red-17

അത്ഭുത ഭാവത്തിൽ, കണ്ണിൽ ഒരു ചലനം പോലുമില്ലാതെ സൂസനെ നോക്കി നിന്നു ചന്ദ്രകല!

എന്തൊരു സൗന്ദര്യം?

സീരിയലിൽ കാണുന്നതിനേക്കാൾ സുന്ദരി.

സൂസനും, ചന്ദ്രകലയെ കണ്ടു.

ചുവന്ന ചുണ്ടുകൾ പിളർത്തി അവൾ ഒന്നു ചിരിച്ചു. വെളുത്ത പെയിന്റ് പൂശിയതു പോലെ തോന്നുന്ന പല്ലുകൾ..

പിന്നെ സൂസൻ കൈ ഉയർത്തി ചന്ദ്രകലയെ അഭിവാദ്യം ചെയ്തു.

അവളും യാന്ത്രികമായി കൈ ഉയർത്തി.

അടിവച്ചടിവച്ച് സൂസൻ വരാന്തയിൽ എത്തി. കൈ നീട്ടി ചന്ദ്രകലയുടെ കരതലം കവർന്നു.

നല്ല തണുപ്പുള്ള, മുല്ലപ്പൂവിന്റെ മാർദ്ദവം തോന്നിക്കുന്ന കൈപ്പത്തി.

അറിയാതെ ചന്ദ്രകലയുടെ ശരീരത്തിലൂടെ ഒരു കുളിർ പാഞ്ഞു.

''ചന്ദ്രകല?" സൂസൻ തിരക്കി.

''അതെ." ചന്ദ്രകല തലയാട്ടി.

സൂസൻ തിരിഞ്ഞ് തന്റെ ആയയെ നോക്കി.

''കാറിൽ നിന്ന് എന്റെ സാധനങ്ങൾ ഇറക്കാൻ ഡ്രൈവറോടു പറ."

''ശരി മേഡം." ആയ തിരിഞ്ഞു.

''വാ..."

ചന്ദ്രകല, സൂസനെ വിളിച്ചുകൊണ്ട് അകത്തേക്കു നടന്നു.

എട്ടുകെട്ടിലെ ചിത്രത്തൂണുകൾ നിറഞ്ഞ നീളൻ വരാന്തകളും നടുമുറ്റവുമൊക്കെ ആശ്ചര്യത്തോടെ നോക്കി സൂസൻ.

അവൾക്കായി കോവിലകത്തിന്റെ ഏറ്റവും നല്ല ഒരു മുറിയായിരുന്നു ചന്ദ്രകല ക്രമീകരിച്ചിരുന്നത്.

ചന്ദ്രകല തന്നെ മുറിയുടെ ജനാലകൾ തുറന്നിട്ടു. തണുത്ത കാറ്റും വെളിച്ചവും അകത്തേക്കു വന്നു.

''എന്തു രസം?" സൂസൻ മന്ത്രിച്ചു.

ഡ്രൈവർ അവളുടെ പെട്ടികൾ കൊണ്ടുവന്ന് മുറിയിൽ വച്ചിട്ട് പോയി.

ആയ പുറത്തെ വരാന്തയിൽ കാഴ്ചകൾ കണ്ടുനിന്നു.

സൂസൻ കട്ടിലിൽ ഇരുന്നു.

ചന്ദ്രകലയെ അടുത്ത് പിടിച്ചിരുത്തി.

''സുന്ദരിയാണല്ലോ കല?"

ആ പ്രശംസ ചന്ദ്രകലയ്ക്ക് ഏറെ ഇഷ്ടമായി.

സൂസൻ തുടർന്നു തിരക്കി:

''കലയ്ക്ക് സീരിയലിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ?"

ചന്ദ്രകല പൂത്തുലഞ്ഞു. അവളുടെ മുഖഭാവത്തിൽ നിന്നുതന്നെ സൂസൻ കാര്യം ഗ്രഹിച്ചു.

''പുതിയതായി തുടങ്ങാൻ പോകുന്ന സീരിയലിൽ താൽപ്പര്യമുണ്ടെങ്കിൽ കലയ്ക്ക് അഭിനയിക്കാം. ഉപ നായികയായിട്ട്..."

ചന്ദ്രകലയുടെ കണ്ണുകൾ വെട്ടിത്തിളങ്ങി.

''ഞാൻ പ്രജീഷുമായി ഒന്നു സംസാരിക്കട്ടെ..."

അല്പനേരം കൊണ്ട് ഇരുവരും തമ്മിൽ അടുത്തു.

''എവിടെ നമ്മുടെ കക്ഷി. പാഞ്ചാലി?" സൂസൻ ചോദിച്ചു.

