4

വിഴിഞ്ഞം: വിവാഹമുഹൂർത്തം നല്ലസമയത്തായിരുന്നില്ലെന്ന വിശ്വാസത്തിൽ ഉക്രൈൻ സ്വദേശികളായ ക്രിസ്ത്യൻ ദമ്പതികൾ ആഴിമല ശിവക്ഷേത്ര സന്നിധിയിൽ വീണ്ടും വിവാഹിതരായി. അലക്സി (34) - ഡയാന (28) ദമ്പതികളാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം പുളിങ്കുടി ആഴിമല ശിവക്ഷേത്രസന്നിധിയിൽ വീണ്ടും മിന്നുകെട്ടിയത്. എട്ട് വർഷം മുൻപ് ഉക്രൈനിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. തുടർന്നുള്ള ജീവിതം പച്ച പിടിച്ചിരുന്നില്ല. ഹിന്ദുമത വിശ്വാസത്തിൽ ആകൃഷ്ടയായ ഡയാന ജ്യോത്സ്യനെ കണ്ടപ്പോൾ വിവാഹ മുഹൂർത്തം നന്നല്ലെന്നും പരിഹാരമായി ഏതെങ്കിലും ക്ഷേത്രസന്നിധിയിൽ വച്ച് വീണ്ടും വിവാഹിതരാകാനും നിർദ്ദേശിച്ചു. ഹിന്ദു മതത്തെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചുമൊക്കെ കേട്ടും വായിച്ചുമുള്ള അറിവിനെ തുടർന്നാണ് കടുത്ത ഹിന്ദു മതവിശ്വാസിയായി ഡയാന മാറിയതും ജ്യോതിഷ ചിന്തകളിലേക്ക് കടന്നതും. അങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ വച്ച് വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചത്. ഇന്റർനെറ്റ് മുഖേനയുള്ള അന്വേഷണത്തിൽ ആഴിമല ശിവക്ഷേത്രമാണ് തിരഞ്ഞെടുത്തത്. ഏറെ ഇഷ്ടപ്പെടുന്ന കടലിന്റെ തീരത്തെ ആഴിമല ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിയുടെ കാർമികത്വത്തിൽ പരസ്പരം ചുവന്ന റോസാഹാരങ്ങൾ ചാർത്തി, നെറുകയിൽ സിന്ദൂരമിട്ട് താലികെട്ടി. ഈ അപൂർവ വിവാഹ ചടങ്ങിന് ക്ഷേത്രത്തിലെത്തിയ ഭക്തരും അലക്സിയുടെ സഹോദരിമാരും സാക്ഷികളായി. വിവാഹ ശേഷം നേരെ കടൽതീരത്തേക്ക് പോയ ഇവർ ജ്യോത്സ്യൻ നിർദ്ദേശിച്ചിരുന്നതനുസരിച്ച് പരസ്പരം ചാർത്തിയ ഹാരങ്ങൾ കടലിൽ നിക്ഷേപിച്ചു. സുഹൃത്തുക്കൾക്ക് കോവളത്തെ ഹോട്ടലിൽ വിവാഹ സൽക്കാരവും നടത്തി. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ഏഴു വയസുകാരി ബഷേനയും ഒരു വയസുകാരി സെലേമയും. ദമ്പതികളുടെ 'രണ്ടാം വിവാഹ'ത്തിന് മക്കളെ കൊണ്ടു വന്നില്ല. കമ്പ്യൂട്ടർ അദ്ധ്യാപകനായ അലക്സി ഓൺ‌ലൈൻ ബിസിനസും നടത്തുകയാണ്. ഡയാന ബിസിനസ് പങ്കാളിയാണ്. ഡയാന രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്. അലക്സി ആദ്യതവണയും. ഇപ്പോഴത്തെ വരവ് വിവാഹത്തിനു വേണ്ടി മാത്രമാണെന്ന് ഇവർ പറയുന്നു. അടുത്ത ഫെബ്രുവരിയിൽ മക്കളുമായി വീണ്ടുമെത്തുമെന്നും രണ്ടാം ഹണിമൂണിനായി ഇപ്പോൾ ദുബായിലേക്ക് പോകുകയാണെന്നും അലക്സി പറഞ്ഞു. ട്രാവൽ ഏജന്റായ ഹരിയാണ് ക്ഷേത്രത്തിൽ വച്ച് ദമ്പതിമാർക്ക് വിവാഹത്തിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയത്