തിരുവനന്തപുരം: പതിവുപോലെ ആട്ടോറിക്ഷയിലാണ് കുറ്റിച്ചൽ ഉത്തരംകോട് ഇരുവേലി സ്കൂളിലെ ബൂത്തിൽ വോട്ടു ചെയ്യാൻ കമലാക്ഷിയും തങ്കമ്മയും ബായിയും എത്തിയത്. കൂട്ടത്തിൽ സീനിയറായ 82 കാരി കമലാക്ഷി വടിയും കുത്തിപ്പിടിച്ച് മുന്നിൽ നടന്നു. വൻ ക്യൂവാണ് ബൂത്തിൽ. സീനിയർ സിറ്റിസണിന് ക്യൂ നിൽക്കേണ്ടെന്നൊക്കെ കമലാക്ഷിക്കറിയാം. വോട്ടു ചെയ്തു പുറത്തിറങ്ങി.

ആട്ടോയിൽ കയറുമ്പോഴും കമലാക്ഷിയുടെ മുഖത്തൊരു കലിപ്പ്. കാര്യം തിരക്കിയപ്പോൾ മറുപടി ''നമ്മളൊക്കെ വോട്ടു ചെയ്യാൻ എന്തൊക്കെ പ്രയാസങ്ങളാണ് അനുഭവിക്കുന്നതെന്ന് മന്ത്രിമാരൊക്കെ കാണട്ടെ."

അതെന്താ അവര് കാണണമെന്നു പറയുന്നത്? ''എന്നെപ്പോലെയുള്ളവർ നടക്കാൻ വയ്യാഞ്ഞിട്ടും വണ്ടിയും പിടിച്ച് ഊന്നുവടിയുമായി പാടുപെട്ടാണ് വോട്ടു ചെയ്യാനെത്തുന്നത്. വോട്ടുനേടി ഭരിക്കുന്നവർ എങ്ങനെയാ ജയിച്ചതെന്ന് ഓർക്കാറുണ്ടോ?'' അപ്പോഴതാണ് കാര്യം. ഈ അമ്മമാരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ നേരത്തെ വോട്ടു നേടി ജയിച്ചുപോയവർക്കായിട്ടില്ല. ഇത്തവണ ആ പ്രതീക്ഷ പോലും ഇല്ലാതെ ജനാധിപത്യ മാര്യാദ പാലിച്ചാണ് വോട്ടു ചെയ്യാനെത്തിയത്. മറ്റ് രണ്ടു പേരും കമലാക്ഷിയുടെ ബന്ധുക്കളാണ്. വിരലുകൾ ചേർത്തു വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പറഞ്ഞപ്പോഴാണ് മൂവരുടെയും മുഖത്ത് ചിരി വന്നത്.