cost

തിരുവനന്തപുരം : ശ്രീലങ്കയിലെ സ്ഫോടന പരമ്പരയ്ക്ക് പിന്നിലെ മുഖ്യ ആസൂത്രകർ കടലിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ ജാഗ്രതാനിർദ്ദേശത്തെ തുടർന്ന് കേരള തീരം അതീവ ജാഗ്രതയിൽ. തിരുവനന്തപുരത്തു നിന്ന് ശ്രീലങ്കയിലേക്ക് വെറും 380.19 കിലോമീറ്റർ മാത്രമാണ് അകലം. അതിനാൽ ഭീകരർക്ക് സംസ്ഥാനത്തേക്ക് എളുപ്പം കടക്കാനാകും. കേരള തീരത്തടക്കം നാവികസേനയും കോസ്റ്റ്ഗാർഡും നിരീക്ഷണവും പരിശോധനകളും കർശനമാക്കിയിട്ടുണ്ട്. കൊച്ചിയിലെ നാവിക ആസ്ഥാനവും ജാഗ്രതയിലാണ്. സംശയകരമായ രീതിയിൽ സമുദ്റാതിർത്തിയിലൂടെ സഞ്ചരിക്കുന്ന ബോട്ടുകൾ പരിശോധിക്കും.

പൊഴിയൂർ മുതൽ കാസർകോട് കുമ്പള വരെ 595 കിലോമീറ്റർ തീരദേശമുള്ള കേരളത്തിന് കടൽവഴിയുള്ള ഭീഷണിയേറെയാണ്. വിഴിഞ്ഞത്ത് വലിയ ബോട്ടുകൾ തീരത്ത് അടുക്കില്ല. പക്ഷേ, ശ്രീലങ്കൻ അഭയാർത്ഥികൾ ബോട്ടുകളിലെത്തി വിഴിഞ്ഞത്തേക്ക് നീന്തിക്കയറിയ നിരവധി സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്. ഉൾക്കടലിലെ വലിയ ബോട്ടുകളിൽ നിന്ന് ആളുകളെ ചെറുവള്ളങ്ങളിൽ കരയിലെത്തിക്കാനും സംഘങ്ങളുണ്ട്. ഏറെ തന്ത്രപ്രധാനമായ കേരളത്തിന്റെ സമുദ്രമേഖലയിൽ പഴുതടച്ച സുരക്ഷയൊരുക്കാനുള്ള കേന്ദ്രനിർദ്ദേശത്തെ തുടർന്ന് നേരത്തേ നാവികസേന അടിയന്തര തീരസുരക്ഷാ അവലോകന യോഗം വിളിച്ചിരുന്നു. പകൽസമയത്ത് തീരദേശപൊലീസും രാത്രിയിൽ നാവികസേനയും തീരസംരക്ഷണ സേനയും പട്രോളിംഗ് നടത്തും.

തീരത്തുനിന്ന് 12 നോട്ടിക്കൽമൈൽ വരെയാണ് കടലിൽ ഇന്ത്യയുടെ അധികാരപരിധി. ടെറിട്ടോറിയൽ സീ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് പരിശോധനയ്ക്ക് തീരദേശസംരക്ഷണ സേനയ്ക്കും പൊലീസിനും അധികാരമുണ്ട്. തീരസംരക്ഷണസേന സമർ, അഭിനവ് കപ്പലുകളും ഹെലികോപ്ടറുകളും നാവികസേന എെ.എൻ.എസ് കൽപ്പേനി, കർബാ എന്നീ കപ്പലുകളും ഡോണിയർ വിമാനങ്ങളും നിരീക്ഷണത്തിനുപയോഗിക്കുന്നു. 200 നോട്ടിക്കൽ മൈൽ ദൂരത്തിൽ നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും കപ്പലുകൾ പരിശോധന നടത്തുന്നുണ്ട്. തെക്കൻ അതിർത്തിയിൽ തന്ത്രപ്രധാനമായ പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളുള്ളതിനാലാണ് അതീവജാഗ്രത പുലർത്താൻ കേന്ദ്രം നിർദ്ദേശിച്ചത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലേറെ ബോട്ടുകൾ പരിശോധിക്കുന്നുണ്ട്. കടലിൽ സംശയാസ്പദമായ ബോട്ടുകളോ വള്ളങ്ങളോ കണ്ടെത്തിയാൽ അടിയന്തരമായി തീരത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെയോ കോസ്​റ്റൽ പൊലീസിനെയോ അറിയിക്കാൻ എല്ലാ ബോട്ടുകൾക്കും നിർദ്ദേശം നൽകി.

തന്ത്രപ്രധാനം, ശ്രീലങ്ക

ശ്രീലങ്കയിൽ ചൈനീസ് സേനയുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് ഇന്ത്യയ്ക്ക് തലവേദനയാണ്. 2015ൽ പാകിസ്ഥാൻ കരസേനാമേധാവി കൊളംബോയിലെ ശ്രീലങ്കൻ സേനാ ആസ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെ ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത്ത് ഡോവൽ തിരുവനന്തപുരത്ത് എത്തിയിരുന്നു. ശ്രീലങ്ക വഴിയുള്ള ആയുധക്കടത്തിന്റെ മുനമ്പാണ് തമിഴ്നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖം.

''കേന്ദ്രത്തിന്റെ ജാഗ്രതാനിർദ്ദേശം ലഭിച്ചിട്ടുണ്ട്. കോസ്റ്റൽ പൊലീസ് കേന്ദ്രസേനകളുമായി ചേർന്ന് സംയുക്ത പട്രോൾ നടത്തും. കൊച്ചിയിലെ ജോയിന്റ് കമാൻഡ് സെന്ററാണ് ഏകോപിപ്പിക്കുന്നത്. തീരദേശത്തുടനീളം ജാഗ്രത പുലർത്തുന്നു''

ടോമിൻ തച്ചങ്കരി

കോസ്റ്റൽ പൊലീസ് എ.ഡി.ജി.പി