കിളിമാനൂർ: ആറ്റിങ്ങൽ മണ്ഡലത്തിലെ കിളിമാനൂർ കാരേറ്റ് ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിനിടെയുണ്ടായ കല്ലേറിൽ പത്തോളം സി.പി.എം - ബി.ജെ.പി പ്രവർത്തകർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അടക്കമുള്ള പൊലീസുകാർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബി.ജെ.പി പ്രവർത്തകരായ വിഷ്ണു, ജയകുമാർ, ശ്യാം അടക്കം നാലു പേർക്കും, സി.പി.എം പ്രാദേശിക നേതാക്കളായ ബിജു, ബിനു, വിഷ്ണു, വത്സലകുമാർ, നാസിമുദീൻ, വിജേന്ദ്രകുമാർ എന്നിവർക്കുമാണ് പരിക്കേറ്റത്. വിവിധ ആശുപത്രികളിൽ ഇവരെ പ്രവേശിപ്പിച്ചു. കലാശക്കൊട്ടിന്റെ സമാപന സമയത്താണ് ഇരു വിഭാഗവും തമ്മിൽ കല്ലേറുണ്ടായത്. ടൗണിൽ കല്ലറ റോഡിൽ സമാധാനപരമായി നിന്ന തങ്ങൾക്ക് നേരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആദ്യം കല്ലെറിയുകയായിരുന്നുവെന്ന് ബി.ജെ.പി പ്രാദേശിക നേതൃത്വം പറയുന്നു. അതേസമയം ബി.ജെ.പി പ്രവർത്തകരാണ് ആദ്യം കല്ലേറ് നടത്തിയതെന്ന് സി.പി.എം പ്രവർത്തകരും ആരോപിക്കുന്നു. എസ്.ഐക്കടക്കം പൊലീസുകാർക്കും കല്ലേറിൽ പരിക്കുപറ്റി. ഇരു പാർട്ടിക്കാരും കിളിമാനൂർ പൊലീസിൽ പരാതി നൽകി.