ജയ്പൂർ: പിന്നാക്ക വിഭാഗക്കാരായ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അധികാരത്തിലെത്തിയതോടെയാണ് ശിവഗിരി മഠാധിപതിയെയും മഹാഗുരുവിനെയും ശിഷ്യഗണത്തെയും അംഗീകരിക്കാൻ തയ്യാറായതെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ജയ്പൂരിൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണഗുരു ഗവേണിംഗ് ബോഡി മീറ്റിംഗിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരു മതേതരത്വത്തിന് വേണ്ടി നിലകൊണ്ടയാളാണെന്ന് സ്വയംപ്രഖ്യാപിത മതേതരക്കാർ ഇത്രകാലവും ഓർത്തില്ല. സ്വദേശി ദർശൻ പദ്ധതിയിലുൾപ്പെടുത്തി ശിവഗിരി മഠത്തിന് കേന്ദ്രം 70 കോടി രൂപയാണ് അനുവദിച്ചത്. ഗുരുദേവന്റെ പരമ്പരയെ, കേരളത്തിലെ മതേതര ജനതയെ മറക്കാൻ രാജ്യത്തിന് ആവില്ലെന്നതിന് തെളിവാണിത്.

തനിക്ക് പത്മശ്രീ സമ്മാനിച്ച അവസരത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ ശിഷ്യപരമ്പരയിലെ ഗോപാൽ തന്ത്രികളുടെ മക്കളിലൊരാളായ കെ.ജി. ജയനും പുരസ്കാരം ലഭിച്ചത്. ജയ വിജയന്മാരുടെ പാട്ടുകൾ കേരളത്തിലും ഭാരതത്തിലും ഇത്രകാലം അലയടിച്ചിട്ടും അത് കാണാനോ കേൾക്കാനോ ഒരു വരേണ്യവിഭാഗവും ഇവിടെ ഉണ്ടായിരുന്നില്ല. ഇതും ശിവഗിരിക്ക് ലഭിച്ച അംഗീകാരത്തോട് ചേർത്തു വയ്ക്കേണ്ടതാണ്.

പത്മശ്രീ സമർപ്പണ വേദിയിലേക്ക് ആത്മീയ പരിവേഷത്തോടെ കടന്നു ചെല്ലാൻ കഴിഞ്ഞത് ഗുരുവിന്റെ ശിഷ്യ പരമ്പരയ്ക്ക് മാത്രമായിരുന്നെന്നും അവിടെയാണ് കേന്ദ്ര സർക്കാർ തങ്ങൾക്ക് നൽകിയ അംഗീകാരം മനസിലാക്കേണ്ടതെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.