കൊളംബിയ: ശ്രീലങ്കയിലെ സ്ഫോടനപരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. പരിക്കേറ്റ 500ഓളം പേ ർ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരിൽ എട്ടുപേർ ഇന്ത്യാക്കാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാസർകോട് സ്വദേശി റസീന, ജി.ഹനുമന്ദരായപ്പ, എം.രംഗപ്പ, ലക്ഷ്മി നാരായൺ, ചന്ദ്രശേഖർ, രമേഷ് എന്നിവരുൾപ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാർ.
ഇതിൽ രമേശ്, ലക്ഷ്മി നാരായൺ, എം. രംഗപ്പ, കെ.ജി. ഹനുമന്തരായപ്പ എന്നിവർ കർണാടകയിൽ നിന്നുള്ള ജെ.ഡി.എസ് പ്രവർത്തകരാണ്.ശ്രീലങ്കയിലേക്ക് പോയ ഏഴംഗ ജെ.ഡി.എസ് സംഘത്തിലെ നാല് പേരാണ് കൊല്ലപ്പെട്ടതെന്നും ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെ കാണാനില്ലെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. എച്ച്. ശിവകുമാർ, എ. മാരിഗൗഡ, എച്ച്. പുട്ടരാജു എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം അവധി ആഘോഷിക്കാനായാണ് നെലമംഗല, ഹൂട്ടനഹള്ളി മേഖലകളിലെ പ്രാദേശികനേതാക്കളായ ഇവർ ശ്രീലങ്കയിലെത്തിയത്. ബോംബ് സ്ഫോടനമുണ്ടായ ഷാങ് റി ലാ ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്.
എൻ.ടി.ജെ
ശ്രീലങ്കയുടെ കിഴക്കൻ പ്രവിശ്യയിൽ നിർണായക സ്വാധീനമുള്ള സംഘടനയാണ് നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ).2014 ൽ ശ്രീലങ്കയിലെ കട്ടൻകുടിയിലാണ്സംഘടന രൂപംകൊള്ളുന്നത്.ചെറിയ ആക്രമണങ്ങൾ നടത്താറുണ്ടെങ്കിലും വലിയ ഭീകരാക്രമണമൊന്നും ഇതുവരെയും ഇവർ നടത്തിയിട്ടില്ല. ഐസിസോ അൽ-ക്വയ്ദയോ പോലുള്ള ഭീകരസംഘടനയുടെ സഹായമില്ലാതെ എൻ.ടി.ജെയ്ക്ക് ഇത്തരമൊരു ആക്രമണം സാധിക്കില്ലെന്ന് വിദഗ്ധർ പറയുന്നു.നേരത്തേ എൻ.ടി.ജെയുടെ നീക്കങ്ങൾക്കെതിരായി ശ്രീലങ്കയിൽ ബുദ്ധമത വിശ്വാസികളുടെ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് ശ്രീലങ്കയിലെ ബുദ്ധമത പ്രതിമകൾക്ക് നേരെ വ്യാപകമായ ആക്രമണങ്ങളുണ്ടായി. ശ്രീലങ്കയിലെ ആകെ ജനസംഖ്യയിൽ 70 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. 12.6 ശതമാനം ഹിന്ദുക്കളും 9.7 ശതമാനം പേർ മുസ്ലിം വിഭാഗവുമാണ്. 7.6 ശതമാനമാണ് ക്രിസ്ത്യൻ ജനവിഭാഗങ്ങളുള്ളത്.
സ്ഫോടകവസ്തുക്കൾ കണ്ടെത്തി
സ്ഫോടനപരമ്പകൾക്കായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന സ്ഫോടകവസ്തുക്കൾ ഇന്നലെ രാവിലെ കൊളംബിയയിലെ സെൻട്രൽ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് കണ്ടെത്തി. 87 ഡിറ്റണേറ്ററുകളാണ് കണ്ടെത്തിയത്. ഇതിൽ 12 എണ്ണം റോഡിൽ ചിതറിക്കിടക്കുന്ന നിലയിലും 75 എണ്ണം ചവറുകൂനയിൽ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് റുവാൻ ഗുണശേഖര പറഞ്ഞു.