''വാ. കാട്ടിത്തരാം..."

ചന്ദ്രകല, സൂസനെയും കൂട്ടി പുറത്തിറങ്ങി. ''പക്ഷേ എന്നെ കണ്ടാൽ അവൾ..."

സൂസൻ ഒന്നു മൂളി.

''എനിക്ക് മുറി കാട്ടിത്തന്നാൽ മതി. ബാക്കിയൊക്കെ ഞാൻ ഹാൻഡിൽ ചെയ്തോളാം."

ചന്ദ്രകല, പാഞ്ചാലിയുടെ മുറി കാണിച്ചുകൊടുത്തു. സൂസൻ അങ്ങോട്ടു പോയി.

വാതിലിൽ മുട്ടുന്നതു കേട്ടപ്പോൾ അകത്ത് പാഞ്ചാലിയുടെ മുഖം ചുവന്നു.

കോപത്തോടെ അവൾ വന്ന് വാതിൽ തുറന്നു. ഒപ്പം ശബ്ദമുയർത്തി.

''നിങ്ങളെ എനിക്കു കാണണ്ടാ. എന്റെ മുന്നിൽ വന്നുപോകരുത്."

പറഞ്ഞിട്ട് അവൾ നോക്കുന്നത് സൂസന്റെ മുഖത്തേക്ക്.

പെട്ടെന്ന് ശിലയായതു പോലെ അവൾ നിന്നു.

ടിവി കാണാൻ മമ്മി സമ്മതിക്കില്ലെങ്കിലും ഇടയ്ക്ക് എപ്പോഴൊക്കെയോ അവൾ സൂസനെ കണ്ടിട്ടുണ്ട്.

''മോളേ..." സൂസൻ ആർദ്രത ഭാവിച്ചു വിളിച്ചു.

പാഞ്ചാലി പിടഞ്ഞുണർന്നു.

''എന്നെ അറിയുമോ?"

അവൾ പാഞ്ചാലിയുടെ തോളിൽ കൈവച്ചു.

പാഞ്ചാലി മൂളുക മാത്രം ചെയ്തു.

അവളടെ മുഖത്തേക്കു നോക്കിയ സൂസന്റെ നെറ്റിചുളിഞ്ഞു.

മുറിവും ഉണങ്ങിപ്പറ്റിയ ചോരയും!

''ഇതെന്തു പറ്റിയതാ?" ഒന്നും അറിയാത്തതു പോലെയായിരുന്നു സൂസന്റെ ചോദ്യം.

''അത്... മമ്മി...." ഒറ്റ കരച്ചിലായിരുന്നു പാഞ്ചാലി.

''ഏയ്... കരയാതെ...." അവളെ ചേർത്തു പിടിച്ചുകൊണ്ട് സൂസൻ അകത്തു കയറി.

എല്ലാം അറിയാമായിരുന്നെങ്കിലും ഒക്കെ ചോദിച്ചറിഞ്ഞു.

പിന്നെ പറഞ്ഞു.

''ഈ മുറിവ് ഇങ്ങനെ വച്ചുകൊണ്ടിരിക്കുന്നതു ശരിയല്ല. നമുക്ക് ഹോസ്പിറ്റലിൽ പോകാം."

പാഞ്ചാലി മിണ്ടിയില്ല.

ആശുപത്രിയിൽ പോകണമെന്ന് അവൾക്കും ആഗ്രഹമുണ്ട്.

''മോള് വേഷം മാറ്. ആന്റി ഇപ്പം വരാം. ഇനി കുറേക്കാലം ആന്റി ഇവിടുണ്ടാവും. മോടെ കാര്യങ്ങളൊക്കെ ആന്റി നോക്കിക്കോളാം...."

പാഞ്ചാലിക്ക് ഒന്നും മനസ്സിലായില്ല. തന്റെ കാര്യങ്ങൾ ഇവരെന്തിനാണ് നോക്കുന്നത്?

സൂസൻ, ചന്ദ്രകലയുടെ അടുത്ത് മടങ്ങിയെത്തി.

''കലയ്ക്ക് അറിയാമല്ലോ... മക്കളെ പീഡിപ്പിക്കുകയും അതിന് കൂട്ടുനിൽക്കുന്ന അമ്മമാരുമാ ഇപ്പോൾ കൂടുതൽ ജയിലിൽ ആയിക്കൊണ്ടിരിക്കുന്നത്. പാഞ്ചാലിയുടെ ഈ അവസ്ഥ പുറം ലോകം അറിഞ്ഞാൽ ജയിലിലാകും. മൂന്നു തരം."

അതുകേട്ട് ഭയന്നു പോയി ചന്ദ്രകല!

(തുടരും)