''ഞാൻ... ഞാൻ എന്തു ചെയ്യണം സൂസൻ?"
അല്പനേരത്തെ മൗനത്തിനു ശേഷം ചന്ദ്രകല തിരക്കി.
''തൽക്കാലം ഒന്നും ചെയ്യണ്ടാ. ഞാൻ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം. അവിടെ എന്തെങ്കിലും കള്ളം പറഞ്ഞോളാം. പിന്നെ ഇനിയാണെങ്കിലും കല മറന്നുകൂടാത്ത ഒരു കാര്യമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ മാതാപിതാക്കളായാലും അതിരുവിട്ട് ശിക്ഷിച്ചാൽ ചോദ്യം ചെയ്യാൻ ഇവിടെ ചൈൽഡ് ലൈനും പോലീസും ഒക്കെയുണ്ട്. പ്രത്യേകിച്ച് നമുക്ക് ഒരു വിദൂര ശത്രുവാണെങ്കിൽ പോലും, അതുണ്ടെങ്കിൽ ഭയപ്പെടണം."
നിസ്സഹായതയോടെ ചന്ദ്രകല തലയാട്ടി.
സൂസൻ, പാഞ്ചാലിയുടെ അരുകിൽ മടങ്ങിയെത്തുമ്പോൾ അവൾ വേഷം മാറിയിരുന്നു. സൂസന്റെ കാറിൽത്തന്നെ ആയിരുന്നു യാത്ര....
നിലമ്പൂരിനുള്ള വഴിക്കുവച്ച് സൂസൻ ഓർമ്മപ്പെടുത്തി:
''മോളേ പാഞ്ചാലീ... ഡോക്ടറന്മാർ തിരിച്ചും മറിച്ചും ഓരോന്ന് ചോദിച്ചെന്നിരിക്കും. യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന് അവരോടു പറയരുത്."
പാഞ്ചാലി ദയനീയമായി അവളെ നോക്കി.
കാറിന്റെ പിൻസീറ്റിൽ ആയിരുന്നു ഇരുവരും.
സൂസൻ മെല്ലെ പാഞ്ചാലിയുടെ ശിരസ്സു പിടിച്ച് തന്റെ തോളിലേക്കുചാരി. ശേഷം അവളെ ചേർത്തുപിടിച്ചു.
''മോള് സംഭവിച്ചത് എന്തെന്ന് അവിടെ പറഞ്ഞാൽ അവർ, പോലീസിൽ വിവരമറിയിക്കും. പോലീസ് വരും. ഇത് പിന്നെ പത്രത്തിലും ടിവിയിലുമൊക്കെ വാർത്തയാകും. ആകെ നാണക്കേടാവും. പുറത്തിറങ്ങാനോ ആരുടെയും മുഖത്തു നോക്കാനോ കഴിയാതെ വരും..."
പാഞ്ചാലിയുടെ കണ്ണുകൾ നിറഞ്ഞുതൂവി. തന്റെ തോളിൽ നനവ് അനുഭവപ്പെട്ടു സൂസന്.
അവൾ തുടർന്നു?
''ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാവാതിരിക്കാൻ ആന്റി നോക്കിക്കോളാം..."
''ഞാൻ.... ഞാൻ പിന്നെ എന്തു പറയണം ആശുപത്രിയിൽ?"
മന്ത്രണം പോലെ വിതുമ്പലിനിടയിൽ പാഞ്ചാലിയുടെ ചോദ്യം.
സൂസൻ അല്പനേരം ചിന്തിച്ചു. തുടർന്ന് അറിയിച്ചു.
''അടുക്കളയിലെ തറയിൽ വെള്ളം വീണു കിടപ്പുണ്ടായിരുന്നു. മോള് അതു കണ്ടില്ല. അതിൽ ചവുട്ടി കാൽ തെന്നിപ്പോയി. നെറ്റി ചെന്നിടിച്ചത് കട്ടിളപ്പടിയിൽ. അങ്ങനെയേ പറയാവൂ."
പാഞ്ചാലി സമ്മതിച്ചു.
നിലമ്പൂർ, പി.ജി. ഹോസ്പിറ്റലിൽ അവർ എത്തി.
സൂസനെ നേരിൽ കണ്ടതോടെ ഹോസ്പിറ്റൽ ജീവനക്കാർ എല്ലാ കാര്യവും വളരെ വേഗത്തിൽ നീക്കി.
സൂസൻ പറഞ്ഞതുപോലെ പാഞ്ചാലി ഹോസ്പിറ്റലിൽ പറയുകയും ചെയ്തു.
അവളുടെ നെറ്റിയിൽ മൂന്ന് സ്റ്റിച്ചുകൾ വേണ്ടിവന്നു.
