1

പൂവാർ: മത്സ്യത്തൊഴിലാലികളുടെ കുടുംബങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രവർത്തികൾ സുഗമമാക്കുന്നതിനും വേണ്ടി ആരംഭിച്ച പൂവാറിലെ മത്സ്യ ഗ്രാമം പരിമിതിയിൽ ബുദ്ധിമുട്ടുകയാണ്. മത്സ്യഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന മത്സ്യഫെഡ്, ക്ഷേമനിധി ബോർഡ്, ഫിഷറീസ് ഓഫീസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഒരേ ഓഫീസിൽ തന്നെയാണ് നടക്കുന്നത്. ഇവിടെയാകട്ടെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് ദിനവും വന്നുപോകുന്നത്. എന്നാൽ ഓഫീസ് ജീവനക്കാർക്ക് പോലും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഒരു സൗകര്യവും ഇവിടെയില്ല. ഇവിടെ ജോലിചെയ്യുന്നതിൽ കൂടുതലും സ്ത്രീകളായതിനാൽ ടൊയ്ലറ്റുകളുടെ ഇവിടുത്തെ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ആകെയുള്ള ടെയ്ലറ്റിൽ വെള്ളം ഇല്ലാത്തതിനാൽ പൂട്ടിയിട്ടിട്ട് മാസങ്ങളായി. ഒപ്പം ഓഫീസിനുള്ളിലെ സ്ഥലപരിമിധി ഓഫീസ് പ്രവർത്തനങ്ങളെ വീർപ്പുമുട്ടിക്കുന്നുണ്ട്. പ്രധാനമായും ക്ഷേമനിധി ഓഫീസ് പ്രവർത്തനമേഖല കൊല്ലംകോട് മുതൽ കൊച്ചുതുറ വരെയാണ്‌. അതായത് പൊഴിയൂർ, പൂവാർ മത്സ്യ ഗ്രാമങ്ങൾ ചേർന്ന ഫിഷറീസ് വില്ലേജ്. ക്ഷേമനിധി അംശാദായം അടയ്ക്കുന്നതിനും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനും ദിവസവും മത്സ്യതൊഴിലാളികൾ ഇവിടേയ്ക്ക് വന്നു പോവുകയാണ്. രാവിലെ എത്തിയാൽ തിരക്കു കാരണം ചിലപ്പോൾ വൈകുന്നേരമാകും മടങ്ങി പോകാൻ. മത്സ്യഭവൻ ഓഫീസിൽ മഴക്കാലത്ത് ചോർച്ചയുണ്ട്. പലപ്പോഴും ഫയലുകൾ മഴവെള്ളത്തിൽ നനഞ്ഞ് കുതിരാറുണ്ടെന്നാണ് ജീവനക്കാരുടെ പരാതി. പരിമിതികൾ നിറഞ്ഞ ഓഫീസിൽ പ്രവർത്തിക്കാൻ പാടുപെടുകയാണ് ഇവിടുത്തെ ജീവനക്കാരും മറ്റ് നാട്ടുകാരും.

1986-ൽ മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് നിലവിൽ വന്നതോടുകൂടിയാണ് തീരദേശ മേഖലയിൽ മത്സ്യഭവനുകൾ പ്രവർത്തനമാരംഭിച്ചത്.അത്തരത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ മത്സ്യഭവനാണ് പൂവാറിലേത്. തുടക്കം വാടക കെട്ടിടങ്ങളിലായിരുന്നുവെങ്കിലും പൂവാർ പള്ളി ഇടവക സൗജന്യമായി പഞ്ചായത്തിന് കൈമാറിയ സ്ഥലത്ത് 2005 മുതൽക്കാണ് ഇന്നു കാണുന്ന കെട്ടിടം പ്രവർത്തനമാരംഭിച്ചത്. കെട്ടിടത്തിന്റെ മുകൾഭാഗം ഉപയോഗശൂന്യമായി കിടക്കുകയാണ്‌.

മണ്ണെണ്ണയുടെ പെർമിറ്റ്, മത്സ്യ തൊഴിലാളി ഇൻഷ്വറൻസ്, വെക്തിഗത ലോൺ, ഗ്രൂപ്പ് ലോൺ, വ്യാപാര ലോൺ തുടങ്ങിയവ മത്സ്യഫെഡ് വഴിയാണ് നൽകുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പൂവാർ മത്സ്യ ഗ്രാമത്തിൽ രണ്ട് മോൾട്ടിവേറ്റർമാരാണ് ഈ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.

ജില്ലയിൽ ആകെ 7 ക്ലസ്റ്ററുകളാണുള്ളത്. 15 മേൾട്ടിവേറ്റർമാരും. പൊഴിയൂർ മുതൽ കരുംകുളം വരെയാണ് പൂവാറിലെ മോർട്ടിവേറ്റർമാരുടെ പ്രവർത്തന മണ്ഡലം. ഇതിനെല്ലാം പുറമെയാണ് മത്സ്യഭവന്റ കീഴിൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.ദുരന്ത - ദുരിതബാധിതർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റാനും അവരുടെ വിദ്യാഭ്യാസ ഗ്രാന്റുകളും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നതിന്നും പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനുമായും ധാരാളം ആൾക്കാർ എത്താറുണ്ട്.