തിരുവനന്തപുരം : രാജ്യത്തിന്റെ ഭാവി അടുത്ത അഞ്ചു വർഷം എങ്ങനെയാകണമെന്ന് നമ്മൾ തീരുമാനിക്കുന്ന സുദിനത്തിൽ തലസ്ഥാനവും ആവേശത്തിലാണ്. ലോകത്തെ വലിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനുള്ള ഒരുക്കങ്ങളും പൂർത്തിയായി. കൊട്ടിക്കലാശത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസും കനത്ത ജാഗ്രതയിലാണ്. എല്ലാ ബൂത്തുകളിലും പഴുതടച്ച സുരക്ഷയാണ്. കേന്ദ്രസേനയും പൊലീസും തമിഴ്‌നാട് പൊലീസും സുരക്ഷയ്‌ക്കുണ്ട്. പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ ട്രയൽ വോട്ടുകൾ ചെയ്‌തശേഷം രാവിലെ ഏഴിന് വോട്ടെടുപ്പാരംഭിക്കും. വൈകിട്ട് ആറുവരെയാണ് പോളിംഗ് സമയമെങ്കിലും വരിയിലുള്ള അവസാനത്തെ ആളിനും വോട്ട് ചെയ്യാം. വൈകിട്ട് ആറിന് വരിനിൽക്കുന്ന വോട്ടർമാർക്ക് സ്ലിപ്പ് നൽകും. ഇവർ വോട്ട് ചെയ്‌ത ശേഷമേ പോളിംഗ് അവസാനിപ്പിക്കൂ. വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയാലും കുറഞ്ഞസമയം കൊണ്ട് തകരാർ പരിഹരിക്കും. ഇതിനായി ഹൈദരാബാദിലെ ഇലക്ടോണിക്‌സ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ എൻജിനിയർമാർ തലസ്ഥാനത്തുണ്ട്. കടുത്ത തകരാറുള്ള വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം നൽകാൻ യന്ത്രങ്ങളുമുണ്ട്. ബൂത്തുകളെ വൾണറബിൾ, ക്രിട്ടിക്കൽ, സെൻസിറ്റീവ് എന്നിങ്ങനെ തരം തിരിച്ച്, മൈക്രോ ഒബ്‌സർവർമാർ, വീഡിയോ റെക്കാഡിംഗ്, മൊബൈൽ സ്‌ക്വാഡുകളുടെ നിരീക്ഷണം എന്നിവ സജമാക്കിയിട്ടുണ്ട്. ജില്ലയിൽ 97 അതീവ പ്രശ്‌നബാധിത ബൂത്തുകളും 738 പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. 132 പോളിംഗ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിംഗും 129 ഇടത്ത് മൈക്രോ ഒബ്‌സർവർമാരെയും നിയോഗിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും സ്വകാര്യവാഹനങ്ങൾ പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ട്.
വോട്ടിന് പണം കുറ്റകരം
പണമോ മറ്റ് ഉപഹാരങ്ങളോ വോട്ടിനായി നൽകുന്നതും വാങ്ങുന്നതും ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമ്മതിദായകരെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്‌താൽ പൊലീസ് കേസാവും.
വോട്ടുറപ്പിക്കാം, ഏഴ് സെക്കൻഡിൽ
വോട്ടുചെയ്‌തശേഷം ബാലറ്റ് യൂണിറ്റിനു സമീപത്തെ വിവിപാറ്റ് യന്ത്രത്തിന്റെ പ്രിന്ററിന്റെ ചില്ലിനുള്ളിലൂടെ വോട്ടു ചെയ്‌ത സ്ഥാനാർത്ഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അച്ചടിച്ച സ്ലിപ്പ് കാണാം. വോട്ടർക്ക് ഇതുനോക്കി തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കൻഡ് നൽകും. തുടർന്ന് സ്ലിപ്പ് മുറിഞ്ഞു വിപിപാറ്റ് യന്ത്രത്തോടു ചേർന്ന പെട്ടിയിൽവീഴും. സ്ലിപ് കൈയിലെടുക്കാനോ വീട്ടിലേക്കു കൊണ്ടുപോകാനോ കഴിയില്ല.
'വോട്ടെടുപ്പ് കേന്ദ്രങ്ങളിലും പ്രശ്‌നബാധിത പ്രദേശങ്ങളിലും കർശന സുരക്ഷയുണ്ടാകും. നഗരത്തിലെ 77 പ്രശ്‌നബാധിത സ്ഥലങ്ങളിലും, വോട്ടെടുപ്പ് കേന്ദ്രങ്ങളിലും 24 മണിക്കൂറും കാമറാ നിരീക്ഷണമുണ്ടാവും".
സഞ്ജയ് കുമാർ ഗുരുദിൻ,
സിറ്റി പൊലീസ് കമ്മിഷണർ
'വോട്ട് രേഖപ്പെടുത്താൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമായതിനാൽ ഇരട്ട വോട്ട് നടപ്പില്ല. ഇരട്ട വോട്ടിന് ശ്രമിച്ചാൽ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി".
ഡോ. കെ. വാസുകി,
ജില്ലാ കളക്ടർ