ipl-dhoni-
ipl dhoni

ബാംഗ്ളൂർ : കഴിഞ്ഞരാത്രി ബംഗ്ളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ധോണി ഒരു ഒറ്റയാനെപ്പോലെ മദിച്ചാടിയപ്പോൾ ബംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ മനസിൽ ഒരു കൊള്ളിമീൻ പാഞ്ഞിരുന്നു. എന്നാൽ ഒറ്റ റൺസിന് കളി ജയിച്ചതിനേക്കാൾ കൊഹ്‌ലിക്ക് ആശ്വാസമായിട്ടുണ്ടാവുക, ധോണിയുടെ അസാദ്ധ്യബാറ്റിംഗ് പ്രകടനമായിരിക്കും. ചെന്നൈയുടെ 'തല" ഈ ഫോമിൽ തുടരുകയാണെങ്കിൽ ഏറ്റവുമധികം പ്രയോജനപ്പെടുക ലോകകപ്പിൽ കൊഹ്‌ലിക്കായിരിക്കും.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ളൂർ ഉയർത്തിയ 161/7 എന്ന സ്കോറിനെതിരെ അവസാന പന്തുവരെ പൊരുതിയ ധോണി ടീമിനെ 160/8 ലെത്തിച്ചാണ് തോൽവി സമ്മതിച്ചത്. മുൻനിരയിലെ നാലുപേർ-വാട്ട്സൺ (5), ഡുപ്ളെസി (5), റെയ്‌‌ന (0), കേദാാർ (9) ഒറ്റയക്കം കടക്കാതെ ആദ്യപവർ പ്ളേ തീരുംമുമ്പ് കൂടാരം കയറിയപ്പോൾ ചെന്നൈയുടെ സ്കോർ 28/4. ഇവിടെ നിന്നാണ് ധോണി വിജയത്തിന് അരികെവരെയെത്തിച്ചത്. അമ്പാട്ടി റായ്ഡുവും (29), ജഡേജയും (11) നൽകിയ പിന്തുണയ്ക്കൊപ്പം അവസാന പന്തുവരെ പിടിച്ചുനിൽക്കാൻ ധോണിയുടെ ധൈര്യം എടുത്തുപറയേണ്ടതാണ്. 48 പന്തുകൾ നേരിട്ട ധോണി 84 റൺസുമായാണ് പുറത്താകാതെ നിന്നത്. നേരിട്ട 35-ാമത്തെ പന്തിൽ 50 കടന്ന ധോണി പിന്നീടുള്ള 13 പന്തുകളിൽ നേടിയത് 34 റൺസാണ്.

അവസാന ഓവറിലെ കളി

അഞ്ചാം ഓവറിൽ ക്രീസിലെത്തിയ ധോണി ബാംഗ്ളൂരിന്റെ ബൗളർമാരെ ക്ഷമയോടെ നേരിട്ട് പതിയെ സ്കോർ ബോർഡ് ഉയർത്തി. ഇടയ്ക്കിടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും വിട്ടുകൊടുക്കാത്ത പോരാട്ടം. അവസാന ഓവറിൽ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 26 റൺസായിരുന്നു. ആദ്യപന്ത് ബൗണ്ടറി തുടർന്ന് രണ്ട് സിക്സുകൾ. നാലാം പന്തിൽ ഡബിൾ. അഞ്ചാംപന്തിൽ വീണ്ടും സിക്സ്. അങ്ങനെ അവസാന പന്തിൽ ജയിക്കാൻ വേണ്ടത് രണ്ട് റൺസ് മാത്രം.

