പൊന്നില്ലെങ്കിലും മിന്നുന്ന പ്രകടനമായിരുന്നു ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ ഇന്ത്യയുടേത്. അഞ്ച് മെഡലുകളാണ് ഇന്ത്യ ആദ്യദിനത്തിൽ നേടിയത്. രണ്ടാംദിനത്തിലും വേട്ട തുടരുകയാണ്.
ഏഷ്യൻ അത്‌ലറ്റിക്സിൽ ഇന്ത്യയുടെ വളർച്ചയാണ് കഴിഞ്ഞ കുറച്ചുനാളായി കാണുന്നത്. 2013 ൽ പൂനെയിൽ ഇന്ത്യ ആതിഥ്യം വഹിച്ച ചാമ്പ്യൻഷിപ്പിലും തുടർന്ന് 2017 ൽ ഭുവനേശ്വറിലെ ചാമ്പ്യൻഷിപ്പിലും ചൈനയും ജപ്പാനും ഉൾപ്പെടുന്ന വൻ ശക്തികൾക്ക് മുന്നിൽ ഇന്ത്യ മെഡൽ വേട്ട നടത്തിയിരുന്നു. അതിന്റെ തുടർച്ച ദോഹയിൽ ഉണ്ടാകുമെന്ന ശക്തമായ സൂചനയാണ് ആദ്യ ദിനത്തിൽ കണ്ടത്.
400 മീ. ഹർഡിൽസിൽ സരിത ഗായ്ക്ക്വാദും എം.പി.ജബീറും നേടിയ വെങ്കലം ആശ്വാസമായെങ്കിൽ അവിനാശ് സാബ് ലെയും പാരുൽ ചൗധരിയും നേടിയ മെഡലുകൾ പുത്തൻ ഉണർവായി. മഹാരാഷ്ട്ര സ്വദേശിയായ ആർമി താരം അവിനാശ് സ്റ്റീപ്പിൾ ചേസിൽ നേടിയ വെള്ളിക്കു തിളക്കമേറും.ഈ ഇരുപത്തിരണ്ടുകാരൻ ഡോ.നിക്കളായിയുടെ ശിക്ഷണത്തിൽ രണ്ടു വർഷമായി സജീവമായിരുന്നു. നിക്കളായി നാട്ടിൽ പോയി മടങ്ങാതെ വന്നത് തിരിച്ചടിയായി.ഇപ്പോൾ അമ് റീഷ് കുമാറാണ് പരിശീലകൻ. ഹരിയാന സ്വദേശിനി പാരുൽ ചൗധരി റയിൽവേ സ് താരമാണ്.നിക്കളായിയുടെ ശിഷ്യയായിരുന്നു.പാരുൽ 5000 മീറ്ററിനു പുറമെ സ്റ്റീപ്പിൾ ചേസിലും പ്രതീക്ഷ ഉയർത്തുന്നു
ഖലിഫ സ്റ്റേഡിയത്തിലെ സൂപ്പർ താരം ബഹ്റൈന്റെ സാൽവ നാസർ തന്നെ.ലണ്ടൻ ലോക ചാംപ്യൻഷിപ്പിൽ ഒരു ലാപ്പിൽ വെള്ളി നേടിയ, സാൽവ ഇവിടെ സ്വർണം നേടിയെങ്കിലും സംതൃപ്തയല്ലായിരുന്നു. പോയ വർഷം 49.08 സെക്കൻഡിന്റെ ഏഷ്യൻ റെക്കോർഡിട്ട സാൽവ ആദ്യ ദിനം കുറിച്ചത് 51.34 സെ. ഹിമ ദാസ് ഹീറ്റ്സിൽ പിൻമാറിയതാണ് തന്റെ പ്രകടനം മോശമാകാൻ കാരണമെന്ന് സാൽവ പറഞ്ഞു.
ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ കടുത്ത മത്സരത്തിൽ ഹിമയെ തോൽപിച്ചാണ് സാൽവ സ്വർണം നേടിയത്."200 മീറ്റർ കഴിഞ്ഞ് ഞാൻ എതിരാളിയില്ലാതെയാണ് ഓടിയത് .അവസാന 100 മീറ്റർ ഓടിത്തീർക്കുകയായിരുന്നു " മത്സരശേഷം സാൽവ പറഞ്ഞു. സാൽവയോട് മത്സരിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നെന്ന് വെങ്കലം നേടിയ ഇന്ത്യൻ താരം പൂവമ്മ പറഞ്ഞപ്പോൾ അനുമോദനം ഉൾക്കൊണ്ട് സാൽവ നാസർ നന്ദിപൂർവം പൂവമ്മയെ നോക്കി ചിരിച്ചു.