കൊച്ചി: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ട്രാവൽസ് ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ട്രാവൽസ് ജീവനക്കാരനും മണ്ണഞ്ചേരി സ്വദേശിയുമായ വിഷ്ണു (29) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഇയാളെ മരട് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. രണ്ട് പേർ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് മരട് എസ്.ഐ കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു.
സുരേഷ് കല്ലട ബസിലെ ജീവനക്കാരായ തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ജയേഷ് (29), തൃശൂർ കൊടകര സ്വദേശി ജിതിൻ (25), തമിഴ്‌നാട് സ്വദേശി അൻവർ, ഹരിപ്പാട് സ്വദേശി രാജേഷ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ വധശ്രമകുറ്റമാണ് ചുമത്തിയിട്ടുള്ളത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരുടെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ കൊച്ചി സിറ്റി പൊലീസ് ബംഗളൂരുവിലെത്തിയിട്ടുണ്ട്.
നേരത്തെ മൊബൈലിലൂടെയാണ് മൊഴി രേഖപ്പെടുത്തിയിരുന്നത്. ബസിന്റെ ഉടമയായ തൃശൂർ സ്വദേശി സുരേഷ് കല്ലടയെ വിളിച്ചു വരുത്താൻ ഇന്നലെ ദക്ഷിണ മേഖലാ എഡി.ജി.പി മനോജ് ഏബ്രഹാമിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകിയിരുന്നു. സുരേഷ് കുമാർ ഇന്ന് പൊലീസിന് മുന്നിൽ ഹാജരായേക്കുമെന്നാണ് സൂചന. ഇന്നലെ കല്ലട ട്രാവൽസിന്റെ തിരുവനന്തപുരം ഓഫീസ് മാനേജരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. ബസ് സുരേഷ് കുമാറിന്റെ പേരിൽ ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്തതിനാൽ തുടർ നടപടികൾക്കായി കേസ് അവിടേക്ക് കൈമാറും. പൊലീസ് റിപ്പോർട്ട് ലഭിച്ചാലുടൻ ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യുമെന്ന് എറണാകുളം ആർ.ടി.ഒ ജോജി പി. ജോസ് പറഞ്ഞു.
ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് പൊലിസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. എന്നാൽ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസിൽ എത്തിയപ്പോൾ ഹരിപ്പാട് വെച്ചുണ്ടായ തർക്കത്തിനു പകരം ചോദിക്കാൻ ജീവനക്കാർ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞത്.