kallada-bus

തിരുവനന്തപുരം: ബംഗളൂരുവിലേക്കുള്ള 'കല്ലട" ബസിൽ യാത്രക്കാരെ ജീവനക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിലും രോഷം പുകയുന്നു. യാത്രക്കാരെ മർദ്ദിക്കുന്ന വീഡിയോയും വാർത്തയും പുറത്തു വന്നതോടെ, കല്ലട ബസിൽ മുമ്പുണ്ടായ ദുരനുഭവം യൂണിവേഴ്സിറ്റി കോളേജ് അദ്ധ്യാപികയായ മായാ മാധവൻ ഫേസ് ബുക്കിലൂടെ പങ്കുവച്ചു.

കുറിപ്പ് ഇങ്ങനെ

അതിഭീകരമായിരുന്നു ആ അനുഭവം. രാത്രി 11ന് ചെന്നൈയിൽ നിന്ന് എത്തിച്ചേരേണ്ട വണ്ടി കാത്താണ് തമിഴ്നാട്ടിലെ ഉൾഗ്രാമത്തിൽ കല്ലടയുടെ ഓഫീസിനു മുന്നിൽ മകൾക്കൊപ്പം നിന്നത്. ബസ് വരാതായപ്പോൾ 12ന് എത്തുമെന്ന് പറഞ്ഞ് ഞങ്ങളെ അവരുടെ ഓഫീസിൽ ഇരുത്തി. ഒരു മണി ആയപ്പോൾ ഓഫീസ് അടച്ച്, ഞങ്ങളെ ബസ് സ്റ്റോപ്പിൽ കൊണ്ട് നിറുത്തി സ്റ്റാഫ് മുങ്ങി. എന്നെയും മകൾ മാളുവിനെയും കൂടാതെ രണ്ട് മൂന്ന് പുരുഷന്മാരും ഉണ്ടായിരുന്നു.

ഒരു പരിചയവും ഇല്ലാത്തിടത്ത് ഇരുട്ടിൽ ഞങ്ങൾ വല്ലാതെ ഭയപ്പെട്ടു. മൂത്രമൊഴിക്കാൻ ആശ്രയിച്ചത് അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവാണ്. ആർത്തവാവസ്ഥയിൽ ഇത് എത്രത്തോളം ഭീകരം എന്ന് പറയണ്ടല്ലോ. കാളകൾ മേഞ്ഞു നടന്നിരുന്നു അവിടെ. കല്ലടയുടെ ഒരു മാനേജർ അവിടെ ഉണ്ടായിരുന്നു. പല പ്രാവശ്യം ഓഫീസ് തുറന്ന് അകത്തിരുത്താൻ പറഞ്ഞെങ്കിലും അയാൾ 'ബസ്,ദാ എത്തി' എന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. അവസാനം വെളുപ്പിന് അഞ്ച് മണിയോടടുത്ത് ബസ് വന്നു.

തീരെ താത്പര്യം ഇല്ലാതെയാണ് ബസ് ജീവനക്കാർ ഞങ്ങളെ കയറ്റിയത്. അവർക്ക് ഓടേണ്ട സമയം കഴിഞ്ഞു എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അന്നേരം മുതൽ അതിന്റെ ദേഷ്യം അവർ യാത്രക്കാരോട് തീർത്തുകൊണ്ടിരുന്നു. ഭക്ഷണത്തിനോ പ്രാഥമികാവശ്യങ്ങൾക്കോ നിറുത്താൻ ആവശ്യപ്പെട്ടാൽ കേട്ടാലറയ്ക്കുന്ന തെറിയായിരുന്നു ഉത്തരം. ഒപ്പമുണ്ടായിരുന്ന വയോധികൻ കൃത്യസമയത്തു ഭക്ഷണം കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാൻ എന്ന് പറഞ്ഞതിന് അദ്ദേഹത്തോടായി പിന്നെ. ഈ ആവശ്യം പറഞ്ഞതിന്റെ പേരിൽ 'എന്നാൽ ഇനി ഒരിടത്തേക്കും പോകണ്ട, ബസ് ഇവിടെ കിടക്കട്ടെ. പിന്നെ നിങ്ങൾ എന്തു ചെയ്യുമെന്ന് കാണട്ടെ' എന്ന് ആക്രോശിച്ചു. ഗുണ്ടകൾ എന്നുതന്നെ വിളിക്കാവുന്ന അതിലെ സ്റ്റാഫ് ബസ് വഴിയിൽ ഒതുക്കിയിട്ടു.

രാവിലെ ഏഴു മണിക്കെങ്കിലും തിരുവനന്തപുരത്ത് എത്തേണ്ട ബസിൽ പിറ്റേ ദിവസം ഉച്ചയോടെയാണീ സംഭവം എന്നോർക്കണം. ഭക്ഷണം പോലുമില്ലാതെ ബസിലും പുറത്തുമായി 13 മണിക്കൂർ കഴിഞ്ഞിരുന്നു അപ്പോൾ.

അവശതയും ഭയവും വല്ലാതെ അലട്ടിയ ഞങ്ങൾ കൈയും കാലും പിടിച്ചു മാപ്പ് പറഞ്ഞപ്പോഴാണ് ബസ് എടുക്കാൻ അവർ സമ്മതിച്ചത്. രാവിലെ 6ന് എത്തേണ്ട ബസ് ഒടുവിൽ വൈകിട്ട് 6ന് എത്തി. അല്ല, എത്തിച്ചു എന്ന് പറയേണ്ടി വരും. ഈ സംഭവം അന്ന് ബസിലിരുന്ന് മകൾ ഫേസ്ബുക്ക് പോസ്റ്റിട്ടു. അത് വായിച്ചിട്ട് ചില സുഹൃത്തുക്കൾ ഉപഭോക്തൃകോടതിയെ സമീപിക്കാൻ ഉപദേശിച്ചെങ്കിലും, 'വയ്യാവേലിക്കൊന്നും പോകാൻ എനിക്ക് നേരമില്ലേ' എന്ന തീരുമാനം കൈക്കൊണ്ടതിൽ ഇന്ന് ഖേദിക്കുന്നു. കല്ലടയ്ക്കെതിരെ എന്ത് പോരാട്ടത്തിനും എന്റെ ഐക്യദാർഢ്യം.