ന്യൂഡൽഹി: റിംഗിൽ എതിരാളിയെ വിറപ്പിക്കുന്ന ബോക്‌സർ വിജേന്ദർ സിംഗിന്റെ കിക്കുകൾ ഇനി രാഷ്ട്രീയത്തിലേക്ക്. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്‌സറായ വിജേന്ദർ, സൗത്ത് ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. തനിക്ക് മത്സരിക്കാൻ അവസരം നൽകിയതിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും നന്ദിയറിയിക്കാനും വിജേന്ദർ മറന്നില്ല. '20 വർഷത്തിലേറെയായി ബോക്‌സിംഗ് റിംഗിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി. ഇനി എന്റെ രാജ്യത്തുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള സമയമാണ് ' വിജേന്ദർ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിൽ ബോക്‌സിംഗിനെ ജനപ്രിയ ഇനമായി വളർത്തുന്നതിൽ വളരെ വലിയ പങ്ക് വഹിച്ച വ്യക്തികളിൽ ഒരാളാണ് വിജേന്ദർ. നിലവിൽ വേൾഡ് ബോക്‌സിംഗ് ഓർഗനൈസേഷന്റെ ഏഷ്യ പസഫിക് മിഡിൽവെയ്റ്റ് ചാമ്പ്യനും ഓറിയന്റൽ സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യനുമാണ് 33 കാരനായ വിജേന്ദർ. 2004 ഏഥൻസ് ഒളിമ്പിക്‌സ്, 2006 കോമൺവെൽത്ത് ഗെയിംസ്, 2008 ബീജിംഗ് ഒളിമ്പിക്സ് തുടങ്ങി നിരവധി അന്താരാഷ്ട്ര വേദികളിലെല്ലാം ബോക്‌സിംഗിൽ ഇന്ത്യയുടെ സാന്നിദ്ധ്യമായിരുന്നു വിജേന്ദർ. ബീജിംഗ് ഒളിമ്പിക്‌സിലാണ് വിജേന്ദർ വെങ്കല മെഡൽ നേടി ലോക ബോക്‌സിംഗിൽ ഇന്ത്യയുടെ പേര് എഴുതി ചേർത്തത്. പിന്നീട് അമച്വർ കരിയർ വിട്ട് പ്രൊഫഷണൽ ബോക്‌സിംഗിലേക്ക് തിരിയുകയായിരുന്നു വിജേന്ദർ.
ബോക്‌സിംഗ് രംഗത്ത് വിജേന്ദർ നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിൽ 2010ൽ വിജേന്ദറിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ബോക്‌സിംഗ് താരമായ വിജേന്ദർ പ്രൊഫഷണൽ ബോക്‌സിംഗ് രംഗത്തെ അജയ്യനായ പോരാളി കൂടിയാണ്. എന്നാൽ, വിജേന്ദറിന്റെ രാഷ്ട്രീയ പ്രവേശനവും സ്ഥാനാർത്ഥിത്വവുമൊക്കെ ചർച്ചാ വിഷയം ആയിരുന്നില്ല. വിജേന്ദറിനെ സ്ഥാനാർത്ഥിയാക്കാനുള്ള അപ്രതീക്ഷിത നീക്കം ബോക്‌സിംഗ് ആരാധകരെ ഞെട്ടിച്ചു. വിജേന്ദറിന്റെ സ്ഥാനാർത്ഥിത്വം രാഹുൽ ഗാന്ധി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ബി.ജെ.പിയുടെ രമേശ് ബിദൂരി, ആംആദ്മി പാർട്ടിയുടെ രാഘവ് ഛദ്ദ എന്നിവരോടാണ് വിജേന്ദറിന്റെ ഏറ്റുമുട്ടൽ. ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായി സഖ്യം വേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കി ഡൽഹി പിടിച്ചെടുക്കാനാണ് കോൺഗ്രസിന്റെ പടയൊരുക്കം.
വിജേന്ദറിന്റെ രംഗപ്രവേശം കോൺഗ്രസിന് അനുകൂലമാകുമെന്ന് കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു. ജാട്ട്, ഗുജ്ജാർ വിഭാഗങ്ങളുടെ വോട്ട് വിജേന്ദറിലൂടെ ലഭിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. യുവവോട്ടർമാരുടെ വോട്ടും വിജേന്ദറിനുതന്നെ വീഴുമെന്നും പ്രതീക്ഷിക്കുന്നു. നിലവിൽ ബി.ജെ.പിയുടെ രമേശ് ബിദൂരിയാണ് സൗത്ത് ഡൽഹിയിൽ നിന്നുള്ള പാർലമെന്റ് അംഗം. മേയ് 12നാണ് ഡൽഹിയിൽ വോട്ടെടുപ്പ്.