politics

ബാലരാമപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഗ്രാമീണമേഖലയിൽ ഉച്ചയോടെ തന്നെ കനത്ത പോളിംഗ് രേഖപ്പെടുത്തി. കനത്ത ചൂട് അവഗണിച്ച് രാവിലെ തന്നെ പോളിംഗ് ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടു. പോളിംഗ് സ്റ്രേഷനുകളിൽ പൊലീസിന്റെ നിർദ്ദേശ പ്രകാരം ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിനിധികരിച്ച് ഒരു ഇൻ ഏജന്റിനെ മാത്രമേ അകത്ത് കടക്കാൻ അനുമതി നൽകിയിരുന്നുള്ളൂ. ഇതിനിടെ തേമ്പാമുട്ടത്തെ 76 നമ്പർ ബൂത്തിൽ ബി.ജെ.പി –സി.പി.എം പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടന്നു. പൊലീസ് നിർദ്ദേശം അവഗണിച്ച് പോളിംഗ് നടക്കുന്ന മുറിക്കുള്ളിലേക്ക് പാർട്ടിപ്രവർത്തകർ അടിക്കടി കടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റം. ഒടുവിൽ പൊലീസെത്തി പാർട്ടിപ്രവർത്തകരെ പോളിംഗ് സ്റ്റേഷനുകളിൽ നിന്നും പുറത്തേക്ക് മാറ്റി. ബാലരാമപുരം ഹയർസെക്കൻഡറി സ്കൂളിലെ പോളിംഗ് സ്റ്റേഷനിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം പോളിംഗ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷ സംവിധാനവും ഒരുക്കിയിരുന്നു.