തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ ഇന്നലെ പുലർച്ചെ ഗുളിക കഴിച്ച് അവശനിലയിൽ യുവതിയെ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശിയായ ഗംഗാദേവിയെയാണ് (30) ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ റെയിൽവേ സ്റ്റേഷന്റെ മുൻവശത്ത് അബോധാവസ്ഥയിൽ കണ്ടത്. ആട്ടോക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ കൈവശമുള്ള ബാഗുകൾ പരിശോധിച്ച പൊലീസ് കരുനാഗപ്പള്ളി സ്വദേശിയാണെന്ന് സ്ഥിരീകരിച്ച് വിവരം കരുനാഗപ്പള്ളി പൊലീസിനെ അറിയിച്ചിട്ടുണ്ട്. പുലർച്ചെ ഒരു ആട്ടോറിക്ഷയിൽ ഇവർ റെയിൽവേ സ്റ്രേഷനിൽ വന്നിറങ്ങുന്നതായി സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഈ മാസം അഞ്ചിന് നാട്ടിൽ നിന്ന് യു.എ.ഇയിലേക്ക് പോയ ഇവർ കഴിഞ്ഞദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയതായി പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യുവതി ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വിഷം ഉള്ളിൽ ചെന്ന ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ഏതോ ഗുളിക അമിതമായി കഴിച്ചതായി ഡോക്ടർമാർ അറിയിച്ചു. അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.
നെടുമ്പാശേരിയിൽ ഇറങ്ങിയ യുവതി തലസ്ഥാനത്ത് എങ്ങനെ എത്തിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
തന്നെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നും വീട്ടിൽ നിന്നിറക്കിവിട്ടുവെന്നും അബോധാവസ്ഥയിൽ ഇവർ പറയുന്നുണ്ട്. കരുനാഗപ്പള്ളിയിൽ നിന്ന് ബന്ധുക്കളെത്തിയശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.