തിരുവനന്തപുരം: രാജ്യത്ത് ഒരു മതേതര സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുകയെന്ന ചരിത്രപരമായ കടമ നിറവേറ്റാൻ സംസ്ഥാനത്തെ വോട്ടർമാർ സജ്ജരായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ ഭരണ പരാജയത്തിനെതിരെ ജനം വിധിയെഴുതും. രാജ്യത്ത് ഒരു മതേതര സർക്കാരുണ്ടാക്കാൻ കോൺഗ്രസിനും അതിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിക്കും മാത്രമേ കഴിയുകയുള്ളൂയെന്ന് തിരിച്ചറിഞ്ഞ കേരള ജനത യു.ഡി.എഫിന് ചരിത്ര വിജയം നൽകാൻ പോവുകയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവനെതിരെ ധൃതി പിടിച്ച്‌ കേസെടുത്തത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ്. 70 സീറ്റിൽ താഴെ മാത്രം മത്സരിക്കുന്ന ഇടതുപക്ഷത്തിന്‌ ദേശീയ തലത്തിൽ ഒന്നും ചെയ്യാനാകില്ല. അതിനാൽ ഇടതുപക്ഷത്തിന് ചെയ്യുന്ന വോട്ട് പാഴാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.