കല്ലമ്പലം: കോട്ടറക്കോണത്ത് പ്രവർത്തിക്കുന്ന അംഗൻവാടിക്ക് കുടിവെള്ളമില്ലാത്തതിനാൽ പ്രവർത്തനം നിലച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ കോട്ടറക്കോണത്ത് പ്രവർത്തിക്കുന്ന 76-ാം നമ്പർ അംഗൻവാടിക്കാണ് കുടിവെള്ളമില്ലാതെയായത്. കുട്ടികൾക്ക് കുടിക്കാനുള്ള വെള്ളത്തിനായി ജീവനക്കാർ നെട്ടോട്ടമോടുന്ന വാർത്ത മൂന്ന് മാസം മുൻപ് കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത വന്നതിനെ തുടർന്ന് അംഗൻവാടിയിൽ കിണർ കുഴിക്കുകയോ, കുഴൽ കിണർ നിർമ്മിക്കുകയോ ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതർ അന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും കിണർ കുഴിച്ചിട്ടില്ല. വേനൽ കടുത്തു കുടിവെള്ളക്ഷാമം രൂക്ഷമായതോടെയാണ് ജീവനക്കാർ അംഗൻവാടി പൂട്ടിയത്.
2018 – 2019 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 20 അംഗൻവാടികളുടെ അറ്റകുറ്റപ്പണികളും ഭൗതിക സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് 22 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും, കോട്ടറക്കോണം അംഗൻവാടിയും ഇതിലുൾപ്പെടുത്തി ഇവിടെ ഉടൻ കിണർ നിർമ്മിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി ഉറപ്പ് നൽകിയെങ്കിലും പാലിക്കുകയുണ്ടായില്ല.
പതിനഞ്ചോളം കുട്ടികളും, വർക്കറും, ഹെൽപ്പറും കുടിക്കുന്നതിനും, പാചകം ചെയ്യുന്നതിനും, മറ്റു പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളം അയൽപക്കത്തുള്ള വീടുകളിൽ നിന്നുമാണ് ശേഖരിച്ചിരുന്നത്. ഓരോ കുടം വെള്ളം ഓരോ വീട്ടിൽ നിന്നും എടുക്കും. വേനൽ കടുത്തതോടെ കിണറുകളിലെ വെള്ളം വറ്റിയതുമൂലം ആരും വെള്ളം കൊടുക്കാതായി. തുടർന്നാണ് അംഗൻവാടി പൂട്ടിയത്.