കല്ലമ്പലം: സ്വകാര്യ സ്വർണ പണയമിടപാട് സ്ഥാപനങ്ങളിൽ നിന്നും മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ സംഘം അറസ്റ്റിൽ. കടയ്ക്കൽ മാങ്കോട് മതിര കിഴുനില പാറവിള വീട്ടിൽ റഹീമിന്റെ (30) നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. പള്ളിക്കൽ എൽ.പി.എസിന് സമീപം നാസിം മൻസിലിൽ ബഹദൂർ എന്ന നവാസ് (55), പള്ളിക്കൽ മുക്കംകോട് വാഴവിള വീട്ടിൽ അലിഫുദീൻ (59), മടവൂർ തുമ്പോട് ജെ.എൻ മൻസിലിൽ അസ്‌ലാം (20), മടവൂർ സീമന്തപുരം നക്രാംകോണം അൻസർ മൻസിലിൽ അക്ബർ (20) എന്നിവരാണ് പിടിയിലായത്. പള്ളിക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, മഹാലക്ഷ്‌മി ഫിനാൻസിയേഴ്‌സ്, പകൽക്കുറിയിൽ പ്രവർത്തിക്കുന്ന അഖിലേഷ് ഫിനാൻസ് ലിമിറ്റഡ് എന്നിവിടങ്ങളിൽ നിന്നുമാണ് പ്രതികൾ ലക്ഷങ്ങൾ തട്ടിയത്. പ്രതികൾ പണയംവച്ച മുക്കുപണ്ടങ്ങൾ സ്ഥാപനങ്ങളിലെ ആധുനിക ഗുണമേന്മാ പരിശോധനകളിൽ വ്യാജമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിദഗ്ദമായ രീതിയിലാണ് ആഭരണങ്ങൾ രൂപകല്പന ചെയ്‌തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒന്നാംപ്രതിയായ റഹീം സമാന കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വിവിധ ജില്ലകളിലെ ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും പ്രതികൾ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്‌തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പള്ളിക്കൽ സി.ഐ ഡി. മിഥുന്റെ നേതൃത്വത്തിൽ എസ്.ഐ വി. ഗംഗാപ്രസാദ്, റൂറൽ ഷാഡോ ടീമിലെ ബി. ദിലീപ്, സി.പി.ഒമാരായ ജിഷി ബാഹുലേയൻ, ഷാൻ, അനീഷ്, ശ്രീരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.