എം.എൽ.എ ശ്രീനിവാസ കിടാവും പ്രജീഷും സൂസന്റെ മുഖത്തേക്കു തന്നെ കണ്ണുകൾ ഉറപ്പിച്ചു.
ചില്ല് ഗ്ളാസ് ഉയർത്തി അവൾ ഒരു കവിൾ ബിയർ കൂടി കുടിച്ചു. പിന്നെ സ്പൂൺ കൊണ്ട് ഒരു വറുത്ത ചെമ്മീൻ കോരി വായിലേക്കെറിഞ്ഞു ചവച്ചു:
''രണ്ടാം ഘട്ടം എന്നു പറയുന്നത് ഞാൻ പാഞ്ചാലിയുടെ സ്നേഹവും വിശ്വാസവും മുഴുവൻ പിടിച്ചുപറ്റുന്നതാണ്. അതു കഴിഞ്ഞാൽ നമ്മൾ പ്ളാൻ ചെയ്തിരിക്കുന്ന മൂന്നാം ഘട്ടം ക്ളൈമാക്സ്. പക്ഷേ..."
ഒന്നു നിർത്തിയിട്ട് സൂസൻ പ്രജീഷിനെ നോക്കി:
അയാൾ കാത് കൂർപ്പിച്ചു.
കിടാവിനെ കൂടി ഒന്നു നോക്കിയിട്ട് സൂസൻ തുടർന്നു:
''എന്നെ സംബന്ധിച്ചു പറഞ്ഞാൽ ഇതൊരു ബിസിനസ്സ് മാത്രമാണ്. കിടാവ് സാറ് പറഞ്ഞതുകൊണ്ടാണ് ഞാൻ ഇതിൽ ഇടപെട്ടതും. എന്നാൽ ഇനിയുള്ള കാര്യം സംസാരിച്ച് ഉറപ്പിക്കേണ്ടത് പ്രജീഷും ചന്ദ്രകലയുമായാണ്. കിടാവ് സാർ എന്തു പറയുന്നു?
കിടാവും ഗ്ളാസ് ഉയർത്തി ഒന്നു സിപ്പു ചെയ്തു:
''അക്കാര്യത്തിൽ ഞാൻ സൂസന് ഒപ്പമാണ്. എന്തു കാര്യത്തിനും ആദ്യം തന്നെ ഒരുടമ്പടി ഉണ്ടാക്കുന്നതാണു നല്ലത്."
പ്രജീഷ് തലയാട്ടി.
സൂസൻ ബിയർ കുപ്പി ചില്ല് ഗ്ളാസിന്റെ സൈഡിൽ മുട്ടിച്ചു. മെല്ലെ ചരിച്ചു. ഒട്ടും പത ഉയരാതെ ബിയർ, ഗ്ളാസിൽ ഒഴുകി നിറഞ്ഞു.
സൂസൻ, കിടാവിന്റെ നേർക്കു കൈ നീട്ടി.
''സിഗററ്റ്."
അയാൾ 'മാൽബറോ"യുടെ പായ്ക്കറ്റും ലൈറ്ററും അവൾക്കു നൽകി.
സൂസൻ കവറിൽ ഒന്നുതട്ടി. ഒരു സിഗററ്റ് പുറത്തേക്കു നീണ്ടു. അവൾ അത് ചുണ്ടുകൊണ്ട് എടുത്തിട്ട് തീ പിടിപ്പിച്ചു.
രണ്ടു കവിൾ പുക ഊതി. പിന്നെ പുകയ്ക്കൊപ്പം ബിയറും അകത്താക്കി.
''അപ്പോൾ പറയണം പ്രജീഷ്. എത്രയാണ് എനിക്കു തരുന്നത്? പാഞ്ചാലി മരിക്കുന്നതിന് മുൻപ് പണം എന്റെ കയ്യിൽ വന്നിരിക്കണം."
പ്രജീഷ് ചിന്തിച്ചു.
അഞ്ചോ പത്തോ കൊടുത്ത് ഒതുക്കാവുന്ന സൈസല്ല സൂസൻ. കനത്ത തുക തന്നെ നൽകേണ്ടിവരും.
''ഞാൻ ... ചന്ദ്രകലയുമായി സംസാരിച്ചശേഷം മറുപടി പറഞ്ഞാൽ പോരേ?"
അയാൾ തിരക്കി.
''ആൾ റൈറ്റ്. അതുമതി."
അവർ പിന്നെയും കുറച്ചുനേരം സംസാരിച്ചിരുന്നു. അപ്പോഴാണ് സൂസൻ ഓർമ്മപ്പെടുത്തിയത്:
''കിടാവ് സാറിനോട് ഒരു കാര്യം പറയാൻ മറന്നു. ഇവിടുത്തെ സി.ഐ ഉണ്ടല്ലോ: അലിയാർ. അയാൾക്ക് ഒരെല്ല് കൂടുതലാണ്. ഇപ്പഴേ ഒതുക്കിയില്ലെങ്കിൽ അത് പിന്നെ നമുക്ക് തലവേദനയാകും."
