trans

തിരുവനന്തപുരം: രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ തങ്ങൾക്കും പങ്കുണ്ടെന്നു തെളിയിച്ച് ചരിത്രത്തിലാദ്യമായി നൂറോളം ട്രാസ്ജെൻ‌ഡറുകൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യവോട്ട് രേഖപ്പെടുത്തി. ട്രാൻസ്ജെൻഡർ എന്നു രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുമായാണ് ഇന്നലെ ഇവർ വിവിധ മണ്ഡലങ്ങളിൽ വോട്ടു ചെയ്‌തത്. ഇക്കൂട്ടത്തിൽ സൂര്യ 2016- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്‌തിരുന്നെങ്കിലും അന്ന് സ്ത്രീ വോട്ടർ ആയിരുന്നു.

174 ട്രാൻസ്ജെൻഡർ വിഭാഗക്കാരാണ് വോട്ടർ പട്ടികയിലുണ്ടായിരുന്നതെങ്കിലും എത്രപേർ വോട്ടു ചെയ്‌തുവെന്ന കൃത്യമായ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. പട്ടികയിൽ പേരുള്ള 16 പേർ എൻ.ആർ.ഐ വോട്ടർമാരാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ളത്- 48 പേർ. രണ്ടാംസ്ഥാനം കോഴിക്കോടിന്- 34 പേർ.

തൃശൂർ -26, എറണാകുളം - 15, കൊല്ലം - 12, കോട്ടയം- 10, പാലക്കാട്ടും മലപ്പുറത്തും എട്ടു വീതം, കണ്ണൂർ - അഞ്ച്, ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും കാസർകോട്ടും രണ്ടു വീതം എന്നിങ്ങനെയാണ് മറ്റിടത്തെ അംഗസംഖ്യ. നിലവിൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരില്ലാത്ത ജില്ല വയനാടാണ്. പട്ടികയിൽ 35 പേർ യുവ വോട്ടർമാരാണ്. ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ മൂന്നുപേർ 70 നും 90 നും ഇടയ്‌ക്ക് പ്രായമുള്ളവർ.

മൂന്നാം ലിംഗക്കാരായ തങ്ങളെ സമൂഹം അംഗീകരിച്ചതിലുള്ള തെളിവാണ് താൻ രേഖപ്പെടുത്തിയ വോട്ടെന്ന് ട്രാൻസ്‌ജെൻഡർ സെൽ സംസ്ഥാന പ്രൊജക്‌ട് ഓഫീസർ ശ്യാമ എസ്. പ്രഭ പറഞ്ഞു.