cinema

മുംബയ്: പ്രശസ്തരായവരുടെ മക്കൾക്ക് പുറകേയാണ് പാപ്പരാസികൾ. പ്രത്യേകിച്ച് സിനിമാക്കാരുടെ പെൺമക്കൾക്ക്. അവർ എവിടെപ്പോകുന്നു, എന്തുകഴിക്കുന്നു, എന്തുടുക്കുന്നു, ധരിച്ചിരിക്കുന്ന വസ്ത്രത്തിന് എന്തുനീളമുണ്ട് എന്നുവരെ നോക്കിയിരിക്കും. അവരെ വിടാതെ പിന്തുടർന്ന് വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് പാപ്പരാസികളുടെ ഇഷ്ടവിനോദമാണ്. ഇത് സഹിക്കവയ്യാതെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരമായ കജോൾ. മകൾ നൈസയുടെ ബോളിവുഡ് പ്രവേശനം എന്നാണെന്ന് ചിലർ ചോദിച്ചതാണ് കാജോളിനെ ചൊടിപ്പിച്ചത്. മകൾക്ക് പതിനാറുവയസേ ആയിട്ടുള്ളൂ. പത്താംക്ളാസ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുകയാണ്. അവളെ വെറുതേ വിട്ടേക്കൂ. മര്യാദയ്ക്ക് അവർ പരീക്ഷ എഴുതിക്കോട്ടെ -കാജോളിന്റെ അഭ്യർത്ഥന ഇങ്ങനെയായിരുന്നു. ഒരു ചടങ്ങിനിടെയാണ് ചോദ്യങ്ങളുമായി പാപ്പരാസികൾ കാജോളിനെ വളഞ്ഞത്. നേരത്തേ മകൾക്കെതിരെയുള്ള ബോഡി ഷെയ്‌മിംഗിനെതിരെ കജോളിന്റെ ഭർത്താവ് അജയ് ദേവ്ഗണും രംഗത്തെത്തിയിരുന്നു.

മകളുടെ മനസ് വേദനിപ്പിക്കുന്ന തരത്തിൽ വാർത്തകളും ചിത്രങ്ങളും നിരന്തരം പുറത്തുവരുന്നതാണ് അജയ് ദേവ്ഗണിനെ ചൊടിപ്പിച്ചത്. മകളുടെ ശരീരപ്രകൃതിയെ തീർത്തും അപഹസിക്കുന്ന തരത്തിലുള്ള വാർത്തകളും ചിത്രങ്ങളും അച്ഛനെന്നനിലയിൽ തന്നെ വളരെ മോശമായിബാധിക്കാറുണ്ടെന്നും അന്ന് അജയ് പറഞ്ഞിരുന്നു.

ഇറക്കം കുറഞ്ഞ വേഷം ധരിച്ചുനിൽക്കുന്ന നൈസയുടെ ചിത്രങ്ങൾ പാപ്പരാസികൾ പുറത്തുവിട്ടതോടെയാണ് ഇല്ലാക്കഥകൾ പ്രചരിച്ചുതുടങ്ങിയത്. അധികം വൈകാതെതന്നെ നൈസ ബോളിവുഡിൽ രംഗപ്രവേശം ചെയ്യുമെന്നും അതിനുമുന്നോടിയാണ്

ഇറക്കം കുറഞ്ഞവേഷങ്ങൾ ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതെന്നുമായിരുന്നു പറഞ്ഞുപരത്തിയത്. അർഹിക്കുന്ന അവജ്ഞയോടെ കുടുംബാംഗങ്ങൾ ഇതിനെ തള്ളിയെങ്കിലും ബോഡി ഷെയ്‌മിംഗ് തുടർന്നു. ഇതിനെത്തുടർന്നാണ് അജയും കാജോളും പ്രതികരിച്ചത്.