crime

തിരുവനന്തപുരം: ഒറിജിനലിനെ വെല്ലുന്ന കിലോക്കണക്കിന് പണ്ടങ്ങൾ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള കടയ്ക്കൽ മാങ്കോട് മതിര പാറവിള വീട്ടിൽ റഹിമിന് (30) പണത്തിനെന്തിന് ടെൻഷൻ! എപ്പോൾ ചോദിച്ചാലും പതിനായിരമോ ലക്ഷമോ, എത്ര വേണമെങ്കിലും റഹിമിന്റെ കീശയിൽ റെഡി. മുക്കുപണ്ട പണയത്തട്ടിപ്പ് കേസിൽ പള്ളിക്കൽ പൊലീസ് പിടികൂടിയ റഹിം സുഹൃത്തുക്കൾക്കോ ഉറ്റവർക്കോ പണത്തിനാവശ്യം വന്നാൽ ഉടൻ സഹായത്തിനെത്തും. പണം പലിശയ്ക്ക് കൊടുക്കുന്നതും പണയ സ്വർണ ബിസിനസും റിയൽ എസ്റ്റേറ്റ് വ്യാപാരവുമൊക്കെയാണ് തന്റെ വരുമാന സ്രോതസായി ഇയാൾ പലരോടും പറഞ്ഞിരുന്നത്. 916 ഹാൾ മാർക്ക് മുദ്ര‌‌യുള്ള യഥാർത്ഥ സ്വർണത്തെ വെല്ലുന്ന മാലകളും വളകളും മോതിരങ്ങളും കൈവശം കരുതുന്ന റഹിം പണത്തിനാവശ്യം വന്നാൽ അപ്പോൾതന്നെ ഇവ പണയപ്പെടുത്തി കാര്യം സാധിക്കും. പൊലീസ് ചോദ്യം ചെയ്യലിലാണ് റഹിമിന്റെ കാണാക്കഥകൾ പുറത്തായത്.

പണമിടപാട് സ്ഥാപനങ്ങളിലെ ആധുനിക പരിശോധനാ സംവിധാനങ്ങൾക്കുപോലും കണ്ടെത്താൻ കഴിയാത്ത വിധത്തിൽ സൂക്ഷ്മമായിട്ടായിരുന്നു വ്യാജ ആഭരണങ്ങൾ നിർമ്മിച്ചിരുന്നത്. റെഡിമെയ്ഡായി വാങ്ങാൻ കിട്ടുന്ന ഇമിറ്റേഷൻ ആഭരണങ്ങൾക്ക് മീതെ പ്രത്യേക തരത്തിൽ ഗോൾഡ് കവറിംഗ് നടത്തിയായിരുന്നു റഹിം പണം ഇടപാട് സ്ഥാപനങ്ങളെ കബളിപ്പിച്ചിരുന്നത്. റഹിമിന്റെ കൂട്ടാളികളായ ചിലരാണ് വ്യാജ പണ്ടങ്ങൾ നിർമ്മിക്കാൻ പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്തത്. അവരെപ്പറ്റിയുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും പിടികൂടാൻ പൊലീസിനായിട്ടില്ല.

സമാന സ്വഭാവത്തിലുള്ള നിരവധി കേസുകളിൽ പ്രതിയായ റഹിമാണ് സംഘത്തലവൻ. മുമ്പ് കേസിലുൾപ്പെട്ടിട്ടുള്ളതിനാൽ പണയം വയ്ക്കാൻ റഹിം പോകാറില്ല. ഉരുപ്പടികൾ പണയപ്പെടുത്താനാണ് മടവൂർ തുമ്പോട് ജെഎൻ മൻസിലിൽ അസ്ളം (20), സീമന്തപുരം നക്രാംകോണം അൻസ‌ർ മൻസിലിൽ അക്ബർ (20) എന്നിവരുടെ സഹായം തേടിയിരുന്നത്. ഇവരും പൊലീസ് പിടിയിലായി. ഇവരാണ് സ്വന്തം തിരിച്ചറിയൽ രേഖകളുപയോഗിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണ്ടങ്ങൾ പണയം വച്ചിരുന്നത്. ഉരുപ്പടിയുടെ തൂക്കത്തിനനുസരിച്ചുള്ള പരമാവധി പണം ഇവർ വായ്പയെടുക്കാറില്ല. മൂല്യത്തിന്റെ പകുതിയിൽ താഴെ തുകയേ പലപ്പോഴും വാങ്ങാറുള്ളൂ. ഇതുകാരണം തിരിച്ചെടുക്കാൻ വൈകിയാലും സ്ഥാപനങ്ങളുടെ സമ്മർദ്ദം ഉണ്ടാകാറില്ല.

നിരന്തരം ആഭരണങ്ങൾ പണയപ്പെടുത്തുകയും പലിശ അടച്ച് നിരന്തരം പുതുക്കി വയ്ക്കുകയും ചെയ്തിരുന്ന ഇവർ പുതിയ ഉരുപ്പടികൾ വീണ്ടും പണയപ്പെടുത്തിക്കൊണ്ടിരുന്നതാണ് സംശയത്തിനിടയാക്കിയത്. ഏതാനും ദിവസം മുമ്പ് ഒരു സ്ഥാപനത്തിൽ പണയം വയ്ക്കാനെത്തിയ ഇവർ ജീവനക്കാരുടെ ചോദ്യം ചെയ്യലിൽ പരുങ്ങിയതോടെ സംശയം ബലപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നൽകിയ പരാതിയിൽ ഷാഡോ പൊലീസ് സഹായത്തോടെ പള്ളിക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പൊലീസിന്റെ പിടിയിലായത്. പള്ളിക്കൽ എൽ.പി.എസിന് സമീപം നാസിം മൻസിലിൽ ബഹദൂറെന്ന നവാസ് (55), പള്ളിക്കൽ മുക്കംകോട് വാഴവിള വീട്ടിൽ അലിഫുദ്ദീൻ (59) എന്നിവരാണ് ആഭരണങ്ങൾ പണയപ്പെടുത്താൻ അസ്ളമിനെയും അക്ബറിനെയും ഉപയോഗിച്ചത്. മുക്കുപണ്ടമാണെന്ന് അറിയാതെയാണ് ഇവർ പണയം വയ്ക്കാൻ കൂട്ടുനിന്നത്. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ പണയം വയ്ക്കാൻ സഹായിക്കണമെന്നായിരുന്നു നവാസും അലിഫുദ്ദീനും ഇവരോട് ആവശ്യപ്പെട്ടത്. പണയപ്പെടുത്തുന്ന തുകയ്ക്ക് അനുസരിച്ച് പ്രതിഫലവും നൽകിയിരുന്നു.

അസ്ളമിന്റെയും അക്ബറിന്റെയും മൊഴിപ്രകാരം നവാസിനെയും അലിഫുദ്ദീനെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് നിരവധി തട്ടിപ്പ് കേസിൽ പ്രതിയായ റഹിമാണ് സംഘത്തലവനെന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടത്. റഹിമിന്റെ വീട്ടിൽ നിന്ന് നിരവധി പണയ പണ്ടങ്ങളും മറ്റുള്ളവരുടെ വീടുകളിൽ നിന്ന് പണയ രസീതുകളും പൊലീസ് കണ്ടെടുത്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ കേസുകൾ തെളിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ജില്ലാ പൊലീസ് മേധാവി ബി. അശോകന്റെ മേൽനോട്ടത്തിൽ സി.ഐ മിഥുൻ, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ജിഷി, ഷാൻ, അനീഷ് , ശ്രീരാജ് എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.