ഗോമതി മാരിമുത്തുവിനും തജീന്ദർ പാലിനും സ്വർണം
ദേശീയ റെക്കാഡ് വീണ്ടും തിരുത്തിയെഴുതി ദ്യുതിചന്ദ്
ഹർഡിൽസിൽ എം.പി ജാബിറിനും സരിത ഗേയ്ക്ക്വാദിനും വെങ്കലം
ജാബിറിന് ലോക ചാമ്പ്യൻഷിപ്പ് യോഗ്യത
ദോഹ : ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ രണ്ടു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലങ്ങളുമായി ഇന്ത്യ കുതിപ്പ് തുടരുന്നു.
ഇന്നലെ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഗുജറാത്തുകാരി സരിത ബെൻ ഗേയ്ക്ക് വാദാണ് വെങ്കലത്തിലൂടെ ഇന്ത്യയ്ക്ക് ആദ്യമെഡലേകിയത്. തൊട്ടുപിന്നാലെ മലയാളിതാരം എം.പി. ജാബിർ പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലവും ലോക ചാമ്പ്യൻഷിപ്പ് യോഗ്യതയും കരസ്ഥമാക്കി.എന്നാൽ മീറ്റിലെ ഇന്ത്യയുടെ ആദ്യ സ്വർണം നേടി 800 മീറ്ററിൽ ഗോമതി മാരിമുത്തു സൂപ്പർ താരമായി മാറി. തുടർന്ന് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ശിവപാൽ സിംഗ് വെള്ളി നേടിയപ്പോൾ ഷോട്ട്പുട്ടിൽ തജീന്ദർ സിംഗ് സ്വർണമണിഞ്ഞു.
ചൈനയുടെ ചുൻയു വാംഗിനോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് ഗോമതി 800 മീറ്ററിൽ സ്വർണമണിഞ്ഞത്. പേഴ്സണൽ ബെസ്റ്റായ 2 മിനിട്ട് 02.70 സെക്കൻഡിലാണ് ഗോമതി ഫിനിഷ് ചെയ്തത്. മലയാളിയായ പരിശീലകൻ കെ.എസ്. അജിമോന്റെ ശിക്ഷണത്തിൽ ട്രാക്കിൽ അരങ്ങേറിയ സരിത ഇന്നലെ 57.22 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. തന്റെ പേഴ്സണൽ ബെസ്റ്റായ 49.13 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജാബിർ പുരുഷവിഭാഗം ഹർഡിൽസിൽ മൂന്നാമതെത്തിയത്.
കഴിഞ്ഞദിവസം 100 മീറ്ററിന്റെ ആദ്യ റൗണ്ടിൽ ദേശീയ റെക്കാഡ് തിരുത്തിയിരുന്ന ദ്യുതി ചന്ദ് ഇന്നലെ സെമിഫൈനലിൽ അതിലും മികച്ച സമയം കണ്ടെത്തുകയായിരുന്നു. ആദ്യ റൗണ്ടിൽ 11.29 സെക്കൻഡിന്റെ റെക്കാഡ് 11.28 സെക്കൻഡായി മാറ്റിയെഴുതിയ ദ്യുതി സെമിയിൽ അത് 11.26 ആയി മാറ്റിയെഴുതി.എന്നാൽ ഫൈനലിൽ 11.44 സെക്കൻഡിൽ ഫിനിഷ് ചെയ്തതോടെ മെഡലില്ലാതെ മടങ്ങേണ്ടിവന്നു.
പുരുഷ 400 മീറ്ററിൽ മലയാളി പ്രതീക്ഷയായിരുന്ന മുഹമ്മദ് അനസ് അവസാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ആരോക്യരാജീവ് നാലാമതായി. 800 മീറ്ററിൽ പ്രതീക്ഷയായിരുന്ന മലയാളി താരം ജിൻസൺ ജോൺസണിന് ഫിനിഷിംഗ് ലൈനിലെത്താൻ കഴിഞ്ഞില്ല. ആദ്യ ലാപ്പിൽ നാലാമതായിരുന്ന ജിൻസൺ പിന്നീട് പിന്നാക്കം പോവുകയായിരുന്നു.ഇൗയിനത്തിൽ മത്സരിച്ച മറ്റൊരു മലയാളി താരം മുഹമ്മദ് അഫ്സൽ ഏഴാമതായി.