harette

കിളിമാനൂർ: കാരേറ്റിന്റെ കഥയാകെ മാറുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഗതാഗതക്കുരുക്കും, വെള്ളക്കെട്ടുമൊക്കെയായി കഴിഞ്ഞിരുന്ന കാരേറ്റിന്റെ കഥന കഥ " ദുരിതം പേറുന്ന കാരേറ്റ് " എന്ന തലക്കെട്ടിൽ ഇക്കഴിഞ്ഞ ജൂലൈ 17ന് കേരള കൗമുദി പ്രസിദ്ധികരിച്ചിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് പി.ഡബ്ലു.ഡി അസിസ്റ്റന്റ് എൻജിനീയർ, വാട്ടർ അതോറിട്ടി എൻജിനിയർ, കെ.എസ്.ഇ.ബി എന്നിവരുടെ നേതൃത്വത്തിൽ യോഗം കൂടുകയും കാരേറ്റിന്റെ നവീകരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആറ് മാസത്തിനുള്ളിൽ പണി പൂർത്തികരിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകി. സംസ്ഥാന പാതയിൽ തിരുവനന്തപുരത്തിനും കാരേറ്റിനും ഇടയിലെ പ്രധാന ജംഗ്ഷനാണ് കാരേറ്റ്.
കാരേറ്റ് - പൊൻമുടി റോഡിന്റെ ആധുനിക നിലവാരത്തിലുള്ള റോഡിന്റെ പണി കൂടി കഴിയുന്നതോടെ കാരേറ്റ് ജില്ലയിലെ പ്രധാന ജംഗ്ഷൻ ആയി മാറും.

നാല് റോഡുകൾ സന്ധിക്കുന്ന ഇവിടം റോഡിന് വീതി കുറവും, ഓടകൾ ഇല്ലാത്തതും, തെരുവ് വിളക്കുകൾ കത്താതെയും, നടപ്പാതയില്ലാതെയുമൊക്കെയായി ദുരിതം അനുഭവിക്കുകയായിരുന്നു. മഴക്കാലമായാൽ റോഡിൽ വെള്ളക്കെട്ടു കാരണം കാൽ നടയാത്രക്കാർക്കു പോലും നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ ബസ് കാത്ത് നിൽക്കുന്നവരുടെ ദേഹത്തും, സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ മലിന ജലം പതിക്കുന്നതും പതിവായിരുന്നു.