തിരുവനന്തപുരം: പ്രബുദ്ധ കേരളം ഇന്ന് ബാലറ്റിൽ തീരുമാനം കുറിക്കുമ്പോൾ മൂന്ന് മുന്നണികളും കടുത്ത ആകാംക്ഷയിലാണ്. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി തന്നെ നിർണയിക്കുന്ന പോരാട്ടത്തിൽ അവർക്കേറ്റവും പ്രതീക്ഷിക്കാനുള്ള കേരളത്തിൽ നിന്ന് പരമാവധി സീറ്റ് നിർബന്ധം. മതേതര സർക്കാരിന് നേതൃത്വം നൽകാൻ രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്ന കോൺഗ്രസിന്, രാഹുൽ മത്സരിക്കുന്ന സംസ്ഥാനത്ത് പരമാവധി സീറ്റ് അഭിമാനപ്രശ്നം. ലോക്‌സഭയിലേക്ക് ഇത്തവണയെങ്കിലും അക്കൗണ്ട് തുറന്നില്ലെങ്കിൽ കടുത്ത ക്ഷീണമാകുമെന്ന് വിശ്വസിക്കുന്ന ബി.ജെ.പിയും സർവ അടവും പയറ്റി നിൽക്കുന്നു. ഇതാണ് പോരാട്ട ചിത്രം.
ശബരിമലയിലാണ് എൻ.ഡി.എയുടെ പ്രതീക്ഷയത്രയും. വിശ്വാസിവികാരം എന്ന അജൻഡയിലേക്ക് പ്രചാരണം കേന്ദ്രീകരിച്ചതിലൂടെ അവർ ഉന്നമിടുന്നത് പരമാവധി ഹൈന്ദവ ധ്രുവീകരണമാണ്. കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിൽ ഇത്തരമൊരു രീതി അപൂർവമായതിനാൽ ജനത്തിന്റെ പ്രതികരണമെന്താകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു.
ദേശീയ രാഷ്ട്രീയമുയർത്തി ബി.ജെ.പിക്കെതിരെയും സംസ്ഥാന വിഷയങ്ങളുയർത്തി ഇടതിനെതിരെയും പ്രചാരണം കൊഴുപ്പിച്ച യു.ഡി.എഫ് നേതൃത്വവും ശബരിമലയെ ആയുധമാക്കാൻ മറന്നില്ല. എൻ.എസ്.എസിന്റെ നിലപാടിലും മറ്റുമാണവരുടെ പ്രതീക്ഷ. യു.ഡി.എഫും ബി.ജെ.പിയും ഒരുപോലെ പ്രതീക്ഷിക്കുന്ന ഒരു വിഷയത്തിൽ ആർക്കാവും അത് ഗുണം ചെയ്യുകയെന്ന ചോദ്യത്തിന് പ്രസക്തിയേറെയാണ്.
വയനാടിനെയും രാഹുലിനെയും കേന്ദ്രീകരിച്ച് വർഗീയ സൂചനയോടെ ബി.ജെ.പി ഉയർത്തിയ പ്രചാരണവും അതിന് ബദലായി ന്യൂനപക്ഷ വോട്ടിലുണ്ടാകുന്ന ഏകീകരണവും തുണയ്ക്കുമെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. അതേസമയം, ശബരിമല കേന്ദ്രീകരിച്ച് ബി.ജെ.പി പ്രയോഗിക്കുന്ന തീവ്രലൈനിന്റെ മറുപുറമായി മുസ്ലിം, ക്രൈസ്തവ വോട്ടുകൾ തങ്ങളെയാവും തുണയ്ക്കുകയെന്ന് ഇടതുപക്ഷവും കണക്കു കൂട്ടുന്നു. ഇരു സമുദായങ്ങൾക്കുമായി 45 ശതമാനത്തോളം പ്രാതിനിദ്ധ്യമുണ്ട് സംസ്ഥാനത്ത്.
കേന്ദ്രസർക്കാരിനെതിരായ പ്രചാരണം പരമാവധി ശക്തിപ്പെടുത്തിയ ഇടതുപക്ഷം, ബി.ജെ.പിയെ നേരിടുന്നതിൽ കോൺഗ്രസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തായിരുന്നു പ്രചാരണം കൊഴുപ്പിച്ചത്. ബാബ്റി വിഷയവും സാമ്പത്തിക നയവുമൊക്കെ അവരിതിന് ഉദാഹരണമാക്കി. എന്നിരുന്നാലും സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ വികസന നേട്ടമാണ് ഇടതു പക്ഷത്തിന്റെ തുറുപ്പ് ചീട്ട്. അതിനോടുള്ള വോട്ടർമാരുടെ പ്രതികരണമാണ് പ്രധാനം.