ന്യൂഡൽഹി: ഇത്തവണ ബി.ജെ.പിയുടെ ഡൽഹി ഈസ്റ്റ് സീറ്റിലേക്കുള്ള 'ടോസ്' വീണിരിക്കുന്നത് ഗൗതം ഗംഭീറിന്. ഇനി ബി.ജെ.പി ടിക്കറ്റിൽ ഗംഭീറിന് 'തിരഞ്ഞെടുപ്പ് ക്രീസിൽ' ഇറങ്ങാം. ഗംഭീറിന്റെ രാഷ്ട്രീയ പ്രവേശനവും ബി.ജെ.പിയെ പിന്തുണച്ചുള്ള ട്വിറ്റർ യുദ്ധങ്ങളുമെല്ലാം അടുത്തിടെ ചർച്ചാ വിഷയമായിരുന്നു. ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ച മുൻ കാശ്‌മീർ മുഖ്യമന്ത്രിമാരായ ഒമർ അബ്‌ദുള്ളയ്ക്കും മെഹബൂബ മുഫ്‌തിയ്‌ക്കുമെതിരെ ഗംഭീർ ട്വിറ്ററിലൂടെ വാക്പോര് നടത്തിയിരുന്നു. ബി.ജെ.പിക്ക് ഏറ്റവും നിർണായകമായ മണ്ഡലമാണ് ഡൽഹി ഈസ്റ്റ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഗംഭീർ, കഴിഞ്ഞ മാസം ബി.ജെ.പിയിൽ അംഗത്വം എടുത്തത് മുതൽ സ്ഥാനാർത്ഥിക്കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. കോൺഗ്രസിന്റെ അരവിന്ദർ സിംഗ് ലൗലി, ആംആദ്മിയുടെ ആതിഷി മർലേന എന്നിവരാണ് ഗംഭീറിന്റെ എതിരാളികൾ. ഗംഭീറിന്റെ സ്ഥാനാർത്ഥിത്വത്തോടു കൂടി ശക്തമായ ത്രികോണ മത്സരമായിരിക്കും ഡൽഹി ഈസ്റ്റിൽ അരങ്ങേറാൻ പോകുന്നത്. ഡൽഹിയിൽ കോൺഗ്രസ് - ആംആദ്മി സഖ്യം ഇല്ലാത്ത അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് ബി.ജെ.പിയുടെ നീക്കം.
മഹേഷ് ഗിരിയ്ക്ക് പകരമാണ് ബി.ജെ.പി, ഇത്തവണ ഗംഭീറിനെ മത്സരരംഗത്തേക്ക് അയച്ചിരിക്കുന്നത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെ രാജ്മോഹൻ ഗാന്ധിയെ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഹേഷ് ഗിരി തോൽപ്പിച്ചത്.
58 ടെസ്റ്റുകളും 147 അന്താരാഷ്ട്ര ഏകദിനങ്ങളും കളിച്ച ഗംഭീർ, 2017ൽ ഇന്ത്യ ട്വന്റി -20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയപ്പോൾ ആ ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ആരാധകരെ നിരാശയിലാഴ്ത്തി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഗംഭീർ വിരമിച്ചത്. സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഗംഭീർ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. 37കാരനായ ഗംഭീറിന് രാജ്യം അടുത്തിടെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. കീർത്തി ആസാദ്, മുഹമ്മദ് അസറുദ്ദീൻ, നവ്ജ്യോത് സിംഗ് സിദ്ദു, മുഹമ്മദ് കൈഫ് തുടങ്ങിയവരാണ് ഗംഭീറിനു മുമ്പ് ക്രിക്കറ്റിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച മറ്റു പ്രമുഖർ.