തുടർന്ന് അല്പനേരം റസ്റ്റ് ചെയ്തശേഷം ഇരുവരും ഹോസ്പിറ്റലിൽ നിന്നിറങ്ങി.
പിന്നെ ഇന്നോവ ചെന്നു നിന്നത് 'റോസ് ഇന്റർനാഷണൽ" ഹോട്ടലിലാണ്.
പ്രൈവറ്റ് ക്യാബിനിലേക്ക് ജീവനക്കാർ അവരെ കൂട്ടിക്കൊണ്ടുപോയി.
എല്ലായിടത്തും സൂസനു കിട്ടുന്ന ആദരവ് പാഞ്ചാലിയെ അത്ഭുതപ്പെടുത്തി.
''മോൾക്ക് എന്താ വേണ്ടത്?"
സൂസൻ, പാഞ്ചാലിയോടു തിരക്കി.
''എന്തായാലും മതി." അവൾ ഒരു വിസ്മയലോകത്താണ്.
സൂസൻ ഗോതമ്പ് തന്തൂരി പൊറോട്ടയ്ക്കും മട്ടൻ റോസ്റ്റിനും ഓർഡർ നൽകി.
''ആന്റി എന്തിനാ ഈ നാട്ടിൽ വന്നത്?"
പാഞ്ചാലി തിരക്കി:
''പുതിയ സീരിയലിന്റെ ഷൂട്ടിന്. ഇനി കുറേക്കാലം ഇവിടെയുണ്ടാവും. മോൾക്ക് ഷൂട്ടിംഗ് കാണണമെങ്കിൽ എന്നും ആന്റിയുടെ കൂടെ പോരാം..."
ആ അഭിപ്രായം പാഞ്ചാലിക്ക് ഇഷ്ടമായി. തറവാട്ടിലെ തടവറയിൽ നിന്ന് രക്ഷപ്പെടാമല്ലോ..
പക്ഷേ ന്യായമായ ചില സംശയങ്ങൾ അവളിൽ ബാക്കിയാണ്.
''മമ്മി സമ്മതിക്കുമോ?"
''ഞാൻ സമ്മതിപ്പിക്കും."
''ആന്റി ഞങ്ങടെ തറവാട്ടിലേക്കുതന്നെ വരാൻ കാരണമെന്താ?"
ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നതാണ് സൂസൻ. അതുകൊണ്ട് മറുപടിയും കരുതിയിരുന്നു.
''ഞാൻ മോടെ പപ്പേടെ അകന്ന ബന്ധത്തിൽപ്പെട്ട ആളാണ്. എന്റെ അമ്മ ഒരു ക്രിസ്ത്യനെ വിവാഹം ചെയ്തതിനാൽ തറവാടുമായുള്ള ബന്ധം മുറിയുകയായിരുന്നു... വടക്കേ കോവിലകത്ത് ഒരു ദിവസമെങ്കിലും താമസിക്കണമെന്നുള്ളത് എന്റെ എക്കാലത്തെയും ആഗ്രഹവുമായിരുന്നു..."
ആ മറുപടിയിൽ പാഞ്ചാലി തൃപ്തയായി.
ഭക്ഷണം വന്നു.
അത് കഴിച്ചിട്ട് അവർ നേരെ പോയത് 'മഹാറാണി സിൽക്‌സി'ലേക്കാണ്.
പാഞ്ചാലിക്ക് ഇഷ്ടപ്പെട്ട രണ്ട് ജോഡി ചുരിദാറുകൾ എടുത്തു.
ഐസ്‌ക്രീം പാർലറിൽ കയറി ഐസ്‌ക്രീം കഴിച്ചു.
പാഞ്ചാലിയുടെ മനസ്സിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു സൂസൻ.
''ഇനി എന്തെങ്കിലും വേണോ മോൾക്ക്? ആന്റിയോട് തുറന്നു പറയാം."
''വേണ്ട." പാഞ്ചാലി കണ്ണടച്ചു. ഇരുവരും വീണ്ടും ഇന്നോവയിൽ കയറി.
തറവാട്ടിൽ എത്തുമ്പോൾ, വരാന്തയിൽ ഉണ്ടായിരുന്ന ചന്ദ്രകല വേഗം ഉൾവലിഞ്ഞു.
പാഞ്ചാലിയും സൂസനും കാറിൽ നിന്ന് ഇറങ്ങാൻ ഭാവിച്ചതും പിന്നിൽ ചില വാഹനങ്ങൾ ബ്രേക്കിട്ടു, ഒരു കാറും പോലീസ് ജീപ്പും!
(തുടരും)