mohanlal

തിരുവനന്തപുരം: മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ഇന്നലെ ഒരു സസ്‌പെൻസ് ഉണ്ടെന്ന് പറഞ്ഞിരുന്നു, ഇന്ന് രാവിലെ വരെ മാത്രം ആയുസുള്ള സസ്‌‌പെൻസ്. അതേ മലയാളത്തിന്റെ മഹാനടൻ മോഹൻ ലാലിന്റെ കന്നിവോട്ടാണത്. കന്നിക്കാരന്റെ കൗതുകത്തോടെയാണ് ലാൽ മുടവൻമുകൾ സ്‌കൂളിലെ ബൂത്തിലേക്കെത്തുന്നത്. സിനിമയുടെ തിരക്കു കാരണം ഇതുവരെ വോട്ടിടാൻ കഴിഞ്ഞിട്ടില്ല.

ഇന്നലെ കൊച്ചിയിലെ വസതിയിൽ സുരേഷ് ഗോപി മോഹൻലാലിനെ സന്ദർശിച്ചിരുന്നു. ലാലേട്ടന് വോട്ട് എവിടെയാണെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ട്രിവാൻഡ്രത്താണെന്നായിരുന്നു മറുപടി. വോട്ടു ചെയ്യാൻ പോകുമോ എന്ന് ചോദിച്ചപ്പോൾ 'അങ്ങനെ ചോദിക്കാൻ പാടില്ല, അതു കഴിഞ്ഞാലല്ലേ പറയാൻ പറ്റൂ. അതു വരെ സസ്‌പെൻസായിരിക്കട്ടെ'' എന്നായിരുന്നു മറുപടി. തുടർന്ന് താരം ഫ്ളൈറ്റിൽ സീറ്റു ബുക്ക് ചെയ്‌തു. രാത്രിയിൽ അനന്തപുരിയിലേക്ക് പറന്നിറങ്ങി.

മെഗാതാരം മമ്മൂട്ടി കൊച്ചിയിൽ വോട്ടിടും. വാഗമണ്ണിലെ മാമാങ്കം സിനിമയുടെ ലൊക്കേഷനിൽ നിന്ന് അദ്ദേഹം ഇന്നലെ വൈകിട്ട് വീട്ടിലെത്തി. രാവിലെ വോട്ടിട്ട ശേഷം ലൊക്കേഷനിലേക്ക് മടങ്ങും. കഴിഞ്ഞ തവണ വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതു കാരണം മമ്മൂട്ടിക്ക് വോട്ടിടാൻ സാധിച്ചിരുന്നില്ല. മകൻ ദുൽഖർ സൽമാനും കൊച്ചിയിലാണ് വോട്ട്.

തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ നടൻ സുരേഷ്‌ഗോപി ഇന്ന് രാവിലെ ശാസ്തമംഗലത്ത് വോട്ടിടും. നടൻ പൃഥ്വിരാജ് തേവരയിൽ വോട്ടിടും. അമ്മ മല്ലികാ സുകുമാരനും അവിടെയാണ് വോട്ട്. ഇന്ദ്രജിത്ത് മരടിലും സലിംകുമാർ പറവൂരിലെ മുനമ്പം കവലയിലും വോട്ടിടും.

കവയിത്രി സുഗതകുമാരി കയർഭവനിലെ ബൂത്തിൽ രാവിലെ 11ന് വോട്ടിടും. കുറച്ചു ദിവസം മുമ്പു വരെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുഗതകുമാരി. കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പേയാട് സെന്റ് സേവിയേഴ്സ് സ്‌കൂളിൽ ഉച്ചയ്‌ക്കു ശേഷം വോട്ടിടും. നിർമ്മാതാവ് സുരേഷ്‌കുമാറും ഭാര്യ മേനകയും തൈക്കാട് എൽ.പി.എസിലും വോട്ടിടും.