രഹാനെയുടെ സെഞ്ച്വറി പാഴായി
റിഷഭ് പന്ത് മാൻ ഒഫ് ദ മാച്ച്
ജയ്‌പൂർ : ക്യാപ്ടൻസിയുടെ സമ്മർദ്ദമില്ലാതെയിറങ്ങിയ അജിങ്ക്യ രഹാനെ നേടിയ സെഞ്ച്വറിക്കും (105 *) ഡൽഹി ക്യാപ്പിറ്റൽസിനെതിരായ ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വിജയിപ്പിക്കാനായില്ല.റിഷഭ് പന്തും (36 പന്തുകളിൽ 78 റൺസ് )ശിഖർ ധവാനും (54)പൃഥ്വി ഷായും (42) ചേർന്ന് രാജസ്ഥാൻ ഉയർത്തിയ 191/6എന്ന സ്കോർ നാലു വിക്കറ്റ് നഷ്ടത്തിൽ നാലുപന്തുകൾ ബാക്കി നിറുത്തി മറികടക്കുകയായിരുന്നു.ഇതോടെ ചെന്നൈ സൂപ്പർ കിംഗ്സിനെ മറികടന്ന് ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
ഒാപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ (0) രണ്ടാം ഒാവറിൽ റൺ ഒൗട്ടായശേഷം രഹാനെ (105 നോട്ടൗട്ട്) ക്യാപ്ടൻ സ്റ്റീവൻ സ്മിത്തിനെ (50) കൂട്ടുനിറുത്തി തകർത്തടിച്ചാണ് രാജസ്ഥാനെ 191/6ലെത്തിച്ചത് . 72 പന്തിൽ 130 റൺസ് കൂട്ടിച്ചേർത്താണ് ഇവർ പിരിഞ്ഞത്. സ്മിത്ത് 32 പന്തിൽ എട്ട് ബൗണ്ടറികൾ പറത്തി. സ്മിത്ത് പുറത്തായശേഷം രഹാനെ പ്രഹരം തുടർന്നു. 63 പന്തുകൾ നേരിട്ട രഹാനെ 11 ബൗണ്ടറികളും മൂന്ന് സിക്സുകളും പായിച്ചു. അവസാന ഒാവറുകളിൽ വിക്കറ്റുകൾ പൊഴിഞ്ഞതിനാലാണ് രാജസ്ഥാന് 200 കടക്കാനാകാതെ പോയത്.