ഉമേഷ് യാദവ് എറിഞ്ഞ അവസാന പന്തിനുവേഗം കുറവായിരുന്നു. ധോണി ആഞ്ഞുവീശിയെങ്കിലും ബാറ്റിൽ കൊണ്ടില്ല. നേരെ കീപ്പർ പാർത്ഥിവ് പട്ടേലിന്റെ കൈയിലേക്ക് ബൈ റൺസ് ഓടിയെടുക്കാൻ ശ്രമിക്കവെ പാർത്ഥിവിന്റെ ത്രോ ശാർദ്ദൂൽ താക്കൂറിനെ റൺ ഔട്ടാക്കിയതോടെ ജയം ബാംഗ്ളൂരിന്.

ധോണിയുടെ ലോകകപ്പ് പ്രതീക്ഷകൾ

. 37 കഴിഞ്ഞ ധോണിയാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഫസ്റ്റ് വിക്കറ്റ് കീപ്പർ.

. പ്രായം തളർത്താത്ത പോരാളിയാണ് താനെന്ന് ബാംഗ്ളൂരിനെതിരായ ഇന്നിംഗ്സിലൂടെ ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു.

. വിക്കറ്റ് കീപ്പറെന്ന നിലയിലെ അതിവേഗ റിഫ്ളക്സിനൊപ്പം വിക്കറ്റിനിടയിലെ ഓട്ടത്തിനുള്ള ഫിറ്റ്നസും ധോണിക്ക് കൈമോശം വന്നിട്ടില്ല.
. ഇംഗ്ളണ്ടിലെ സാഹചര്യങ്ങളിൽ ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പന്നനാണ് ധോണി.

. 2011 ൽ ഇന്ത്യയെ ജേതാക്കളാക്കിയ ധോണിയുടെ അവസാന ലോകകപ്പായിരിക്കുമത്.

' മുൻനിര ബാറ്റ്സ്‌മാൻമാർ നന്നായി കളിച്ചിരുന്നുവെങ്കിൽ ബാംഗ്ളൂരിനെതിരെ ജയിക്കാമായിരുന്നു. മുൻനിര മികച്ച സ്കോർ ഉയർത്തിയില്ലെങ്കിൽ പിന്നീട് വരുന്നവർക്ക് സമ്മർദ്ദം അധികമായിരിക്കും.

-ധോണി

'ധോണിൽ ക്രീസിൽ നിൽക്കുമ്പോൾ ഞങ്ങൾ തോറ്റുപോകുമോ എന്ന് ശരിക്കും ഭയമുണ്ടായിരുന്നു. അവസാന ഓവറിൽ തോറ്റുപോയെന്ന് തന്നെ കരുതിയതാണ്. പക്ഷേ, എന്തോ ഭാഗ്യത്തിന് ജയിക്കാനായി.

- വിരാട് കൊഹ്‌ലി

' അവസാന പന്ത് ധോണിയുടെ ബാറ്റിൽ കൊള്ളാതെ പോകുമെന്ന് ഒരിക്കലും കരുതിയില്ല. ഉമേഷിന്റെ തന്ത്രം കൃത്യമായിരുന്നു.

- പാർത്ഥിവ് പട്ടേൽ

200

ഐ.പി.എല്ലിൽ 200 സിക്സുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി ധോണി.

ഇന്നലെ അഞ്ചുഫോറും ഏഴ് സിക്സുമടക്കം 84 റൺസ് നേടിയ ധോണിയുടെ ഐ.പി.എൽ സിക്സുകളുടെ എണ്ണം 203 ആയി.

. ഈ സീസണിൽ ധോണി ഇതുവരെ 17 സിക്സുകൾ നേടിക്കഴിഞ്ഞു.

. ക്രിസ്‌ഗെയ്ൽ (323), എ.ബി. ഡിവില്ലിയേഴ്സ് (204) എന്നിവരാണ് ഐ.പി.എൽ സിക്സടിയിൽ ധോണിക്ക് മുന്നിലുള്ളത്.

3

ഈസീസണിൽ ബാംഗ്ളൂരിന്റെ മൂന്നാം വിജയമാണിത്. ചെന്നൈയുടെ മൂന്നാം തോൽവിയും.