കവിളടക്കം അടിയേറ്റതു പോലെയായി ചന്ദ്രകലയും സൂസനും.
അലിയാരുടെ ചുണ്ടിൽ നിന്ന് വാക്കുകൾ അടർന്നു.
''മിസ്സിസ് ചന്ദ്രകല. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും സത്യത്തെ മൂടിവയ്ക്കാൻ കഴിയില്ല. നിങ്ങൾ ഈ കുട്ടിയെ പട്ടിണിക്കിട്ടു. ഇവൾക്ക് ആരോ ഭക്ഷണം വാങ്ങിക്കൊടുത്തു എന്ന കാരണം പറഞ്ഞ് ഇവളുടെ ശിരസ്സുപിടിച്ച് നിങ്ങൾ എവിടെയോ ഇടിച്ചു. യഥാർത്ഥത്തിൽ അതല്ലേ നടന്നത്?"
ഒരു നിമിഷം അവർക്കിടയിൽ മൗനത്തിന്റെ മതിൽക്കെട്ടുയർന്നു.
അത് തകർത്തത് പാഞ്ചാലിയാണ്.
''അല്ല സാർ... മമ്മി എന്നെ ഒന്നും ചെയ്തിട്ടില്ല.. സാറ് എന്നെ വിശ്വസിക്കണം."
''ഉം." അമർത്തി മൂളിക്കൊണ്ട് അലിയാർ തിരിഞ്ഞു.
അനന്തഭദ്രനെയും ബലഭദ്രനെയും നോക്കി:
''ഇവിടെയിനി ഞാൻ എന്തുചെയ്യണം? കുട്ടി തന്നെ ഇങ്ങനെ പറയുമ്പോൾ.. ഈ പറഞ്ഞതിൽ ഒരുപാട് ദുരൂഹതയുണ്ടെന്നും എനിക്കറിയാം. പക്ഷേ കുട്ടിക്ക് പരാതിയില്ലെങ്കിൽ.. ആം ഹെൽപ്പ്‌ലസ്."
അനന്തഭദ്രൻ ഒരു ചുവട് മുന്നോട്ടു വച്ചു. ചന്ദ്രകലയുടെ കണ്ണുകളിലേക്ക് നോട്ടമുറപ്പിച്ചു.
''നീ ആരാണെന്ന് ഞങ്ങടെ ഏട്ടൻ പോലും അറിയാൻ വൈകി. അദ്ദേഹത്തിന്റെ മരണത്തിൽ പോലും ഞങ്ങൾക്കു സംശയമുണ്ട്. അതുപോലെ വസുന്ധര ഏട്ടത്തിയുടെയും മകന്റെയും മരണത്തിലും....
കാലം എത്ര കഴിഞ്ഞാലും ഒരുനാൾ സത്യങ്ങൾ പുറത്തുവരും. അത് നിന്റെ പട്ടടയിൽ വച്ചായാലും."
അയാൾ അവൾക്കു നേരെ കൈ ചൂണ്ടി ചീറി:
''ഒരു കാര്യം നീ ഓർത്താൽ നന്ന്. എന്നും എപ്പോഴും നിനക്കിങ്ങനെ രക്ഷപ്പെടാൻ കഴിയില്ല. ഇവൾ, ഈ പാഞ്ചാലി ഞങ്ങടെ ചോരയാണ്. ഇനി ഇവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ.... നീ കണക്കു പറയും. നിന്നെക്കൊണ്ട് ഞങ്ങൾ പറയിക്കും."
ചന്ദ്രകല പുച്ഛഭാവത്തിൽ ചുണ്ടുകോട്ടി. ശേഷം സി.ഐയ്ക്കു നേരെ തിരിഞ്ഞു:
''സാർ.. നിങ്ങളുടെ കൂടെ സാന്നിദ്ധ്യത്തിലാണ് ഈ മനുഷ്യൻ ഒരു സ്ത്രീയെ അപമാനിക്കുന്നത്. മറക്കണ്ടാ. ഈ നാട്ടിൽ സ്‌ത്രീകളുടെ രക്ഷയ്ക്ക് ഒരുപാട് സംഘടനകളുണ്ട്. സാറിന്റെ തൊപ്പി പോകും എന്നൊന്നും ഞാൻ പറയില്ല. പക്ഷേ കുറേക്കാലം കാക്കിയ്ക്കു പുറത്തു നിൽക്കാൻ ഇത് മതി."
വിളറിപ്പോയി സി.ഐ അലിയാർ. എങ്കിലും അറിയിച്ചു.
