bath-

ഒരു പ്രായമെത്തിയാൽ പിന്നെ ശരീരമാസകലം വേദനയാണ്. സന്ധി വേദന, കൈ വേദന, കാലു വേദന അങ്ങനെ വേദനകൾ പലവിധം. ഇതിനായി മരുന്നുകൾ പലതും പരീക്ഷിക്കുകയും ചെയ്യും. എന്നാൽ സന്ധിവേദനയ്ക്ക് വ്യത്യസ്തമായ ഒരു ചികിത്സയുണ്ട് അസർബൈജാനിലെ നഫ്റ്റലൻ എന്ന നഗരത്തിൽ. സന്ധിവേദന മാറണമെങ്കിൽ ക്രൂഡ് ഓയിലിൽ കുളിക്കണം! മറ്റ് മരുന്നുകളോ പഥ്യമോ ഒന്നും ഇതിനാവശ്യമില്ല. ക്രൂ‌ഡ് ഓയിൽ നിറച്ച തൊട്ടിയിൽ 10 മിനിറ്റ് നഗ്നമായി കിടക്കുക. ശരീരത്തിന്റെ ചൂടിനേക്കാൾ കുറച്ചു കൂടി ഉയർന്ന ഊഷ്മാവിലായിരിക്കും ക്രൂഡ് ഓയിലിന്റെ ചൂട്. ഇത് കഴിഞ്ഞാൽ എണ്ണ തുടച്ചുകളഞ്ഞ് പച്ച വെള്ളത്തിൽ ഒരു കുളി. അതോടെ സന്ധി വേദനയ്ക്ക് ഗുഡ് ബൈ പറയാം എന്നാണ് ഇവിടത്തുകാർ പറയുന്നത്. അസർബൈജാനിൽ ഇത് പുതുമയല്ല. ഇവിടത്തെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സയാണിത്. ഈ ചികിത്സയ്ക്കായി വിദേശങ്ങളിൽ നിന്നും ഇവിടേയ്ക്ക് ആൾക്കാർ എത്താറുണ്ട്. കിണർ കുഴിച്ച് നമ്മൾ വെള്ളം എടുക്കുന്നത് പോലെയാണ് ഇവിടത്തുകാർക്ക് ക്രൂഡ് ഓയിൽ. അതേസമയം, ഈ കുളി ഹാനികരമാണെന്നും കാൻസറിന് കാരണമായേയ്ക്കാമെന്നും ഡോക്ടർമാർ പറയുന്നുണ്ട്.