kodiyeri-balakrishnan

തിരുവനന്തപുരം : യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കള്ളപ്രചാരണം തള്ളി കേരള ജനത എൽ.ഡി.എഫിന് വൻഭൂരിപക്ഷം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വോട്ടർമാരെ കബളിപ്പിക്കാൻ എന്ത് നാടകം കളിക്കാനും യു.ഡി.എഫിനും ബി.ജെപിക്കും മടിയില്ലെന്ന് കലാശക്കൊട്ടിനിടയിലുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ തെളിയിക്കുന്നു. ആലത്തൂരിൽ കൊട്ടിക്കലാശത്തിൽ കല്ലേറ് നടത്തിയത് കോൺഗ്രസ് പ്രവർത്തകരാണെന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യു.ഡി.എഫിന്റെ പ്രചാരണ വാഹനത്തിന്റെ പിന്നിൽ നിന്നാണ് കല്ലേറുണ്ടായത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയത് എൽ.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാനുള്ള കപടനാടകത്തിന്റെ ഭാഗമായിരുന്നു.
തിരുവനന്തപുരത്ത് വേളിയിൽ എ.കെ. ആന്റണിയെയും ഡോ. ശശി തരൂരിനെയും റോഡ് ഷോയ്‌ക്കിടെ എൽ.ഡി.എഫ് തടഞ്ഞെന്ന പ്രചാരണവും വസ്‌തുതാവിരുദ്ധമാണ്. ആന്റണിയെ പോലെയൊരു നേതാവ് അസത്യം പറഞ്ഞ് വോട്ടർമാരിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് മുതലെടുപ്പ് രാഷ്ട്രീയത്തിനിറങ്ങുന്നത് നന്നല്ല. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും റോഡ് ഷോകൾ മുഖാമുഖം എത്തിയപ്പോഴുണ്ടായ ഗതാഗതക്കുരുക്കായിരുന്നു പ്രശ്‌നം. ഗതാഗതതടസം മാറ്റാൻ എൽ.ഡി.എഫ് നേതാക്കൾ ശ്രമിക്കുന്നതിനിടെ ആന്റണിയും മറ്റും വാഹനത്തിൽ നിന്നിറങ്ങി നടന്നുപോവുകയായിരുന്നു.

അമ്പലപ്പുഴയിൽ ക്ഷേത്ര കാണിക്കമണ്ഡപം തകർത്ത് കലാപമുണ്ടാക്കാൻ ബി.ജെ.പി ശ്രമിച്ചു. ഒരു ഡസനിലധികം എൽ.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. സി.ഐ.ടി.യു പ്രവർത്തകരുടെ വാഹനങ്ങൾ തകർത്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ജനാലച്ചില്ലകൾ തകർത്തെന്നും കോടിയേരി ആരോപിച്ചു.