v

തിരുവനന്തപുരം: വോട്ട് ചെയ്യുമ്പോൾ വേറെ സ്ഥാനാർത്ഥിക്കാണ് വോട്ട് വീഴുന്നതെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. തെറ്റായ ആരോപണമുന്നയിച്ച് വോട്ടെടുപ്പ് തടസപ്പെടുത്തിയതിന് പട്ടം പ്ളാമൂട് സ്വദേശിയും ബി.ടെക് വിദ്യാർത്ഥിയുമായ എബിൻബാബു (21) വിനെതിരെയാണ് കേസെടുത്തത്.

രാവിലെ 11 മണിയോടെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം നമ്പർ ബൂത്തിലാണ് എബിൻ വോട്ട് ചെയ്‌ത്.തന്റെ സ്ഥാനാർത്ഥിയുടെ വിവരങ്ങളും ചിഹ്നവുമല്ല വിവിപാറ്റിൽ തെളിഞ്ഞതെന്ന് എബിൻ പരാതിപ്പെട്ടു. അതോടെ ബൂത്തിൽ തർക്കമായി. പ്രിസൈഡിംഗ് ഒാഫീസർ വോട്ടെടുപ്പ് നിറുത്തിവച്ചു. എബിനിൽ നിന്ന് പരാതി എഴുതിവാങ്ങി. പിന്നീട് പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ ടെസ്റ്റ് വോട്ട് ചെയ്തപ്പോൾ വോട്ടിംഗ് യന്ത്രത്തിൽ തകരാർ കണ്ടില്ല. അതോടെ എബിനെ മാറ്റിനിറുത്തുകയും മെഡിക്കൽ കോളേജ് പൊലീസിൽ വിവരം അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോയ എബിനെതിരെ തിരഞ്ഞെടുപ്പ് ചട്ടം 177 അനുസരിച്ച് കേസെടുത്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പറഞ്ഞ എബിൻ പരാതിപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു.