മാഡ്രിഡ് : കഴിഞ്ഞരാത്രി നടന്ന സ്പാനിഷ് ലാലിഗ ഫുട്ബാൾ മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അത്‌ലറ്റിക് ക്ളബിനെ കീഴടക്കി. ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയാണ് 47,76,90 മിനിുകളിലായി മൂന്ന് ഗോളുകളും നേടിയത്. ഇതോടെ റയൽ വിട്ടുപോയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ യുവന്റസിനുവേണ്ടി നേടിയതിനേക്കാൾ (19) കൂടുതൽ ഗോളുകൾ ബെൻസേമ (21) റയലിനായി നേടിക്കഴിഞ്ഞു.
ലാലിഗ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്താണ് റയൽ. 33 മത്സരങ്ങളിൽ നിന്ന് 64 പോയിന്റാണ് റയലിനുള്ളത്. ബാഴ്സലോണ (77) ഒന്നാമതും അത്‌ലറ്റികോ മാഡ്രിഡ് (68) രണ്ടാംസ്ഥാനത്തുമാണ്.
ഇംഗ്ളണ്ടിൽ ഇഞ്ചോടിഞ്ച്
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി ലിവർപൂൾ 2-0 ത്തിന് കാർഡിഫ് സിറ്റിയെ കീഴടക്കി പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് തിരിച്ചുപിടിച്ചതോടെ കിരീടത്തിനുവേണ്ടിയുള്ള പോര് കടുക്കുന്നു. 35 മത്സരങ്ങളിൽ നിന്ന് 88 പോയിന്റുമായാണ് ലിവർപൂൾ ഒന്നാമതുള്ളത്. 34 മത്സരങ്ങളിൽനിന്ന് 86 പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ലിവറിന് മൂന്നും സിറ്റിക്ക് നാലും മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്.
വിയനാൽഡം (57-ാം മിനിട്ട്), മിൽനർ (81-ാം മിനിട്ട്) എന്നിവർ നേടിയ ഗോളുകൾക്കാണ് ലിവർപൂൾ കാർഡിഫിനെ കീഴടക്കിയത്. മിൽനർ പെനാൽറ്റിയിലൂടെയാണ് സ്കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ ആഴ്സനലിനെ 3-2ന് ക്രിസ്റ്റൽ പാലസ് അട്ടിമറിച്ചു.
പി.എസ്.ജിക്ക് ആറാം കിരീടം
പാരീസ് : കഴിഞ്ഞ ഏഴ് സീസണിനിടെ ആറാമതും ഫ്രഞ്ച് ലീഗ് വൺ ഫുട്ബാൾ കിരീടം ഉറപ്പിച്ച് പാരീസ് എസ്.ജി കഴിഞ്ഞദിവസം ലിലിയും ടൗളൂസും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് പി.എസ്.ജി കിരീടമുറപ്പിച്ചത്. 33 മത്സരങ്ങളിൽിന്ന്ന 84 പോയിന്റ് നേടിക്കഴിഞ്ഞ പി.എസ്.ജിക്ക് രണ്ടാമതുള്ള ലിലിയെക്കാൾ 19 പോയിന്റ് ലീഡുണ്ട്.
ഇന്ററിന് സമനില
റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഇന്റർമിലാൻ എ.എസ്. റോമയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. റോമയ്ക്ക് വേണ്ടി 14-ാം മിനിട്ടിൽ എൽ. ഷറാവിയും ഇന്ററിനുവേണ്ടി 61-ാം മിനിട്ടിൽ പെരിസിച്ചും സ്കോർ ചെയ്തു.