തിരുവനന്തപുരം: എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരത്തും സുരക്ഷ ശക്തമാക്കിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. തിരഞ്ഞെടുപ്പ് തടസപ്പെടുത്തുന്നതിനായി കൂട്ടം കൂടി നിൽക്കുകയും സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും. പ്രശ്‌നബാധിത മേഖലകളിൽ റിസർവിലുള്ള പൊലീസ് സംഘങ്ങൾ പോളിംഗ് ബൂത്തിന് സമീപം റോന്ത് ചുറ്റും.
കാമറ സംഘങ്ങൾ നിരീക്ഷണം നടത്താത്ത പ്രശ്‌ന ബാധിത സ്ഥലങ്ങളിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ പകർത്താൻ പ്രത്യേക സംഘങ്ങളുണ്ടാകും. ഇടുങ്ങിയതും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ പൊലീസ് സംഘം പട്രോളിംഗ് നടത്തും. വനിതാ വോട്ടർമാർക്ക് സ്വതന്ത്രമായും നിർഭയമായും വോട്ട് ചെയ്യാൻ അവസരം ഒരുക്കാൻ 3500ലേറെ വനിതാ പൊലീസുകാരെയും നിയോഗിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികൾ സ്വീകരിക്കുന്നതിന് പൊലീസ് സ്റ്റേഷനുകളിൽ പതിവ് സംവിധാനം ലഭ്യമായിരിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് സജ്ജരായിരിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു.