atl23aa

ആ​റ്റിങ്ങൽ: ആ​റ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിലെ വിവിധ പോളിംഗ് ബൂത്തുകളിൽ രാവിലെ 7 മണിക്ക് മുൻപേ നല്ല ക്യൂ ഉണ്ടായിരുന്നു. എന്നാൽ വോട്ടിംഗ് യന്ത്രം പിണങ്ങിയത് പോളിംഗ് വൈകിച്ചു. വോട്ടു ചെയ്തശേഷം ജോലിക്ക് പോകാമെന്നു കരുതി വന്നവർ വലഞ്ഞു. ചിലർ വോട്ടു ചെയ്യാതെ എട്ടു മണിവരെ കാത്തു നിന്ന് മടങ്ങി. വരികൾ നീണ്ടുപോയത് പലയിടത്തും വാക്കേറ്റത്തിൽ കലാശിച്ചു.

ആ​റ്റിങ്ങൽ മണ്ഡലത്തിലെ 153-ാം നമ്പർ ബൂത്തായ ആ​റ്റിങ്ങൽ ഗവ. കോളേജിൽ രാവിലെ വോട്ടിംഗ് ബട്ടൺ പ്രശ്‌നത്തിലായതിനെത്തുടർന്ന് ഒരു മണിക്കൂറിലധികം വൈകി. യന്ത്രം മാ​റ്റി സ്ഥാപിച്ചശേഷമാണ് പോളിംഗ് ആരംഭിച്ചത്.

അവനവഞ്ചേരി പരവൂർക്കോണം ഗവ.എൽ.പി സ്‌കൂളിലെ 147-ാം നമ്പർ ബൂത്തിൽ വിവിപാറ്റ് യന്ത്രം ഒരു മണിക്കൂറോളം പിണങ്ങിയതിനാൽ ജീവനക്കാർ ഏറെ വലഞ്ഞു. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി പോളിംഗിന് തയ്യാറായ സമയത്താണ് വിവിപാറ്റ് പിണങ്ങിയത്. അവനവഞ്ചേരി ഗവ.എച്ച്.എസിലെ 144-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാറിലായി അരമണിക്കൂറോളം പോളിംഗ് വൈകി. ഇവിടെ അടുത്തടുത്ത് രണ്ട് ബുത്തുകളുണ്ടായിരുന്നു. 143-ാം നമ്പർ ബൂത്തിൽ സുഗമമായി പോളിംഗ് നടന്നപ്പോൾ തൊട്ടടുത്ത ബൂത്തിൽ പോളിംഗ് തടസപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. ഒരുമിച്ചുവന്ന നാട്ടുകാർക്ക് ഒരുമിച്ച് പോകാനാവാത്തതിനാൽ പോളിംഗ് മുടങ്ങിയ സ്ഥലത്തു നിന്ന് പലരും വോട്ടു ചെയ്യാതെ മടങ്ങി. ഇത് രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റത്തിനിടയാക്കി. ചെമ്പൂർ ഗവ. എൽ.പി.എസിലെ നാലു ബൂത്തിലെ 101-ാം നമ്പർ ബൂത്തിൽ ഒരു മണിക്കൂറും 98-ാം നമ്പർ ബൂത്തിൽ അരമണിക്കൂറും പോളിംഗ് വൈകി. ആലംകോട് ഗവ.എൽ.പി സ്‌കൂളിൽ മെഷീൻ തകരാർ മൂലം ഒരു മണിക്കൂറോളം പോളിംഗ് മുടങ്ങി. കൊടുവഴന്നൂർ ഗവ.എച്ച്.എസ്.എസിലെ 132-ാം നമ്പർ ബൂത്തിൽ അരമണിക്കൂർ വൈകി. ചിറയിൻകീഴ് പാലവിള സ്കൂളിലെ പോളിംഗ് യന്ത്രത്തകരാർ കാരണം അരമണിക്കൂറിലധികം വൈകി.

കോരാണി അംബേദ്കർ മെമ്മോറിയൽ സ്‌കൂളിലെ ബൂത്തുകൾക്കുള്ളിൽ പാർട്ടി പ്രവർത്തകർ കയറി വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചത് വാക്കേ​റ്റത്തിനിടയാക്കി. പൊലീസിടപെട്ട് വോട്ടുചെയ്തവരെയെല്ലാം ബൂത്തിനുള്ളിൽ നിന്ന് പുറത്താക്കി.

രാവിലെ 11.30 വരെ നല്ല ക്യൂവാണ് പൊതുവേ ആറ്റിങ്ങൽ,​ ചിറയിൻകീഴ് നിയമസഭാ മണ്ഡലങ്ങളിൽ ഉണ്ടായത്. അതിനു ശേഷം ക്യൂ കുറഞ്ഞെങ്കിലും വൈകിട്ട് 3 മണിയോടെ വീണ്ടും ക്യൂ നീളുകയായിരുന്നു. ആറ്റിങ്ങൽ ഗവ. കോളേജിലെ പോളിംഗ് ബൂത്തുകളിൽ രാവിലെ മുതൽ ക്യൂ ഒരേ രീതിയിലായിരുന്നു. മൂന്നു മണിക്കൂറിലധികം ക്യൂനിന്നാണ് വോട്ടു രേഖപ്പെടുത്താനായത്. ഈ ബൂത്തിനു സമീപത്താണ് പോളിംഗ് യന്ത്രങ്ങൾ വിതരണം ചെയ്ത കേന്ദ്രം സ്ഥിതിചെയ്യുന്നത്. അവിടെ കരുതൽ ഉദ്യോഗസ്ഥരും മറ്റുമായി 200 ഓളം പേരുണ്ട്. ഇവർ രാവിലെ സംഘമായി വോട്ടു ചെയ്യാനെത്തിയെങ്കിലും നീണ്ട ക്യൂ ആയതിനാൽ ഉച്ചയ്ക്കു ശേഷം എത്താൻ പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. അവർ ഉച്ചയ്ക്ക് 2 മണിയോടെ വീണ്ടും എത്തിയതാണ് ഇവിടെ വലിയ തിരക്കിന് കാരണമായത്.

പോളിംഗ് ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കു നയമാണ് പല ബൂത്തുകളിലും ക്യൂ നീളാൻ കാരണമെന്നാണ് പരാതി. ഓരോ വോട്ടു രേഖപ്പെടുത്തുന്നതിനും മുൻപത്തെക്കാൾ സമയം വേണ്ടിവരുന്നതാണ് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. വിവിപാറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്ന ശേഷമേ മറ്റൊരാൾക്ക് വോട്ടു രേഖപ്പെടുത്താനായുള്ളു.