തിരുവനന്തപുരം: ഇരുപത് പാർലമെന്റ് അംഗങ്ങളുടെ വിധിയെഴുതാൻ കേരളക്കര ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. 20 മണ്ഡലങ്ങളിലുമായി 227 സ്ഥാനാർത്ഥികളുണ്ട്. ഇവരിൽ 23 പേർ വനിതകൾ. വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ, പാൻ കാർഡ് ഉൾപ്പെടെ 11 തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കി വോട്ടിടാൻ അനുമതിയുണ്ട്.
2014ൽ 74 ശതമാനമായിരുന്നു പോളിംഗ്. വോട്ടർമാരെ പരമാവധിയെത്തിച്ച് പോളിംഗ് ശതമാനം കൂട്ടാനുള്ള തീവ്ര ശ്രമത്തിലായിരിക്കും ഇന്ന് മൂന്ന് മുന്നണികളും. 24,970 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന 240 ബൂത്തുകളുണ്ട്
എല്ലാ ബൂത്തിലും വിവിപാറ്റ് മെഷീനും ഉണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. പ്രസ് ചെയ്ത ബട്ടനു നേർക്കുള്ള സ്ഥാനാർത്ഥിക്കും ചിഹ്നത്തിലും തന്നെയാണ് വോട്ട് പതിഞ്ഞതെന്ന് വിവിപാറ്റ് മെഷീനിൽ തെളിയുന്ന സ്ളിപ്പിലൂടെ ഉറപ്പു വരുത്താം. വ്യത്യാസമുണ്ടെങ്കിൽ ചലഞ്ചു ചെയ്യാനുമാവും.
സംസ്ഥാനത്ത് 2,61,51,534 വോട്ടർമാരുണ്ട്. 1,26,84,839 പുരുഷന്മാർ, 1,34,66,521 സ്ത്രീകൾ, 174 ട്രാൻസ്ജെൻഡർ
കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിൽ: 41,46,191. കുറവ് വയനാട് ജില്ലയിൽ: 5,94,177
2,88,191 കന്നി വോട്ടർമാർ. 1,35,357 ഭിന്നശേഷി വോട്ടർമാർ
പ്രശ്നസാദ്ധ്യതയുള്ള 3621 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം
ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ രണ്ട് ബാലറ്റ് യൂണിറ്റുകൾ വീതം
831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാദ്ധ്യതാ ബൂത്തുകളും