''ഈ പറഞ്ഞത് ഒരു പുരുഷനായിരുന്നെങ്കിൽ ഇപ്പോൾ ഈ മുറ്റത്തു കിടന്നു പുളഞ്ഞേനെ. പക്ഷേ 'സ്‌ത്രീ" എന്നത് എന്തും പറയാനും പ്രവർത്തിക്കാനുമുള്ള ലൈസൻസ് ആണെന്നു കരുതല്ലേ... പിന്നെ ഈ നിലമ്പൂരിൽ നിന്ന് പോകുന്നതിനു മുൻപ് നിങ്ങളെ ഞാൻ പൂട്ടിയിരിക്കും."
അലിയാർ വെട്ടിത്തിരിഞ്ഞ് ജീപ്പിൽ കയറി. പോലീസുകാരും.
അനന്തഭദ്രനും ബലഭദ്രനും ചന്ദ്രകലയെ നോക്കി പല്ലിറുമ്മി.
ബലഭദ്രൻ മുന്നോട്ടുനീങ്ങി പാഞ്ചാലിയുടെ തോളിൽ കൈവച്ചു.
''മോളേ.. സത്യം ഞങ്ങൾക്കറിയാം. ഇപ്പോൾ നീ നിസ്സഹായയാണ്. ഇനി ഒരു വട്ടമെങ്കിലും നിനക്ക് എന്തെങ്കിലും പ്രയാസമുണ്ടായാൽ അപ്പഴറിയിച്ചേക്കണം. ഞങ്ങൾ പറന്നെത്തും."
പാഞ്ചാലി തല കുലുക്കി.
അനന്തഭദ്രനും ബലഭദ്രനും ഐ - 20 യിൽ കയറി.
വാഹനങ്ങൾ പിന്നോട്ടെടുത്ത് തിരിച്ച് അവരും പോലീസും പോയി.
''മിടുക്കി."
സൂസൻ, പാഞ്ചാലിയെ അഭിനന്ദിച്ചു.
''നിന്റെ ഒറ്റ വാക്കിന്റെ ബലത്തിലാ അവരു പോയത്."
പാഞ്ചാലി മിണ്ടിയില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.
അവളെ തീർത്തും അവഗണിച്ച് ചന്ദ്രകല അകത്തേക്കു പോയിക്കഴിഞ്ഞിരുന്നു....
***********
സന്ധ്യ.
എം.എൽ.എ ശ്രീനിവാസ കിടാവിന്റെ വിശാലമായ തെങ്ങിൻ തോപ്പിലുള്ള ചെറിയ കെട്ടിടം.
ഒരുഭാഗത്ത് കരുളായി പുഴയായിരുന്നു....
തെങ്ങിൻ തോപ്പിൽ ഇടവിളയായി നിറയെ വാഴകൾ....
തോട്ടത്തിനു നടുവിലെ ചെറിയ റോഡിലൂടെ പ്രജീഷിന്റെ ബോട്ടിൽ ഗ്രീൻ കളറുള്ള റെയ്‌ഞ്ച് റോവർ കാർ ഒഴുകിവന്ന് കെട്ടിടത്തിനു മുന്നിൽ നിന്നു.
അവിടെ രണ്ട് കാറുകൾ കൂടി ഉണ്ടായിരുന്നു.
ഒന്ന് ഇന്നോവയും അടുത്തത് ബെൻസും.
പ്രജീഷ് കാറിൽ നിന്നിറങ്ങി അകത്തേക്കു ചെന്നു.
ശ്രീനിവാസ കിടാവും സൂസനും ഉണ്ടായിരുന്നു അവിടെ. മുന്നിലെ മേശയിൽ കോണ്യാക്കിന്റെയും ഫൈവ് തൗസന്റ് ബിയറിന്റെയും ഓരോ കുപ്പികൾ.
ഒരു പ്ളേറ്റിൽ നെയ്യിൽ വറുത്തെടുത്ത കശുവണ്ടി പരിപ്പ്. മറ്റൊന്നിൽ വറുത്ത ചെമ്മീൻ.
''വാ പ്രജീഷ്. ഇരിക്ക്."
കിടാവ് അയാളെ സ്വീകരിച്ചിരുത്തി.
സൂസന്റെ ചുണ്ടിൽ ബിയറിന്റെ പത പറ്റിയിരിക്കുന്നത് പ്രജീഷ് കണ്ടു. കണ്ണുകളിൽ ലാസ്യഭാവം.
കിടാവ് ഒരു പെഗ്ഗ് കോണ്യാക്ക് പകർന്ന് പ്രജീഷിനു നൽകി.
''അങ്ങനെ നമ്മുടെ പദ്ധതിയുടെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി രണ്ടാമത്തേത്. ഏറെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടത്."
സൂസൻ ഒന്നു ചിരിച്ചു.
(തുടരും)