തിരുവനന്തപുരം: തിരഞ്ഞെടുപ്പിനെ ഉത്സവമാക്കാൻ ഉറക്കമില്ലാത്ത രാത്രിയായിരുന്നു ഇന്നലെ രാഷ്ട്രീയ പാർട്ടികൾക്ക്. വോട്ടെടുപ്പ് ദിവസം ബൂത്തുകേന്ദ്രങ്ങൾ കൊടിതോരണങ്ങളാൽ അലങ്കരിക്കുന്നതിനും ബൂത്ത് ഓഫീസുകൾ കെട്ടി തയ്യാറാക്കുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ നിദ്രാവിഹീന രാത്രിയായിരുന്നു ഇന്നലെ. കണ്ണഞ്ചിപ്പിക്കുന്ന വിധം ബോർഡുകളും കൊടിതോരണങ്ങളുമായി ബൂത്തുകേന്ദ്രങ്ങളിലേക്കുള്ള റോഡ് അലങ്കരിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ മുന്നണികൾ അവസാനവട്ട പ്രചാരണം പൂർത്തീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണം അനുസരിച്ച് ബൂത്ത് കേന്ദ്രത്തിൽ നിന്ന് 200 മീറ്റർ അകലെവരെ യാതൊരു പ്രചാരണ വസ്തുക്കളും പാടില്ലെന്നാണ് നിയമം. സ്ഥാനാർത്ഥിയുടെ പേരോ ചിത്രമോ രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമോ ഈ മേഖലയിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്നാണ് നിയമം. അതിനാൽ ഈ ദൂരപരിധി എത്തുന്നതിന് മുൻപുള്ള മേഖലയിലാണ് കൊടിതോരണങ്ങൾ കെട്ടി അലങ്കരിക്കുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും തങ്ങളുടെ സ്ഥാനാർത്ഥിയുടെ ചിത്രമോ ചിഹ്നമോ കാണണമെന്നാണ് അണികൾക്ക് നിർബന്ധം.
ബൂത്തിലേക്കുള്ള വഴിയിൽ ബോർഡുകൾകൊണ്ട് അലങ്കരിക്കുന്നതും വീഥിക്കിരുവശവും തോരണങ്ങൾ പോലെ തൂക്കിയിട്ട പോസ്റ്ററുകളും വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് ഇപ്പോഴും തുടർന്നുവരുന്ന വിശ്വാസം. അതിനായി സ്ഥാനാർത്ഥിയുടെ ചിത്രമുള്ള പോസ്റ്ററുകളും ചിഹ്‌നം മാത്രം അച്ചടിച്ച ചെറിയ പോസ്റ്ററുകളും ബൂത്ത് കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് മാനേജർമാർ എത്തിച്ചിരുന്നു. രാത്രിയോടെ അതത് രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ ഒരുമിച്ചുചേർന്ന് ബൂത്ത് ഓഫീസുകൾ കെട്ടിയൊരുക്കി. പോളിംഗ് ബൂത്തിൽ ഇൻ ഏജന്റായി പേര് നൽകാൻ നേരത്തെ തന്നെ തീരുമാനിക്കപ്പെട്ട പ്രാദേശിക നേതാക്കൾ വൈകിട്ടോടെ പോളിംഗ് ബൂത്തിൽ എത്തി അപേക്ഷ പൂരിപ്പിച്ചു നൽകി. രാവിലെ അഞ്ചുമണിയോടെ മോക്ക് പോളിംഗ് നടക്കണമെന്നതിനാൽ അവർക്ക് വേണ്ട നിർദ്ദേശങ്ങളും പാർട്ടിക്കാർ നേരത്തേ തന്നെ നൽകിയിരുന്നു. ഏഴുമണി മുതലാണ് പോളിംഗ്.