central

തിരുവനന്തപുരം:മാവോയിസ്റ്റുകളുടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ഭീഷണിയും അക്രമസാദ്ധ്യതയും കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം പഴുതടച്ച സുരക്ഷയിലാണ് വോട്ടെടുപ്പ്. സംസ്ഥാന പൊലീസിനു പുറമെ കേന്ദ്രസേന, തമിഴ്നാട്, കർണാടക പൊലീസ് എന്നിവരുടെ വിന്യാസം പൂർത്തിയായതായി ഡി.ജി.പി ലോ‌ക്‌നാഥ് ബെഹറ അറിയിച്ചു.

സംസ്ഥാനത്തെത്തിയ 55കമ്പനി കേന്ദ്രസേനയിൽ പകുതിയെയും തീവ്രപ്രശ്‌നബാധിത ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിലുമാണ് വിന്യസിച്ചിട്ടുള്ളത്. മാവോയിസ്റ്റ് മേഖലകളിൽ തണ്ടർബോൾട്ട് സേനയുമുണ്ട്. 162 ലൊക്കേഷനുകളിലെ 245 ബൂത്തുകളിലാണ് മാവോയിസ്​റ്റ് ഭീഷണി.

മാവോയിസ്റ്റുകൾ അട്ടിമറി ശ്രമം നടത്തിയേക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ വടക്കൻ ജില്ലകളിൽ തോക്കിൻകുഴലിലാവും വോട്ടെടുപ്പ്.

3500 വനിതകളടക്കം 58,138 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല. 240 ഡിവൈ.എസ്.പിമാർ, 677 ഇൻസ്‌പെക്‌ടർമാർ, 3,273 എസ്.ഐ, എ.എസ്.ഐമാർ എന്നിവരടങ്ങിയതാണ് സംഘം. 2000 തമിഴ്നാട് പൊലീസ്, 1000 കർണാടക പൊലീസ് എന്നിവരുമുണ്ട്. സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് എന്നിവയുടെ 55 കമ്പനി ജവാന്മാരെയും വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ കേന്ദ്രസേനയെ ബൂത്തുകളിലെത്തിച്ചു. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ കേന്ദ്രസേനയെ റിസർവായും സൂക്ഷിക്കുന്നു. വിരമിച്ച സൈനികർ, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയും എൻ.സി.സി, നാഷണൽ സർവീസ് സ്‌കീം, സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ് എന്നിവയിലുൾപ്പെട്ട 11,781പേരെ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായും നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്തുടനീളം 3,567 ബൂത്തുകൾ പ്രശ്‌നബാധിതമാണ്. അന്യ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന 88 ലൊക്കേഷനുകളിൽ പ്രത്യേക ജാഗ്രതയുണ്ട്. പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന 149 കേന്ദ്രങ്ങളിലും 52 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്. നിരീക്ഷണത്തിന് 1,527 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളുണ്ടാവും. ഒരു പൊലീസ് സ്​റ്റേഷൻ പരിധിയിൽ രണ്ടു വീതം 957പട്രോൾ സംഘങ്ങൾ വേറെയുമുണ്ട്. 3607 ബൂത്തുകളിൽ വെബ്‌ കാസ്​റ്റിംഗ് ഉണ്ടാവും. കണ്ണൂർ ജില്ലയിലെ ബൂത്തുകളിൽ പ്രത്യേക ശ്രദ്ധയാണ്. അവിടത്തെ 1857 ബൂത്തുകളിൽ 250 എണ്ണം തീവ്രപ്രശ്‌നബാധിതമാണ്. 611 പ്രശ്‌നസാദ്ധ്യതാ ബൂത്തുകൾ. 39 ബൂത്തുകൾ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീന മേഖലയിലാണ്. ഒരു സ്ഥാനാർത്ഥിക്ക് ആകെ പോൾചെയ്‌ത വോട്ടിന്റെ 75ശതമാനം ലഭിച്ച ബൂത്തുകൾ, റീപോളിംഗ്‌ നടന്നതും അക്രമ സംഭവങ്ങളുണ്ടായതുമായ ബൂത്തുകൾ, മാവോയിസ്‌റ്റ് സാന്നിദ്ധ്യം, വി.ഐ.പി സ്ഥാനാർത്ഥികൾ എന്നിവയെല്ലാം കണക്കിലെടുത്താണ് പ്രശ്‌ന ബാധിതബൂത്തുകൾ നിശ്ചയിച്ചത്.

കേന്ദ്രസേനയുടെ പ്രവർത്തനങ്ങൾ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ആനന്ദകൃഷ്‌ണനാണ് ഏകോപിപ്പിക്കുന്നത്. എസ്.പിയുടെയോ സബ്ഡിവിഷണൽ ഉദ്യോഗസ്ഥരുടെയോ ഉത്തരവ് പ്രകാരമാവും കേന്ദ്രസേനയുടെ പ്രവർത്തനം. അടിയന്തര സാഹചര്യം നേരിടാൻ മണ്ഡലത്തിലെവിടേയ്‌ക്കും കേന്ദ്രസേനയെ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ എല്ലാ ജില്ലകളിലും തയ്യാറാണ്. ഫലപ്രഖ്യാപനത്തിനു ശേഷമേ കേന്ദ്രസേന മടങ്ങൂ.

സുരക്ഷ ഇങ്ങനെ

 അതീവ പ്രശ്‌നസാദ്ധ്യത കണക്കാക്കുന്ന എ-വിഭാഗത്തിൽ ഒാരോ ബൂത്തിലും നാല് കേന്ദ്രസേനാംഗങ്ങൾ

ബി-വിഭാഗത്തിലുള്ള തീവ്ര പ്രശ്‌നബാധിത ബൂത്തുകളിൽ രണ്ട് കേന്ദ്രസേനാംഗങ്ങളും അധികം പൊലീസും

സി-വിഭാഗത്തിൽ ഓരോ കേന്ദ്രസേനാംഗം. വീഡിയോഗ്രഫി, വെബ്‌കാസ്റ്റിംഗ്‌, ഹോട്ട്‌ലൈൻ, വയർലെസ് എന്നിവ