arrest

തിരുവനന്തപുരം: ബംഗളൂരുവിലേക്കുള്ള യാത്രക്കാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ കല്ലട ട്രാവൽസിന്റെ തിരുവനന്തപുരത്തെ ഓഫീസ് മാനേജരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തു. തമ്പാനൂർ ഓഫീസിന്റെ ചുമതലയുള്ള മാനേജർ മനുവിനെയാണ് ഡി.ജി.പിയുടെ നിയന്ത്രണത്തിലുള്ള സ്‌പെഷ്യൽ ടീമിലെ സി.ഐ പ്രകാശ് ചോദ്യംചെയ്തത്. തമ്പാനൂർ പൊലീസാണ് ഇന്നലെ ഉച്ചയോടെ മനുവിനെ എത്തിച്ചത്. തിരുവനന്തപുരത്തു നിന്ന് യാത്ര തുടങ്ങിയ ബസ് ഹരിപ്പാടെത്തിയപ്പോൾ ബ്രേക്ക് ഡൗണായെന്നും രണ്ടുമണിക്കൂർ വൈകിയാണ് യാത്ര തുടങ്ങിയതെന്നും മനു മൊഴിനൽകി. ഹരിപ്പാടെത്തിയപ്പോൾ കയറിയ മൂന്നു പേരിൽ രണ്ടുപേർ വൈകിയത് ചോദ്യംചെയ്‌ത് ക്ലീനർ രാജനെ മർദ്ദിച്ചു. രാജൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വൈറ്റിലയിലെത്തിയപ്പോൾ ക്ലീനറെ മർദ്ദിച്ചത് മറ്റ് ജീവനക്കാർ ചോദ്യംചെയ്‌തു. മർദ്ദനത്തിന്റെ വീഡിയോ പുറത്തുവന്ന ശേഷം ഗൾഫിൽ നിന്നടക്കം ഫോണിൽ ഭീഷണിയുണ്ടെന്നും മനു മൊഴിനൽകി. 55 സീറ്റുള്ള ബസിൽ തിരുവനന്തപുരത്തു നിന്ന് 14ഉം ആറ്റിങ്ങലിൽ നിന്ന് മൂന്നും യാത്രക്കാർ കയറി. ട്രിപ്പ് മുടങ്ങിയോ എന്ന് തനിക്കറിയില്ലെന്നും മനു പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയച്ചു. ട്രാവൽസ് ഉടമ സുരേഷ് കല്ലടയെ പൊലീസ് ആസ്ഥാനത്തു നിന്ന് ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല.

ട്രാൻസ്‌പോർട്ട് കമ്മിഷണറുമായി സംസാരിച്ചെന്നും ബസിന്റെ സർവീസ് താത്കാലികമായി സസ്‌പെൻഡ് ചെയ്യുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. ബസ് കമ്പനിയുടെ ഉടമയെ വിളിച്ചു വരുത്താൻ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിർദ്ദേശം നൽകി. സംഭവങ്ങൾ ഷൂട്ട് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു. കല്ലട ഗ്രൂപ്പിന്റെ എല്ലാ ബസുകളുടെയും രേഖ പരിശോധിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറും വ്യക്തമാക്കി.