amboori

തിരുവനന്തപുരം: രാജ്യത്തിന്റെ നായകനെ തിരഞ്ഞെടുക്കാൻ കാടിറങ്ങി, വള്ളമൂന്നി കാടിന്റെ മക്കളെത്തി. അമ്പൂരി നെയ്യാർ കാടുകളിലെ പതിനൊന്ന് ആദിവാസി സെറ്റിൽമെന്റുകളിലെ 1200 ആദിവാസികൾ നിബിഡവനത്തിലൂടെ പത്തു കിലോമീറ്ററോളം നടന്ന്, രണ്ടു കടവുകൾ കടന്നാണ് അമ്പൂരി സെന്റ് മേരീസ് സ്‌കൂളിൽ വോട്ടു രേഖപ്പെടുത്താനെത്തിയത്.

നൂറു വയസുകാരി വള്ളിയമ്മയും എൺപത്തിയഞ്ചുകാരി ലക്ഷ്‌മിക്കുട്ടിയുമൊക്കെ ഉണ്ടായിരുന്നു കൂട്ടത്തിൽ. മക്കളും ചെറുമക്കളുമായി കടത്തുവള്ളത്തിലെ ആ വോട്ടുയാത്രയായിരുന്നു ജനാധിപത്യത്തിന്റെ ഉത്സവത്തിലെ അതിമനോഹരമായ കാഴ്ച.

ചാക്കപ്പാറ, കാരിക്കുഴി, കൈപ്പപ്ലാവിള, അയ്യാവിളാകം, കുന്നത്തുമല, കള്ള്കാട്, തെന്മല, കണ്ണമ്മാമൂട്, തൊടുമല, പൊരയിമല, കൊമ്പയിൽ എന്നിങ്ങനെ പതിനൊന്ന് സെറ്റിൽമെന്റുകളിലെ 1300 വോട്ടർമാരാണ് നെയ്യാർ വനത്തിനുള്ളിൽ. ഇതിൽ 1200 പേരും ആദിവാസികളാണ്. 510 ആദിവാസി കുടുംബങ്ങളുണ്ട്. ആനയും കാട്ടുപോത്തുമിറങ്ങുന്ന ഊരുകളിൽ പ്രാണഭയത്തോടെയാണ് ജീവിതം. രാത്രിയിൽ ആനയിറങ്ങി കൃഷിനശിപ്പിക്കും. കുടിലുകളിൽ കിടന്നുറങ്ങാനാവാത്ത വിധം കുരങ്ങുശല്യം. വനവിഭവങ്ങൾ ശേഖരിക്കലും കൃഷിയുമാണ് ജീവനോപാധി. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും അമ്പൂരിയിൽ നിന്ന് വള്ളത്തിലെത്തിക്കണം. നാടുമായി ബന്ധിപ്പിക്കുന്ന രണ്ട് കടവുകൾ, മൂന്ന് വള്ളങ്ങൾ- ഇതാണ് നെയ്യാർ വനത്തിലെ ആദിവാസികളുടെ ജീവിതം.

സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിലും ജീവിതത്തിൽ തളർന്നു പോയവരല്ല ഇവർ. ആനയിറങ്ങുന്ന ഊരുകളിൽ റാന്തൽ വെട്ടത്തിൽ പഠിച്ച് രണ്ടുപേർ ഡോക്‌ടർമാരായി. ഒരാൾ ഫിസിയോതെറാപ്പിസ്റ്റ്. ഒരാൾ എൻജിനിയറിംഗ് അവസാനവർഷം. ഒരാൾ സിവിൽസർവീസ് പരിശീലനത്തിൽ. നിരവധി പേർ സർക്കാർ ഉദ്യോഗസ്ഥരായി. സെക്രട്ടേറിയറ്റിൽ ജോലിയുള്ളവരും താമസിക്കുന്നത് ഇവിടത്തെ സെറ്റിൽമെന്റുകളിൽ തന്നെ. രണ്ട് പ്രൈമറി സ്‌കൂളുകളുണ്ട് വനത്തിൽ.

തിരഞ്ഞെടുപ്പു കാലത്ത് കടവും കാടും കടന്ന് സ്ഥാനാർത്ഥികളും പാർട്ടിക്കാരുമെത്തും. എല്ലാവർക്കും വേണ്ടത് ഒന്നു മാത്രം, കൂട്ടത്തോടെ വന്ന് വോട്ടുചെയ്യണം. എന്നാൽ സെറ്റിൽമെന്റിൽ ഒരു പോളിംഗ് ബൂത്ത് അനുവദിപ്പിക്കാൻ ആർക്കും വയ്യ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പുരവിമല ഗവ. ട്രൈബൽ എൽ.പി സ്‌കൂളിൽ ബൂത്തുണ്ടായിരുന്നുള്ളൂ. അന്ന് 98 ശതമാനമായിരുന്നു പോളിംഗ്. കിടപ്പിലായവർക്ക് രണ്ടു വള്ളം കയറി വോട്ടു ചെയ്യാനെത്താനാവില്ല. ജില്ലാ കളക്‌ടറെ കണ്ട് പലവട്ടം ആവശ്യപ്പെട്ടു. എന്നിട്ടും ബൂത്ത് അനുവദിച്ചില്ലെന്ന് വാർഡ് പ്രതിനിധി ഷിബു പറഞ്ഞു. കാരിക്കുഴിയിലും കൊമ്പയിലുമുള്ള രണ്ടു കടത്തുകൾ കടന്ന്, ബൂത്തിൽ രണ്ടു മണിക്കൂറിലധികം ക്യൂ നിന്ന് അവർ വോട്ടുചെയ്‌ത് മടങ്ങി.