വെള്ളറട: ഇക്കാലത്ത് പലരും വോട്ടിടാൻ മടിക്കുമ്പോൾ കിലോമീറ്ററുകൾ താണ്ട് വോട്ടവകാശം രേഖപ്പെടുത്താനെത്തിയ ആദിവാസികൾക്ക് തിരിച്ച് ഊരിലെത്താൻ കടമ്പകളേറെ ആയിരുന്നു.
ഊരിലേയ്ക്കുള്ള കടത്തുവള്ളത്തിനായി മണിക്കൂറുകളാണ് ഇവർക്ക് കാത്തിരിക്കേണ്ടി വന്നത്.
അമ്പൂരി മായത്തുള്ള ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നെയ്യാർ റിസർവോയറിലെ 11 സെറ്റിൽമെന്റുകളിലായി താമസിക്കുന്ന ആദിവാസികൾക്കാണ് വോട്ട് ചെയ്തശേഷം സ്വന്തം ഉൗരിലേക്ക് പോകാൻ പുരുവിമല കടത്തിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നത്. ഊരിൽ നിന്നും പലരും രാവിലെ തന്നെ മായത്തെ പോളിംഗ് ബൂത്തിലെത്തിയിരുന്നു. കടത്ത് കടന്നാണ് അവർ വോട്ട് രേഖപ്പെടുത്താനെത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം വീണ്ടും കടത്തിനായുള്ള കാത്തിരിപ്പ് പ്രതിഷേധത്തിന് ഇടയാക്കി. വർഷങ്ങളായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച കുമ്പിച്ചൽ കടവിലെ പാലം അനുവദിച്ച് കിട്ടിയിരുന്നെങ്കിൽ നീണ്ട കാത്തിരിപ്പിന് വിരാമ മാകുമായിരുന്നുവെന്ന് ആദിവാസികൾ പറഞ്ഞു. രാവിലെ എത്തിയാൽ പോലും വോട്ട് രേഖപ്പെടുത്തി തിരികെ ഉൗരുകളിലെത്തുമ്പോൾ രാത്രിയാകുന്ന അവസ്ഥയാണുള്ളത്. കൊമ്പയിൽ നിന്നും വോട്ട് ചെയ്യാനെത്തിയാൽ രണ്ടു കടത്ത് കടന്ന് വന്യമൃഗങ്ങളെ പേടിച്ചാണ് പോകേണ്ടതെന്നും ,ഇതൊക്കെ സഹിച്ച് വോട്ടിടാനെത്തിയാലും വിജയിച്ചുകഴിയുമ്പോൾ അവർ നമ്മളെ മറക്കുന്നതാണ് മുൻകാല അനുഭവമെന്നും ആദിവാസികൾ പറഞ്ഞു.