ്ക്ക് രണ്ട് വീതം വെള്ളി, വെങ്കല മെഡലുകളും റെക്കാഡിന്റെ തിളക്കവും പരിക്കിന്റെ സങ്കടവും.
വനിതകളുടെ ജാവലിൻ ത്രോയിൽ അന്നുറാണിയും പുരുഷ 3000 മീറ്ററിൽ അവിനാഷ് സാബ്ലെയുമാണ് വെള്ളി മെഡലുകൾ നേടിയത്. വനിതകളുടെ 5000 മീറ്ററിൽ പരുൾ ചൗധരിയും 400 മീറ്ററിൽ പൂവമ്മയും വെങ്കലം നേടി. 5000 മീറ്ററിൽ ഇന്ത്യയുടെ തന്നെ സഞ്ജീവനി യാദവ് പരുളിന് പിന്നിൽ നാലാമതായി.
വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ദ്യുതിചന്ദ് ദേശീയ റെക്കാഡ് തിരുത്തിയെഴുതി സെമിയിലേക്ക് കടന്നപ്പോൾ 400 മീറ്ററിന്റെ ആദ്യറൗണ്ട് മത്സരത്തിനിടെ മെഡൽ പ്രതീക്ഷയായിരുന്ന ഹിമദാസ് നടുവിന് പരിക്കേറ്റ് പിൻമാറിയതാണ് തിരിച്ചടിയായത്.
വനിതകളുടെ 400 മീറ്ററിൽ പൂവമ്മയും 800 മീറ്ററിൽ ഗോമതി മാരിമുത്തുവും ഫൈനലിലെത്തി.പുരുഷ 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസും 800 മീറ്ററിൽ ജിൻസൺ ജോൺസണും മുഹമ്മദ് അഫ്സലും ഫൈനലിലേക്ക് യോഗ്യത നേടി.
11.28 സെക്കൻഡ്
തന്റെതന്നെ പേരിലുണ്ടായിരുന്ന 11.29 സെക്കൻഡിന്റെ ദേശീയ റെക്കാഡ് 11.28 സെക്കൻഡായി തിരുത്തിയെഴുതുകയായിരുന്നു ദ്യുതി.
100 മീറ്ററിന്റെ ഹീറ്റ്സിൽ ഏറ്റവും മികച്ച സമയത്തിൽ ഫിനിഷ് ചെയ്തതും ദ്യുതിയാണ്. ഇതോടെ ഈയിനത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയേറി.
ഇന്നാണ് സെമിഫൈനലും ഫൈനലും.
കഴിഞ്ഞവർഷം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ദ്യുതി ചന്ദ് വെള്ളി നേടിയിരുന്നു.
1998 നുശേഷം 100 മീറ്ററിൽ ഇന്ത്യ ആദ്യമായി നേടിയ ഏഷ്യൻ ഗെയിംസ് മെഡലായിരുന്നു ഇത്.
ഹിമയുടെ നഷ്ടം
ദ്യുതിയുടെ റെക്കാഡ് തിളക്കത്തിലായിരുന്ന ഇന്ത്യൻ സംഘത്തെ ഞെട്ടിച്ചാണ് ഹിമദാസ് പരിക്കേറ്റ് ട്രാക്കിൽവീണത്. 400 മീറ്ററിന്റെ സെമിഫൈനലിൽ ഓടി പകുതിയെത്തിയപ്പോഴാണ് ഹിമയ്ക്ക് നടുവിലെ പേശിക്ക് പരിക്കേറ്റത്. തുടർന്ന് ഓട്ടം പൂർത്തിയാക്കാനാകാതെ സൈഡിലേക്ക് മാറി.
കഴിഞ്ഞവർഷം ലോക അണ്ടർ 20 ചമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം നേടി വിസ്മയം സൃഷ്ടിച്ചു. 19 കാരിയായ ഹിമദാസ് നിലവിലെ ദേശീയ റെക്കാഡിനുടമയാണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലാണ് ഹിമ റെക്കാഡ് കുറിച്ചത്. ഹിമയുടെ പരിക്ക് 400 മീറ്ററിൽ മാത്രമല്ല ഇന്ത്യയ്ക്കു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വനിതാ 4 x 400 മീറ്റർ റിലേയിലും മിക്സഡ് 4 x 400 മീറ്റർ റിലേയിലും ഹിമയിലാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകൾ.