തിരുവനന്തപുരം: സമ്മതിദാന അവകാശത്തിന്റെ വില ശരിക്കും അറിയാമെന്ന് ബോദ്ധ്യപ്പെടുത്തും വിധമായിരുന്നു ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ പ്രകടനം. തുടക്കത്തിൽ തന്നെ ബൂത്തുകളിലേക്ക് കുത്തൊഴുക്ക്, വെയിൽ കടുത്തപ്പോൾ അല്പമൊരു മന്ദത, ഉച്ചകഴിഞ്ഞപ്പോൾ വീണ്ടും ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ. 69.54 ശതമാനം വോട്ടാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.
വർക്കലയിലെയും ചിറയിൻകീഴിലെയും തീരദേശത്തു തുടങ്ങി അരുവിക്കരയിലെയും വാമനപുരത്തെയും മലയോരമേഖലയിൽ ചെന്നെത്തുന്ന മണ്ഡലത്തിൽ ചില ബൂത്തുകളിൽ മെഷീൻ തകരാർ കാരണം വോട്ടിംഗ് വൈകിയതും ചുരുക്കം വാക്കുതർക്കങ്ങളുമാണ് കല്ലുകടിയായത്. തീരദേശത്തെയും മലയോരങ്ങളിലെയും സമ്മതിദായകരാണ് തുടക്കത്തിൽ ബൂത്തുകളിലെത്താൻ കൂടുതൽ ആവേശം കാട്ടിയത്.
യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർപ്രകാശ് അടൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ബൂത്തിൽ വോട്ടുരേഖപ്പെടുത്തിയ ശേഷമാണ് മണ്ഡലത്തിലെ ബൂത്ത് സന്ദർശനത്തിനെത്തിയത്. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ ബൂത്തിൽ വോട്ടുചെയ്ത ശേഷം കാട്ടാക്കട മണ്ഡലത്തിൽ നിന്നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. സമ്പത്തിന്റെ ബൂത്ത് സന്ദർശന തുടക്കം. നാവായിക്കുളത്ത് തിങ്കളാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിൽ രണ്ട് പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയില്ല. വടക്കാഞ്ചേരിയിലായിരുന്നു അവർക്ക് വോട്ട്.
ആറ്റിങ്ങൽ, വർക്കല അസംബ്ളി മണ്ഡലങ്ങളിലെ കുറച്ച് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ തകരാറിലായതുമൂലം ഒരു മണിക്കൂർ വരെ പോളിംഗ് തടസപ്പെട്ടു. എന്നാൽ നെടുമങ്ങാട്, കാട്ടാക്കട മണ്ഡലങ്ങളിൽ ഭൂരിപക്ഷം ബൂത്തുകളിലും തുടക്കം മുതൽ നീണ്ട ക്യൂവാണ് കാണപ്പെട്ടത്.
ആറ്റിങ്ങൽ അസംബ്ളി മണ്ഡലത്തിലെ അവനവഞ്ചേരി ഹൈസ്കൂളിലെ രണ്ട് ബൂത്തുകളിലും പരവൂർകോണം, ഇളമ്പ സ്കൂൾ ബൂത്തുകളിലും ആറ്രിങ്ങൽ ഗവൺമെന്റ് കോളേജിലെ ബൂത്തിലും ഒരു മണിക്കൂർ വൈകിയാണ് പോളിംഗ് തുടങ്ങിയത്. അയിലം ഹൈസ്കൂൾ ബൂത്തിൽ വോട്ടിംഗ് തുടങ്ങാൻ 15 മിനിട്ട് വൈകി. വർക്കല ടൗൺഹാൾ ബൂത്തിൽ മുക്കാൽ മണിക്കൂർ വൈകിയാണ് പോളിംഗ് തുടങ്ങിയത്. ശിവഗിരി ഹൈസ്കൂളിലെ ബൂത്തിൽ രാവിലെ എട്ട് മണിവരെ 55 പേർക്കാണ് വോട്ട് ചെയ്യാനായത്. തുടർന്ന് മെഷീൻ തകരാറിലായതോടെ പുതിയ മെഷീൻ എത്തിച്ച് 9 മണിക്കാണ് പോളിംഗ് തുടർന്നത്. കാപ്പിൽ ഹൈസ്കൂളിലെ പോളിംഗ് സ്റ്റേഷനിലും വെട്ടൂർ ഹൈസ്കൂളിലെ പോളിംഗ് സ്റ്റേഷനിലും എൽ.ഡി.എഫ് -യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.
നെടുമങ്ങാട് ഗവ. എൽ.പി സ്കൂളിൽ രാവിലെ 11 മണിയായപ്പോഴേക്കും 18 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. ഉത്തരംകോട് ഇരുവേലി സ്കൂളിലെ 203-ാം നമ്പർ ബൂത്തിൽ സ്ഥലസൗകര്യങ്ങളുടെ പരിമിതി മൂലം പോളിംഗ് തീരെ മന്ദഗതിയിലായതോടെ നിരവധി വോട്ടർമാർ വോട്ടുരേഖപ്പെടുത്താതെ മടങ്ങി. കാട്ടാക്കട കിള്ളി എം.പി.എം എൽ.പി സ്കൂളിലെ ബൂത്തുകളിൽ വൈകിട്ട് മൂന്നര മണിയോടെ 55 ശതമാനം വോട്ടുകളും രേഖപ്പെടുത്തി. ആറ്റിങ്ങൽ മണ്ഡലത്തിലെ തളിയിൽ ഗവ. എൽ.പി സ്കൂൾ ബൂത്തിൽ ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ 71.66 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.