chayam

വിതുര: അപകടങ്ങളുടെ പൂനപ്പറമ്പായ വിതുര ചായം- ചാരുപാറ റോഡിൽ അമിതവേഗതയും അശ്രദ്ധയും കാരണം അപകടങ്ങൾ തുടരുകയാണ്. ടിപ്പർ ലോറി മുതൽ ബൈക്കുകൾ വരെ ചീറിപ്പാഞ്ഞാണ് ഇതുവഴി യാത്ര. നിരവധി അപകടങ്ങൾ നടന്നിട്ടും യാത്രക്കാർ പഴയപടിതന്നെയാണ്. എന്നാൽ അപകടങ്ങൾ തടയാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ, വിതുര ഗവ. യു.പി.എസ്, ഗവ. ഹൈസ്കൂൾ, ചായം ഓൾസെയിന്റ്സ് സ്കൂൾ, ചെറ്റച്ചൽ ഹൈസ്കൂൾ, ചായം ഗവ. എൽ.പി.എസ്, തൊളിക്കോട് എ.ആർ.ആർ. പബ്ലിക് സ്കൂൾ തുടങ്ങിയ സ്കൂളുകളിലായി നിരവധി വിദ്യാർത്ഥികളാണ് ഈ റോഡിലൂടെ ദിവസവും കടന്നുപോകുന്നത്. വിദ്യാർത്ഥികൾ പോകുന്ന വാഹനങ്ങൾ ഉൾപ്പടെ അമിതവേഗത്തിലാണ് പോകുന്നതെന്ന പരാതിയും ഉണ്ട്. ചായം ശ്രീഭദ്രകാളിക്ഷേത്ര ജംഗ്ഷന് സമീപം മുൻപ് സ്കൂട്ടർ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചിരുന്നു. എം.ജി.എം പൊൻമുടി വാലി സ്കൂളിന് സമീപം ഒാട്ടോറിക്ഷ കുഴിയിൽ വീണ് നാല് പേർക്ക് പരുക്കേറ്റ സംഭവവുമുണ്ടായി. മാത്രമല്ല ബൈക്കപകടങ്ങളിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എന്നിട്ടും അപകടങ്ങൾ നിയന്ത്രിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാത്തതിൽ വൻ പ്രതിഷേധമാണ് നാട്ടുകാർക്ക്.


ഇൗ റോഡിൽ ടിപ്പറുകളും ബൈക്കുകളും അമിത വേഗതയിൽ പായുന്നതായി വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. ടിപ്പറുകളുടെയും ബൈക്കുകളുടെയും ആധിക്യവും അമിതവേഗവും മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു. സ്കൂളിന് സമീപത്തുകൂടി വരെ അമിത വേഗതയിൽ പായുന്നത് വിദ്യാർത്ഥികൾക്കും പ്രശ്നമായിട്ടുണ്ട്. റോഡ് മുറിച്ച് കടക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ ഇടിഉറപ്പാണ്. ഇതിനിടയിൽ ബൈക്ക് റേസിംഗ് സംഘവും സജീവമായിട്ടുണ്ട്. പൊലീസിന്റെ സത്വര ശ്രദ്ധ ഇൗ മേഖലയിൽ പതിയണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ചായം ചാരുപാറ റൂട്ടിൽ പുറംപോക്ക് കൈയ്യേറി വ്യാപകമായി നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതായും പരാതിയുണ്ട്. അനധികൃതനിർമ്മാണ പ്രവർത്തനങ്ങൾ അരങ്ങു തകർത്തിട്ടും യാതൊരു നടപടികളും അധികാരികൾ സ്വീകരിക്കാറില്ലെന്നാണ് ആക്ഷേപം. ചെറ്റച്ചൽ-വെള്ളനാട് സ്പെഷ്യൽ പാക്കേജ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ചില മേഖലകളിൽ പുറംപോക്ക് ഭൂമി ഇടിച്ചെങ്കിലും മറ്റിടങ്ങളിൽ പുറം പോക്ക് ഒഴിപ്പിച്ചില്ല. പുറം പോക്ക് ഭൂമി ഒഴിപ്പിക്കാത്തതുമൂലം റോഡിന്റെ ചില ഭാഗങ്ങളിൽ വീതിയിൽ ഗണ്യമായ കുറവുണ്ട്.