election-2019

തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട വാശിയേറിയ പ്രചാരണത്തിനു ചുക്കാൻ പിടിച്ച മുന്നണിനേതാക്കൾ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ട് രേഖപ്പെടുത്തും. ഭൂരിഭാഗം നേതാക്കളും രാവിലെ തന്നെ പോളിംഗ് ബുത്തുകളിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർ.സി അമല ബേസിക് യു.പി സ്‌കൂളിൽ വോട്ടുചെയ്യും.

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകര ചോമ്പാല എൽ.പി.എസിലും, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ കോടിയേരി ജൂനിയർ ബേസിക് സ്‌കൂളിലും, ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള കോഴിക്കോട് തിരുത്തിയാട് ആശ്വാസകേന്ദ്രത്തിലും വോട്ടു ചെയ്യും.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോട്ടയം കാനം കൊച്ചുകാഞ്ഞിരംപാറ എസ്.വി.ജി.എസ്.പി.എസിൽ 11 മണിക്കു ശേഷം വോട്ട് രേഖപ്പെടുത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴ തൃപ്പെരുന്തുറയിലും, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പുതുപ്പള്ളി ജോർജിൻ പബ്ലിക് സ്‌കൂളിലുമാണ് വോട്ടു ചെയ്യുക.

എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്‌കൂളിലും, കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിക്കും മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും ജഗതി ഹൈസ്‌ക്കൂളിലുമാണ് വോട്ട്. വി.എം.സുധീരൻ കുന്നുകുഴി യു.പി.എസിൽ വോട്ട് രേഖപ്പെടുത്തും.

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ ബേബി തിരുവനന്തപുരം ഉപ്പളം റോഡിലെ ഡി.ഇ.ഒ ഓഫീസിലെ പോളിംഗ് സ്റ്റേഷനിലും, എസ്.രാമചന്ദ്രൻപിള്ള പി.എം.ജി സ്‌കൂളിലും വോട്ടു ചെയ്യും. ഭരണപരിഷ്‌കരണ കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ ആലപ്പുഴ പരവൂർ ഗവ. എച്ച്.എസിലും വോട്ടു ചെയ്യും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ കരിക്കകം സ്‌കൂളിലും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ചിറയിൻകീഴ് പടനിലം സ്‌കൂളിലുമാണ് വോട്ട് ചെയ്യുക.

ബി.ജെ.പി നേതാക്കളായ ഒ.രാജഗോപാൽ എം.എൽ.എ തിരുവനന്തപുരം ജവഹർ നഗർ എൽ.പി സ്‌കൂളിലും എം.ടി.രമേശ് തൈക്കാട് മോഡൽ സ്‌കൂളിലും വോട്ടു ചെയ്യും. സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി കോഴിക്കോട് തൊണ്ടയാട് ചിന്മയ സ്കൂളിലും, പന്ന്യൻ രവീന്ദ്രൻ കണ്ണൂർ കക്കാട് പൂഴാതി യു.പി സ്‌കൂളിലും, കെ.പ്രകാശ് ബാബു മാവേലിക്കര കുന്നിക്കോട് വി.എച്ച്.എസ്.എസിലും വോട്ടു ചെയ്യും.

ഗവർണറുടെ വോട്ട്

തലസ്ഥാനത്ത്

ഗവർണർ പി.സദാശിവവും ഭാര്യ സരസ്വതിയും തലസ്ഥാനത്ത് വോട്ടു ചെയ്യും. രാവിലെ എട്ടിന് ഇരുവരും ജവഹർനഗർ എൽ.പി സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തും. രണ്ടാം തവണയാണ് ഗവർണറും ഭാര്യയും കേരളത്തിൽ വോട്ടു ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇവർ ആദ്യമായി തലസ്ഥാനത്ത് വോട്ടു രേഖപ്പെടുത്തിയത്.