ldf

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ റോഡ് ഷോ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഡോ. ശശി തരൂർ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. എന്നാൽ തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വേളിയിൽ നടന്ന റോഡ് ഷോ തടഞ്ഞെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൽ.ഡി.എഫ് വിശദീകരിച്ചു.
എൽ.ഡി.എഫിന്റെ റോഡ് ഷോ പൂന്തുറയിൽ നിന്ന് വേളിയിലേക്കും, ആന്റണിയുടേത് എതിർദിശയിലും നിന്നാണ് വന്നത്. രണ്ട് റോഡ് ഷോയിലെയും വാഹനങ്ങൾ ഒരുമിച്ചെത്തിയപ്പോഴുണ്ടായ ഗതാഗത തടസം മാത്രമാണ് വേളിയിലുണ്ടായത്. തടസം ഒഴിവാക്കി വാഹനം കടത്തിവിടാൻ ശ്രമിക്കുമ്പോൾ ആന്റണിയുൾപ്പെടെയുള്ള നേതാക്കൾ നടന്നുപോയെന്നും എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം. വിജയകുമാറും സെക്രട്ടറി ജി.ആർ. അനിലും പ്രസ്താവനയിൽ പറഞ്ഞു.
ആന്റണിയെ പോലെ ഉന്നതനായ നേതാവിനെ എൽ.ഡി.എഫ് തടഞ്ഞെന്ന മട്ടിൽ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് രംഗത്ത് ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു.

''തിരഞ്ഞെടുപ്പ് രംഗത്ത് തെറ്റായ വാർത്തകൾ ഉണ്ടാക്കി വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ എ.കെ. ആന്റണിയെ പോലെ മുതിർന്ന കോൺഗ്രസ് നേതാവ് നേതൃത്വം കൊടുക്കുന്നത് ശരിയല്ല.

-എൽ.ഡി.എഫ്