അവൾ, കോവിലകത്തു വച്ച് ഉണ്ടായ സംഭവം പറഞ്ഞുകേൾപ്പിച്ചു.
ശ്രീനിവാസ കിടാവ് കസേരയിൽ പിന്നോട്ടാഞ്ഞിരുന്നു.
''എന്റെയും കണ്ണിലെ കരടാണവൻ. പണമോ പെണ്ണോ കാഴ്ചവച്ചാൽ വഴങ്ങാത്തവൻ. ഇനിയിപ്പോൾ ഇലക്‌ഷന്റെ റിസൾട്ടു കൂടി പ്രഖ്യാപിക്കാതെ അവനെ ട്രാൻസ്‌ഫർ ചെയ്യാൻ പറ്റില്ല. നമ്മൾ എന്തു ചെയ്താലും അതിനാൽ നല്ല കരുതൽ വേണം. പിന്നെ ..."
കിടാവ് അണപ്പല്ല് ഒന്നമർത്തി:
''മറ്റൊന്നിനും കഴിഞ്ഞില്ലെങ്കിൽ നിലമ്പൂർ കാട്ടിലെ തേക്കുമരങ്ങൾക്ക് വളമായിത്തീരും അവൻ. അക്കാര്യത്തിൽ സൂസന് സംശയം വേണ്ടാ..."
അവൾക്കു സന്തോഷമായി.
ആ സമയത്ത് വടക്കേ കോവിലകത്ത് പാഞ്ചാലിയുടെ സെൽഫോൺ മേശപ്പുറത്തിരുന്നു വിറച്ചു.
അവൾ വേഗം അതെടുത്ത് നോക്കി.
സുധാമണി കാളിംഗ്....
ഒരു നിമിഷം ചിന്തിച്ചിട്ടാണ് അവൾ കാൾ അറ്റന്റു ചെയ്തത്.
''ഹലോ..."
''ഹലോ." അപ്പുറത്ത് വിവേകിന്റെ ശബ്ദം.
പാഞ്ചാലിക്ക് നെഞ്ചിടിപ്പേറി.
''എന്നോട് നീ പറഞ്ഞിട്ടല്ലേ ഞാൻ കരുളായിയിൽ പോയി നിന്റെ കൊച്ചച്ഛന്മാരെ കണ്ടതും വിവരം പറഞ്ഞതും? എന്നിട്ട് ഒടുവിൽ നീ കാലുമാറി. അല്ലേ?"
വിവേകിന്റെ ശബ്ദത്തിൽ നീരസം.
''വിവേക്.. ഞാനൊന്നു പറയട്ടെ.."
അവൾ പൂർത്തിയാക്കാൻ സമ്മതിച്ചില്ല അവൻ.
''വേണ്ടാ. ഒന്നും പറയണ്ടാ. എനിക്ക് കേൾക്കുകയും വേണ്ടാ." ഒപ്പം വിവേക് ഫോൺ കട്ടാക്കി.
പാഞ്ചാലിക്ക് സങ്കടം വന്നു.
അവൾ തിരിച്ചുവിളിച്ചു.
''എന്താ?" വിവേക് അനിഷ്ടത്തോടെ തിരക്കുന്നു.
''ഞാൻ ഇനി പറയുന്നത് കേൾക്കാൻ നീ തയ്യാറായില്ലെങ്കിൽ ഇനിയൊരിക്കലും നീ എന്റെ ശബ്ദം കേൾക്കില്ല. ജീവനോടെ എന്നെ കാണില്ല...." പാഞ്ചാലി തീർത്തു പറഞ്ഞു.
അപ്പുറത്ത് സ്തബ്ധത. ശേഷം ശബ്ദം?
''ങാ. നീ പറയ്."
''എനിക്ക് അപ്പോൾ അങ്ങനെ പറയാതെ കഴിയില്ലായിരുന്നു..."
അവൾ എല്ലാം തുറന്നറിയിച്ചു.
''അല്ലെങ്കിൽ പാവം സൂസൻ ആന്റി കൂടി കുടുങ്ങിയേനെ...."
വിവേക് തണുത്തു:
ഇക്കാര്യം ഞാനറിഞ്ഞില്ല...."
''വിവേക് ... ഞാനൊന്നു പറയട്ടേ..."
അവൾ ശങ്കിച്ചു.
''പറയൂ..."
''ഐ ലവ് യൂ വിവേക്... എനിക്ക് നിന്നെ വേണം..."
അത് കേട്ടുകൊണ്ട് പുറത്ത് ഒരാൾ ഉണ്ടായിരുന്നു.
(തുടരും)