സൂസൻ, ഇന്നോവ കാറിൽ നിന്ന് പുറത്തേക്കു വച്ച കാൽ പെട്ടെന്നു പിൻവലിച്ചു. ശേഷം വെട്ടിത്തിരിഞ്ഞു നോക്കുകയും പാഞ്ചാലിയുടെ കയ്യിൽ മുറുകെ പിടിക്കുകയും ചെയ്തു.
തറവാടിന്റെ വാതിലിനു പിന്നിലേക്കു നീങ്ങിയ ചന്ദ്രകലയും ശിരസ്സ് അല്പം പുറത്തേക്കു നീട്ടി.
അവളുടെ മുഖത്ത് ഒരു നടുക്കം പടർന്നു.
പുറത്ത് വന്നുനിന്ന ജീപ്പിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഇറങ്ങുന്നു..!
ഒപ്പം ഉണ്ടായിരുന്ന ഐ - 20 കാറിൽ നിന്ന് മാന്യമായി വസ്ത്രധാരണം ചെയ്ത രണ്ട് പുരുഷന്മാർ.
അതോടെ ചന്ദ്രകലയിലെ നടുക്കം പൂർണമായി.
''ആരാ മോളേ അവർ?"
കാറിലിരുന്ന് സൂസൻ ശബ്ദം താഴ്‌ത്തി പാഞ്ചാലിയോടു തിരക്കി.
പാഞ്ചാലിയും ഒന്നു വിളറി.
''എന്റെ കൊച്ചച്ഛന്മാരാ...."
മിന്നൽ വേഗത്തിൽ പാഞ്ചാലിക്ക് കാര്യം ബോദ്ധ്യപ്പെട്ടിരുന്നു.
താൻ ഫോൺ ചെയ്തത് അനുസരിച്ച് വിവേക് കരുളായിക്കു പോകുകയും കൊച്ചച്ഛന്മാരോട് വിവരം പറയുകയും ചെയ്തിരിക്കുന്നു!
അതിന് അവർ പോലീസിനേയും കൂട്ടി വന്നതാണ്!
''മോളേ..."
സൂസന് സംശയം മണത്തു:
''ആര് എങ്ങനെയൊക്കെ ചോദിച്ചാലും ഡോക്ടറന്മാരോട് പറഞ്ഞതുപോലെ മാത്രമേ പറയാവൂ."
പാഞ്ചാലി ധർമ്മസങ്കടത്തിലായി. താൻ പറഞ്ഞതനുസരിച്ചാണ് വിവേക് ചെന്നു പറഞ്ഞതെന്ന് അനന്തഭദ്രൻ കൊച്ചച്ഛനും ബലഭദ്രൻ കൊച്ചച്ഛനും പോലീസിനോടു പറഞ്ഞാൽ...
''എന്താ മോളേ?"
സൂസൻ അവളെ തുറിച്ചുനോക്കി.
''ഒന്നുമില്ല..."
''എങ്കിൽ ഇറങ്ങിവാ."
അപ്പോഴേക്കും സി.ഐ അലിയാരും സംഘവും പിന്നാലെ അനന്തഭദ്രനും ബലഭദ്രനും കാറിനടുത്ത് എത്തിയിരുന്നു.
ഇന്നോവയിൽ നിന്ന് ആദ്യം സൂസൻ ഇറങ്ങി.
അവളെ കണ്ട് ആഗതർക്ക് ആദ്യം അത്ഭുതമായി.
സി.ഐ നെറ്റി ചുളിച്ചു:
''സൂസൻ അല്ലേ? സീരിയൽ ആർട്ടിസ്റ്റ്?"
''അതെ സാർ..." അവൾ വശ്യമായി ചിരിച്ചു.
''മേഡമെന്താ ഇവിടെ?"
''പുതിയ സീരിയൽ ലൊക്കേഷൻ നിലമ്പൂരാണ്. അതിനാൽ കുറച്ചുദിവസം ഈ തറവാട്ടിലാണിനി താമസം."
അലിയാർ ഒന്നു മൂളി. പിന്നെ തല കുനിച്ച് കാറിനുള്ളിലേക്ക് നോക്കി.
''പാഞ്ചാലിയല്ലേ?"
അവൾ തലയാട്ടി.
''ഇറങ്ങി വന്നേ. ചോദിക്കട്ട്."
പരുങ്ങലോടെ അവൾ ഇറങ്ങി.
അനന്തഭദ്രനും ബലഭദ്രനും പോലീസ് ഉദ്യോഗസ്ഥരും അവളെ ആപാദചൂഡം ഒന്നു നോക്കി.
അവളുടെ നെറ്റിയിലെ ബാൻഡേജിൽ അവരുടെ കണ്ണുകൾ തറഞ്ഞുനിന്നു.
''ഇത് എന്താ മോളേ?"
ചോദിച്ചത് ബലഭദ്രനാണ്.
''അത്... " പാഞ്ചാലിയുടെ ചുണ്ടുകൾ വിറച്ചു. ''അടുക്കളയിൽ.. കാൽ തെന്നിയപ്പോൾ..."
വല്ല വിധേനയും പാഞ്ചാലി പറഞ്ഞൊപ്പിച്ചു.
ബലഭദ്രൻ, അലിയാരെ നോക്കി കണ്ണുകൊണ്ട് ഒരടയാളം കാട്ടി.
അലിയാർ ഒരടി മുന്നോട്ടുവച്ചു:
''അല്ലെന്ന് അറിഞ്ഞുകൊണ്ടാ കുട്ടീ ഞങ്ങള് വന്നിരിക്കുന്നത്. താൻ സത്യം പറഞ്ഞോ. തന്നെ ആരും ഒന്നും ചെയ്യില്ല."
''അല്ല സാർ.... ഇവൾ വീഴുമ്പോൾ ഞാനും ഉണ്ടായിരുന്നു ഇവിടെ."
സൂസൻ ഇടയ്ക്കു കയറി പറഞ്ഞു.
അലിയാരുടെ കണ്ണുകൾ കുറുകി.
''എന്റെ ചോദ്യം മേഡത്തോടല്ല."
''സോറി സാർ..." സൂസൻ വിളറി.
സി.ഐയുടെ നോട്ടം വീണ്ടും പാഞ്ചാലിയിലായി.
''കുട്ടി പറയൂ."
''ഞാൻ ... വീണതാണ്..." അവൾ പിന്നെയും ഉരുവിട്ടു.
''അങ്ങനെ വീണെങ്കിൽ നിന്റെ അമ്മയല്ലേ ഒപ്പം ഉണ്ടാകേണ്ടിയിരുന്നത്? എന്നിട്ട് അവളെവിടെ?"
ചോദ്യം അനന്തഭദ്രന്റെ വകയായിരുന്നു.
തങ്ങൾ കുരുക്കിലായി എന്ന് സൂസനും അറിഞ്ഞു, പാഞ്ചാലിയും അറിഞ്ഞു.
എല്ലാം കേട്ട് അകത്ത് വാതിലിനു പിന്നിൽ നിന്നിരുന്ന ചന്ദ്രകല അടുത്ത നിമിഷം പുറത്തെത്തി. അത്ഭുതം ഭാവിച്ച് സൂസനോടു ചോദിച്ചു.
''സൂസൻ, മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോയോ? രക്തം കണ്ടപ്പോൾ എനിക്ക് തല കറങ്ങിപ്പോയി. ബോധം വന്നുനോക്കിയപ്പോൾ നിങ്ങൾ രണ്ടാളെയും കണ്ടില്ല. എനിക്കാണെങ്കിൽ സൂസന്റെ ഫോൺ നമ്പരും അറിയില്ലായിരുന്നു..."
അത്രയും മതിയായിരുന്നു സൂസന്.
അവൾ അവസരത്തിനൊത്ത് പെട്ടെന്നുയർന്നു.
''എന്തു പറയാനാ കലേ...
ആ നേരത്ത് എനിക്ക് മോടെ കാര്യം മാത്രമേ നോക്കാൻ കഴിഞ്ഞുള്ളൂ. പിന്നെ നിന്നെ ശ്രദ്ധിക്കാൻ എന്റെ ആയയെ ഏർപ്പാടും ചെയ്തു."
രണ്ടുപേരും പറയുന്നത് കളവാണെന്ന് ആ നിമിഷം സി.ഐ മനസ്സിലാക്കി.
''ആ സ്ത്രീയെ ഇങ്ങോട്ടു വിളിച്ചേ. നിങ്ങളുടെ ആയയെ..."
അത് ഒരിക്കലും പ്രതീക്ഷിച്ചില്ല ചന്ദ്രകലയും സൂസനും.
തന്റെ സഹായിയെ പോലീസ് ചോദ്യം ചെയ്താൽ എല്ലാം തകരും എന്ന് സൂസന് ഉറപ്പായി.
അടുത്ത നിമിഷം ചന്ദ്രകലയുടെ ബുദ്ധിയിൽ വെളിച്ചം മിന്നി:
'അയ്യോ സാറേ... ആ സ്ത്രീ കുറച്ചു മുമ്പ് നിലമ്പൂരിനു പോയി. സൂസന് എന്തോ മേക്കപ്പ് സാധനം വാങ്ങണമെന്നും പറഞ്ഞ്..."
അതുകേട്ട് അലിയാർ ഉച്ചത്തിൽ ചിരിച്ചു.
(തുടരും)